Monday, May 4, 2020

പെണ്ണ് കാണൽ അപാരത

എല്ലാരും എഴുതും പോലെ കഥ പറച്ചിൽ ശൈലിയിൽ എത്ര ശ്രമിച്ചിട്ടും എഴുത്ത് വരുന്നില്ല. . തെറ്റുകൾ കുറവുകൾ സദയം ക്ഷമിക്കുക 

ഒരു പെണ്ണ് കാണൽ ചടങ്ങ്   ആദ്യമായി കാണുന്നത്  ഞാൻ 10-ാം തരത്തിൽ പഠിക്കുമ്പോൾ ചേച്ചിയെ കാണാനായി നാലഞ്ച് , പേർ വീട്ടിൽ വരുമ്പോഴാണ് . പണ്ടൊക്കെ നാട്ടിൻപുറങ്ങളിൽ പെമ്പിള്ളേർ  പത്ത് കഴിഞ്ഞാൽ ടൈപ്പ് റൈറ്റിംഗിനോ , തയ്യൽ പഠിക്കാനോ ഒക്കെ പോകാറുണ്ട്.    ചേച്ചി അന്ന് തയ്യൽ പഠിക്കാൻ പോകുന്നുണ്ടായിരുന്നു. ഒത്തിരി വിവാഹാലോചനകൾ വരുന്ന സമയമായിരുന്നു. അങ്ങനെയിരിക്കെയാണ് ആദ്യത്തെ  പെണ്ണ് കാണൽ ചടങ്ങിന്   സാക്ഷിയാകാനുള്ള ഭാഗ്യം ഈയുള്ളവർക്കും കിട്ടുന്നത്.   അന്നത്തെ കാലത്ത് പെണ്ണ് കാണലൊക്കെ വലിയ സംഭവമാണല്ലോ. പ്രത്യേകിച്ച് നാട്ടിൻപുറങ്ങളിൽ . എല്ലാവരുടെ മുമ്പിലും ചായയുമായി ചെന്ന് നിൽക്കണ്ട എന്ന് കരുതി കുടുംബക്കാർ എല്ലാരും കൂടി ചെക്കൻ്റേയും , പെണ്ണിൻ്റേയും  ജാതകമൊക്കെ നോക്കിയ ശേഷമാണ്  പെണ്ണിനെ കാണാനായി വരുന്നത് . ചേട്ടൻ രണ്ടു മൂന്നു തവണ ചേച്ചിയെ കാണാനായി വന്നിരുന്നെന്ന് തോന്നുന്നു. ഹാഫ് സാരി ഉടുത്താണ്  ചേച്ചി ചായയുമായി ചെക്കന്റെ മുന്നിൽ ചെന്നത് എന്നാണോർമ്മ .അന്ന് ഇന്നത്തെ പോലെ ചുരിദാർ വലിയ പ്രാബല്യത്തിൽ വന്നിട്ടില്ല. ഉണ്ടെങ്കിൽ തന്നെയും അതൊന്നും വാങ്ങാനുള്ള ത്രാണി ഞങ്ങൾക്കുണ്ടായിരുന്നില്ല .  ചേച്ചി ചായയുമായി മന്ദം മന്ദം ചേട്ടൻ്റെ മുന്നിലേയ്ക്ക് . വരാന്തയിൽ കിടന്ന ടീപ്പോയിൽ ചായ വച്ച ശേഷം പെട്ടന്നവൾ  സ്ഥലം കാലിയാക്കി . ഞങ്ങളൊക്കെ അന്ന്  ചേച്ചി ചായയുമായി ചെല്ലുന്ന രംഗങ്ങൾ അവതരിപ്പിച്ച്  അവളെ   കളിയാക്കുമായിരുന്നു  

അതെന്താ ചേച്ചിയുടെ പെണ്ണ് കാണലിൽ നിന്ന് അനിയത്തിയുടെ പെണ്ണ് കാണലിലേയ്ക്ക് പെട്ടെന്നൊരു ചാട്ടം എന്ന് വിചാരിക്കുന്നുണ്ടാകും അല്ലേ. അത് പിന്നെ ഗുരുത്വ ദോഷം വേണ്ടെന്ന് കരുതിയാ 😊

പിന്നെ ഉള്ളത് സ്വന്തം കാര്യത്തിൽ നടന്ന പെണ്ണ് കാണലാണ്. ശരിയ്ക്കും ഞാനത് മറന്നിരിക്കയായിരുന്നു. പെണ്ണ്കാണൽ എന്ന വിഷയം എടുത്തിട്ട് സുധിയും, ദിവ്യയുമാണ് അതോർമ്മിപ്പിച്ചത് . 
1998 ലാണ് സംഭവം .  ചെക്കൻ കാർ ഡ്രൈവറായിരുന്നു.  പെണ്ണ് കാണാൻ വീട്ടിൽ വന്ന ആദ്യ ദിവസം നാരങ്ങാ വെള്ളം കൊടുത്താണ് സ്വീകരിച്ചത്  . നാരങ്ങാ വെള്ളം കൊടുത്താൽ വിവാഹം നടക്കില്ലെന്നൊരു അന്ധ വിശ്വാസം പരക്കെ ഉണ്ടായിരുന്നതിനാല്‍ പലരും  അന്ന് തന്നെ ഈ  വിവാഹം നടക്കില്ലെന്ന അടക്കം പറഞ്ഞു . പക്ഷേ ഞങ്ങൾക്കതറിയില്ലായിരുന്നു .രണ്ട് വട്ടം കൂടി അയ്യാൾ എന്നെ കാണാൻ   വന്നു. സത്യം പറയാല്ലോ 3 വട്ടം കാണാൻ വന്നിട്ടും അയ്യാളുടെ മുഖം ശരിയ്ക്ക് ഞാൻ കണ്ടിട്ടില്ല. അന്ന് ഞാൻ പ്രീ - ഡിഗ്രിയ്ക്ക് പഠിക്കയാണ്.

 അന്നൊരു തിങ്കളാഴ്ചയായിരുന്നു. തിങ്കളാഴ്ച നൊയമ്പ് എടുക്കുന്ന ശീലമുണ്ടായിരുന്നു. അടുത്തുള്ള ശിവക്ഷേത്രത്തിൽ ഞാനും , വീടിനടുത്തുള്ള കുട്ടിയും കൂടി പോയിട്ട് വരുമ്പോഴാണ് സംഭവം. ക്ഷേത്രത്തിൽ പോയിട്ട് പെട്ടെന്ന് ഞങ്ങൾ ഓടുകയായിരുന്നു. വന്നിട്ട് വേണം കോളേജിൽ പോകാൻ . അമ്പലത്തിൽ നിന്ന് തിരികെ വരുമ്പോൾ ഓട്ടോയിൽ വഴിയരികിൽ കൂട്ടുകാരനുമായി  നിൽക്കുകയായിരുന്നു ചെറുക്കൻ. എന്നെ കണ്ടപ്പോൾ അയ്യാൾ ഓട്ടോയിൽ നിന്നിറങ്ങി . എനിയ്ക്ക് അന്ന് നടക്കുമ്പോള്‍ ഇടത് കാലിനൊരു ചെറിയൊരു മുടന്തുണ്ടായിരുന്നു. ഞാൻ നടക്കുന്നതിൽ എന്തെങ്കിലും പാകപ്പിഴ ഉണ്ടോ എന്ന് നോക്കാനാവും പുള്ളി എന്നെ തന്നെ ശ്രദ്ധിച്ചത്. പക്ഷേ എനിയ്ക്ക് ചെക്കൻ്റെ മുഖം അത്ര പരിചയമില്ലാത്തത് കൊണ്ട്  പെട്ടെന്ന് കൂടെയുള്ള പെൺകുട്ടിയെ പിടിച്ച് മറുവശത്താക്കിയിട്ട് തിരിഞ്ഞു നിന്ന് കുറെ വഴക്കു പറഞ്ഞു . വീട്ടിലെത്തിയപ്പോഴാണ് ചെക്കനും , കൂട്ടുകാരനും കൂടി വഴിയിൽ നിൽക്കുന്നതും , ഞാൻ തിരിഞ്ഞ് നിന്ന് വഴക്ക് പറഞ്ഞത് ചെറുക്കനെ ആയിരുന്നു എന്നറിയുന്നതും . ആകെ ചമ്മി നാറി എന്ന് പറഞ്ഞാൽ മതിയല്ലോ  

    വീട്ടിലേയ്ക്കുള്ള വഴിയിൽ പ്രവേശിക്കുമ്പോൾ തന്നെ അറിഞ്ഞു ചെറുക്കന്റെ അളിയന്മാരും  പെങ്ങൾമാരും കൂടി കാണാനായി വന്നിരിക്കുന്നു എന്ന് . പെട്ടെന്ന്   വീട്ടിലേയ്ക്ക് ഓടി . അന്നത്തെ കോളേജിൽ പോക്ക് നടന്നില്ല. പിറ്റേന്ന് കോളേജിൽ ചെന്നപ്പോൾ കൂടെയുള്ള രണ്ട് ,മൂന്ന് പേർ ഈ വഴിയരികിൽ നടന്ന സംഭവം പറഞ്ഞ് കളിയാക്കി.  ഞങ്ങൾ നാലഞ്ച് പേരാണ് അന്ന് കൂട്ട് . എൻ്റെ ഒപ്പം ഉണ്ടായിരുന്ന ആ കൊച്ച് കോളേജിൽ ചെന്ന് അവരോടൊക്കെ പറഞ്ഞു . പോരെ പൂരം. 

അങ്ങനെ ഞാൻ വീട്ടിലെത്തി.  ചെറുക്കന്റെ വീട്ടുകാർക്കൊക്കെ  എന്നെ ഇഷ്ടപ്പെട്ടു . അദ്ദേഹത്തിന്റെ ചേട്ടനും ചെറിയൊരു വൈകല്യം ഉണ്ടായിരുന്നു . ചിലപ്പോൾ അതൊക്കെ കൊണ്ടാകും അവര്‍ക്കെന്നെ ഇഷ്ടപ്പെട്ടത്. എന്തായാലും ആ കല്ല്യാണം  നടന്നില്ല .. നാരങ്ങാവെള്ളം കൊടുത്തത് കൊണ്ടല്ല കേട്ടോ . സ്ത്രീധനം നിലനിൽക്കുന്ന കാലമായിരുന്നു അന്ന്.  ചേച്ചിയുടെ വിവാഹം കഴിഞ്ഞു രണ്ടു വർഷമെ ആയിരുന്നുള്ളൂ . അത് കൊണ്ട് തന്നെ  അവർ ചോദിച്ച ധനം കൊടുക്കാൻ ഞങ്ങൾക്ക് കഴിയുമായിരുന്നില്ല. അവർ ആവശ്യപ്പെട്ടതിന് പകുതി കൊടുക്കാമെന്നു  അമ്മ പറഞ്ഞെങ്കിലും എന്തോ അമ്മയെ കൂടുതൽ ബുദ്ധിമുട്ടിക്കാൻ എനിയ്ക്ക് തോന്നിയില്ല. അന്ന് അമ്മ മണ്ണ് ചുമക്കാനും , ചാണകം കോരാനും ഒക്കെ  പോകുന്ന സമയമാണ്.  കടം വാങ്ങിയും , ബന്ധുക്കൾ സഹായിച്ചും , ചിട്ടി പിടിച്ചുമൊക്കെയാണ് ചേച്ചിയുടെ വിവാഹം നടത്തിയത് . ആ ബാദ്ധ്യത തീരും മുന്നേ  അടുത്തൊരു കടം കൂടി വരുത്തി വയ്ക്കണ്ട എന്ന് കരുതി. അമ്മയുടെ പ്രയാസം  മറ്റാരെക്കാളും എനിക്കറിയാമായിരുന്നു.  അത് കൊണ്ട് തന്നെ  സ്ത്രീധനം ചോദിച്ച കല്ല്യാണം വേണ്ടെന്ന് പറയാൻ അന്ന് എനിയ്ക്ക് എവിടെ നിന്നാണ് ധൈര്യം കിട്ടിയതെന്ന് അറിയില്ല. ഇന്നതാലോചിക്കുമ്പോൾ അത്ഭുതം തോന്നുന്നു. 
  
അങ്ങനെ ജീവിതം മുന്നോട്ട് പോകുന്നതിനിടയിലാണ്  2000-ത്തിൽ പെട്ടെന്ന് കാലുകൾ തളർന്നു വീൽചെയറിലാകുന്നത്  പിന്നീടങ്ങോട്ടുള്ള ജീവിതം. 
ചക്രകസേരയിലായ ശേഷം  കൂട്ടുകാരില്‍ രണ്ടു പേർ   വിവാഹം കഴിക്കാൻ  ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. രണ്ട് പേരും പക്ഷെ എന്റെ ആത്മ സുഹൃത്തുക്കളായിരുന്നു.. അതിലുമപ്പുറം എനിക്കവർ സഹോദരങ്ങളെ പോലെ ആയിരുന്നു . അന്ന് മൊബൈൽ ഫോണില്ല, ഇൻ്റർനെറ്റില്ല .  ആകെയുള്ളത് ലാന്റ് ഫോണാണ് .എന്നോട് പറഞ്ഞാൽ ഞാൻ എങ്ങനെ പ്രതികരിക്കുമെന്നോർത്ത് ഒരാൾ പറഞ്ഞില്ല . രണ്ടാമത്തെയാള്‍ മുഖത്ത് നോക്കി പറയാൻ ധൈര്യമില്ലാതെ വീട്ടിൽ ചെന്ന ശേഷം ലാന്റ് ഫോണിൽ വിളിച്ചു. തീര്‍ത്തും അപ്രതീക്ഷിതമായതു കൊണ്ട് തന്നെ   ഞാൻ ശരിക്കും ഞെട്ടി പോയി . അന്ന് ഞാൻ ഫോൺ കട്ടാക്കി . പിന്നെയും നാലഞ്ച് ദിവസം കഴിഞ്ഞാണ് അവനോടു മിണ്ടിയത്. ആദ്യത്തെയാള്‍  അവന്റെ വിവാഹം ഉറപ്പിച്ച ശേഷമാണ് എന്നോട് കാര്യം അവതരിപ്പിച്ചത് . ഇപ്പോൾ അതൊക്കെ ഓർക്കുമ്പോൾ ചിരി വരും... ചിലപ്പോള്‍ ഒരിത്തിരി കണ്ണുനീരും..!
 

Tuesday, April 28, 2020

സിൽക്ക് നൂലിൽ ചെയ്ത ആഭരണങ്ങൾ


കൈയ്യിൽ കുറച്ച് മുത്തും , സിൽക്ക് നൂലും ഉണ്ടായിരുന്നു. സമയ കുറവ് കാരണം ഒന്നും ചെയ്യാതെ മാറ്റി വച്ചിരിക്കയായിരുന്നു. എന്നാൽ പിന്നെ ഈ സമയത്ത് ചെയ്യാമെന്ന് കരുതി. പറഞ്ഞപ്പോൾ  വീടിനടുത്തുള്ള കുട്ടിയും , നാത്തൂനും സഹായിക്കാമെന്ന് പറഞ്ഞു . അങ്ങനെ നൂല് ചുറ്റി മുത്തുകൾ ഉണ്ടാക്കി മാലയും , വളയും  ചെയ്തു.  കുറെ ദിവസത്തെ കഷ്ടപ്പാടാണ്. 
പോരായ്മകൾ ഉണ്ടാകും. എങ്ങനെയുണ്ട് കൊള്ളാമോ



Saturday, April 11, 2020

നാല്പത് വർഷങ്ങൾ

1980  ഏപ്രിൽ 12  ന്  ഒരു കുഞ്ഞ് ഈ ലോകത്തേയ്ക്ക് വന്നു . ആദ്യമായി മിഴികൾ തുറന്ന് ആശുപത്രിയുടെ ചുമരുകൾ കണ്ടപ്പോൾ എന്തായിരിക്കും ആ കുഞ്ഞ് മനസ്സിൽ വിചാരിച്ചിരിക്കുക . ഈ ലോകത്തിന്റെ ഭംഗിയിൽ ആ കുഞ്ഞു മനം ഒരുപാട് സന്തോഷിച്ച് കാണുമോ. നാളെ 2020 ഏപ്രിൽ 12 ഈ ലോകത്തേക്ക് വന്നിട്ട് നാല്പത് വർഷം .
    ഇന്ന് തിരിഞ്ഞ് നോക്കുമ്പോൾ ജീവിതത്തെ പറ്റി  അത്ഭുതം തോന്നുന്നു . ഫെബ്രുവരിയിൽ വീൽചെയറിൽ ആയിട്ട് 20  വർഷം . ഇരുപത് വർഷത്തെ വീൽചെയർ ജീവിതത്തിനിടയിൽ എന്തൊക്കെ അനുഭവിച്ചു . 
ഒരുപക്ഷേ  ജീവിതത്തിന്റെ പകുതി വഴിയിൽ വച്ച് വീൽചെയറിൽ ആയില്ലായിരുന്നു എങ്കിൽ ഇന്ന്  ഭർത്താവും , രണ്ടോ മൂന്നോ കുട്ടികളൊക്കെയായി കുടുംബമായി ജീവിതം അങ്ങനെ മുന്നോട്ട് പോകുമായിരുന്നു .   ഈ ജീവിതത്തിൽ സന്തോഷവതിയാണ് . ആദ്യ കാലഘട്ടങ്ങളിൽ ഒത്തിരി വിഷമിച്ചിട്ടുണ്ട് . രാത്രികളിൽ ഫാനിന്റെ ശബ്ദം കൂട്ടി വച്ച് കരഞ്ഞതിന് കണക്ക് കാണില്ല . പാവം എന്റെ തലയണ . എന്റെ കണ്ണുനീർ എത്ര ഏറ്റു വാങ്ങിയിരിക്കുന്നു . എഴുതുവാൻ ഒത്തിരിയുണ്ട് . പക്ഷേ  വാക്കുകൾ . അത് പലപ്പോഴും അങ്ങനെയാണല്ലോ . അപ്പോൾ പറഞ്ഞ് വന്നത് ഇതാണ് . എന്റെ ജന്മദിനമാണ്  നാളെ .   ഇത്തവണ ഒരു പ്രത്യേകത കൂടിയുണ്ട്. നാളെ ഈസ്റ്റർ ആണ്. 

നല്ലൊരു ജന്മദിനാശംസകൾ   എനിയ്ക്ക് ഞാൻ തന്നെ നേരുന്നു 

എല്ലാ കൂട്ടുകാർക്കും എൻ്റെ ഈസ്റ്റർ ആശംസകളും 

Friday, March 20, 2020

കുട്ടിക്കാല ഓർമ്മകൾ

ഒരു സാധാരണ കുടുംബത്തിലാണ് ജനിച്ചത്. അച്ഛനും , അമ്മയും കൂലി പണിക്കാരായിരുന്നു. അച്ഛൻ കിളക്കാനും , ഓലക്കെട്ടാനും , അമ്മ മണ്ണ് , ചാണകം എന്നിവ ചുമക്കാനും പോകും. അച്ഛനും , അമ്മയും കൊയ്ത്ത് കാലമായാൽ പാടത്ത് കൊയ്യാൻ പോകും . 

പണ്ട് കൊയ്ത്ത് കഴിഞ്ഞ പാടത്തിലൂടെ ഞങ്ങൾ കുട്ടികൾ ചെറിയ വട്ടി , വട്ടത്താമരയില , ചേമ്പില ഒക്കെയായി ഇറങ്ങും. കൊയ്ത്ത് കഴിഞ്ഞതിനാൽ ചെറിയ ചെറിയ നെൽ കതിരുകൾ , നെൽ മണികളൊക്കെ വയലിൽ കാണും. കുറെയൊക്കെ കാക്കയും , കൊക്കും ഒക്കെ കൊത്തി തിന്നും. കുറെ ഞങ്ങൾ കുട്ടികളും പെറുക്കിയെടുത്ത് വട്ടികളിൾ ശേഖരിക്കും. പാടത്ത് പശുക്കളെ കെട്ടിയിരിക്കും.ഇലകളിൽ അവിടെ നിന്ന്  കിട്ടുന്ന ചാണകങ്ങൾ ശേഖരിക്കും. അത് കൊണ്ട് വന്നാണ് വീടിൻ്റെ തറയൊക്കെ മെഴുകിയിരുന്നത്. വയലിൽ നിന്ന് കിട്ടുന്ന നെൽമണികളും , ചാണകവുമായി  വീട്ടിൽ വരും. ചാണകം ഉണങ്ങി പോകാതെ ഒരിടത്ത് സൂക്ഷിച്ച് വയ്ക്കും. 

         നെൽമണികളെ  വെയിലത്ത് വച്ചുണക്കി ഉരലിൽ  ഈ നെൽമണികളിട്ട് ഉലക്ക കൊണ്ട് കുത്തും. അതിന് ശേഷം ആ കുത്തിയ നെൽമണികളെ മുറത്തിലാക്കി അതിലെ ഉമി പാറ്റി കളയും . അതിന്ശേഷം കുത്തിയെടുത്ത അരിയെ വെള്ളത്തിലിട്ട് കുതിർത്ത ശേഷം ഉരലിൽ വച്ച് ആട്ടി മാവാക്കി വയ്ക്കും. പിറ്റേന്ന് രാവിലെ തേങ്ങാ വെള്ളവും , തേങ്ങയും, ഉപ്പ് കൂടി  ചേർത്ത് നന്നായി ഇളക്കി  ഇരുമ്പ് ചട്ടിയിൽ എണ്ണ തേച്ച് ഈ മാവിനെ തവി കൊണ്ട് അതിലേയ്ക്ക് കോരി ഒഴിച്ച ശേഷം അതിനെ അടച്ച് വച്ച് വെന്ത ശേഷം ചൂടോട് കൂടി കഴിക്കുന്ന ആ അപ്പത്തിൻ്റെ രുചി ഉണ്ടല്ലോ. അങ്ങനെ ഉണ്ടാക്കുന്ന അപ്പത്തിന് ഒരു പ്രത്യേക നിറവും , രുചിയും , മണവുമാണ്. ഒരു കറിയുടേയും ആവശ്യമില്ല. ഇന്ന് ഇതൊക്കെ ആലോചിക്കുമ്പോൾ നഷ്ടം എത്ര വലുതാണ്.

Wednesday, February 5, 2020

പുളിങ്കുരു

2020 ഫെബ്രുവരി 5

ഇന്ന് കുറച്ച്  പുളിങ്കുരു  കഥ ആയാലോ.   

     പുളിയുടെ സീസണാകുമ്പോൾ അത്  പറിച്ച് ഉണക്കി എടുക്കാറുണ്ട്. ഈ ഉണങ്ങിയ പുളിയെ കുത്തിയെടുത്ത ശേഷം കിട്ടുന്ന പുളിങ്കുരു വറുത്തെടുത്തോ , ചുട്ടെടുത്തോ കഴിക്കാറുണ്ട് . സ്കൂളിൽ പോകുമ്പോൾ പുളിങ്കുരു വറുത്തതുമായാണ് പോകുന്നത്. എത്രയോ വട്ടം അധ്യാപകർ വറുത്ത പുളിങ്കുരു പിടിച്ചിട്ടുണ്ട്. 




     അന്നൊക്കെ ദൂരദർശനാണ് ആണ്  ആകെയുള്ളൊരു ആശ്രയം.  ഞങ്ങളുടെ വീട്ടിൽ ടെലിവിഷനും ഇല്ല .  അടുത്ത വീട്ടിലാണ് പരിപാടി കാണാനായി പോകുന്നത്.  പോകുമ്പോൾ പുളിങ്കുരു വറുത്തതും കൂടി എടുത്തിട്ടാണ്  പോകുന്നത്.  സിനിമയുടെ ഇടയ്ക്ക് അകമ്പടിയായി പുളിങ്കുരു വായിലിട്ട് കടിച്ച് പൊട്ടിക്കുന്ന ശബ്ദവും. സിനിമ കണ്ടിട്ട് എണീറ്റ് പോകുമ്പോൾ കുറെ പുളിങ്കുരു തോടുണ്ടാകും. പിന്നെ അതിന്റെ തൂത്ത് വൃത്തിയാക്കിയിട്ടാണ് വീട്ടിൽ പോകുന്നത് 

     ചിലപ്പോൾ പുളിങ്കുരു വെള്ളത്തിലിട്ട് കുതിർത്ത് എടുത്തിട്ട് പോകും. അതാകുമ്പോൾ വായിലിട്ട് കടിച്ച് പൊട്ടിക്കുന്ന ശബ്ദം പുറത്ത് വരില്ലല്ലോ.  ചിലപ്പോൾ പച്ചയ്ക്കും പുളിങ്കുരു കഴിക്കാറുണ്ട്. എന്നിട്ട് വെറ്റില കഴിച്ച് തുപ്പുന്നത് പോലെ നീട്ടി ഒരു തുപ്പൽ . ഉത്സവ പറമ്പിൽ പോകുമ്പോഴും പുളിങ്കുരു വറുത്തത് കൊണ്ട് പോകും. എല്ലാം   ഇന്നലെ കഴിഞ്ഞ പോലെ.  , മൂന്ന് ദിവസം മുമ്പ് പുളിങ്കുരു കണ്ടപ്പോൾ  പഴയ രസകരമായ കാലം ഓർമ്മ വന്നു 


Thursday, January 23, 2020

ഓർമ്മകൾ ഭാഗം 4

കോളേജിൽ പോയപ്പോളവിടെ ഊഞ്ഞാൽ കിടക്കുന്നത് കണ്ടപ്പോൾ പെട്ടെന്നോർമ്മ വന്നതീ പാട്ടാണ് . ഒപ്പം ഊഞ്ഞാലിനെ ചുറ്റിപ്പറ്റി കുറെ ഓർമ്മകളും 

വീണ്ടും പ്രഭാതം എന്ന ചിത്രത്തിലെ 
ഊഞ്ഞാലാ ഊഞ്ഞാലാ 
ഓമനക്കുട്ടൻ ഓലോലം കുളങ്ങരെ  
താമര വലയം കൊണ്ടൂഞ്ഞാലാ 
താനിരുന്നാടും പൊന്നൂഞ്ഞാലാ 
   
        ഓണക്കാലത്ത് വീട്ടിൽ  പറങ്കിമാവിൽ കൊമ്പിൽ ഇട്ടിരുന്നത് ചെറിയ ഊഞ്ഞാലായിരുന്നു. അതിൽ കയറിയിരുന്ന് ആടുവാൻ ഞങ്ങൾ കുറെ പേർ കാണും. തൊട്ടടുത്ത വീടുകളിലൊക്കെയുള്ള ഊഞ്ഞാലുകളിലും ഞങ്ങൾ കുറെ പേർ ഊഞ്ഞാലാടാൻ ഊഴവും കാത്തിരിന്നിട്ടുണ്ട്. 

        ഒരിക്കൽ ഊഞ്ഞാലാടി കൊണ്ടിരിക്കുന്ന സമയം . ചേച്ചിയാണ് ഊഞ്ഞാലാട്ടുന്നത്. തോലുമാടൻ ഞങ്ങളുടെ നാട്ടിൽ ഓണ സമയത്ത് ഇറങ്ങാറുണ്ട്. വാഴയുടെ ഉണങ്ങിയ ഇല വച്ച് ദേഹം മുഴുവൻ പൊതിഞ്ഞ് പാള കീറി മുഖത്തിന്റെ അളവിലെടുത്ത് അതിൽ കണ്ണ്, മൂക്ക് , വായ് ഈ ഭാഗങ്ങളിൽ ചെറിയ ദ്വാരമിട്ട്  ഇത് മുഖത്ത് വച്ച് കെട്ടി പഴയ പാട്ടകളിൽ കമ്പ് കൊണ്ട് കൊട്ടി വീടുകൾ തോറും പൈസ പിരിക്കാനായി കുട്ടികൾ വരും. 
      എനിയ്ക്കാണെങ്കിൽ ഈ തോലുമാടനെ പേടിയാണ്. ചേച്ചി ശക്തിയായി ഊഞ്ഞാലാട്ടുകയാണ്. അപ്പോഴാണ് തോലുമാടൻ വരുന്ന കൊട്ട് കേട്ടത്. ചേച്ചിയോട് ഊഞ്ഞാൽ ആട്ടം നിർത്താൻ പറഞ്ഞിട്ട് കേട്ടതുമില്ല. പിന്നെ രണ്ടും കല്പിച്ച് ഞാൻ ഊഞ്ഞാലിൽ നിന്നെടുത്ത് ചാടി. താഴെ ഒരു തെങ്ങിൻ കുഴിയിലാണ് ചെന്ന് വീണത്. അവിടെ നിന്ന് എണീറ്റ് ഓടി അടുക്കളയിൽ കയറി വാതിലിന് പിന്നിലൊളിച്ചു. 
              അപ്പോഴേക്കും തോലുമാൻ എത്തി. വീട്ടിൽ നിന്ന് ചില്ലറ പൈസ കൊടുത്തു. കൊട്ടുകൾ അകന്ന് പോയി. ചേച്ചിയോട് ചോദിച്ചപ്പോൾ തോല്മാടൻ പോയി എന്ന് പറഞ്ഞു. പക്ഷേ അവർ പോയിട്ടുണ്ടായിരുന്നില്ല. അവർ പോയി എന്ന ധൈര്യത്തിൽ കതകിന്റെ മൂലയിൽ നിന്നിറങ്ങി വന്നപ്പോൾ ഇവർ അവിടെ വാതിലിന്റെ അടുത്ത് നിൽക്കുന്നു. പിന്നെ ഞാൻ ഒറ്റ അലറി കരച്ചിലായിരുന്നു. ഇന്നത് ആലോചിച്ച് ചിരി വരുന്നു. 

         അമ്മയുടെ കുടുംബ വീട്ടിലേയ്ക്ക് പോകുന്ന വഴി ഒരു വീട്ടിൽ ആഴാട്ടൂഞ്ഞാൽ ഇട്ടിട്ടുണ്ട്. പേടിച്ച് പേടിച്ച് ആ ഊഞ്ഞാലിൽ കയറി മതിയാവോളം ആടും. ഇടയ്ക്കിടെ തിരിഞ്ഞ് നോക്കും . വീട്ടിൽ നിന്ന് ആരെങ്കിലും വരുന്നുണ്ടോ എന്ന്. പ്രത്യേകിച്ച് അച്ഛൻ കണ്ട് കൊണ്ട്  വന്നാൽ അന്നത്തെ കാര്യം കുശാലാണ്. തല്ല് എപ്പോൾ കിട്ടി എന്ന് ചോദിച്ചാൽ മതി. ഊഞ്ഞാലാടി കഴിഞ്ഞ് ആ വീട്ടുകാരോട് പ്രത്യേകം പറയും അച്ഛനോട് പറയരുതെന്ന് . ആഴാട്ടൂഞ്ഞാലിൽ കയറി നിന്നിട്ട് ഒരു തൊന്നലിടക്കമുണ്ട്. അതൊക്കെ എത്ര രസമുള്ള കാലമായിരുന്നു. 






          
 ഇനി അടുത്ത പ്രാവശ്യം കോളേജിൽ പോകുമ്പോൾ ഈ ഊഞ്ഞാലിൽ കയറിയിരുന്ന് ആടണം .  നടക്കുമോ ആവോ
 

Wednesday, January 22, 2020

ഓർമ്മകൾ ഭാഗം 3



 ജനത ബസിനെ പറ്റി ഒത്തിരി ഓർമ്മകളുണ്ട്. ഒരിക്കൽ ചേച്ചിയുടെ വീട്ടിൽ പോകാനായി വൈകുംന്നേരം കോളേജിൽ നിന്ന് ബസ് സ്റ്റാൻഡിൽ വന്ന് വെഞ്ഞാറമൂട് ബസിൽ കയറി. അപ്പോൾ ജനത ബസിലെ കണ്ടക്റ്റർ ചേട്ടൻ വണ്ടിയിലിരുന്ന് വിളിച്ചു ചോദിച്ചു. ബസ് മാറി കയറിയതാണോ എന്ന്. അല്ലെന്ന് പറഞ്ഞു. ഭയങ്കര ചമ്മലായിരുന്നു അന്ന്. 
    വീട്ടിൽ പറഞ്ഞിട്ടാണ് ചേച്ചിയുടെ വീട്ടിൽ പോയത് . ആദ്യമായാണ് അന്ന് വെഞ്ഞാറമൂട് ജംഗ്ഷനും , വെഞ്ഞാറമൂട് സ്കൂളും ഒക്കെ കാണുന്നത്. സാധാരണ ചേച്ചിയുടെ വീട്ടിൽ പോകുന്നത് പോത്തൻകോട് വഴിയാണ് . വെഞ്ഞാറമൂട് വഴിയുള്ള ആദ്യ യാത്രയായത് കൊണ്ട് ടെൻഷനും , പേടിയുമുണ്ടായിരുന്നു. 
  വെഞ്ഞാറമൂട് നിന്ന് പോത്തൻകോട് റൂട്ടിലേയ്ക്ക് അന്ന് ട്രെക്കർ, ടെപ്പോ വാൻ ഇതൊക്കെയാണ് കൂടുതലും യാത്ര ചെയ്യാനായി ഉള്ളത്.  ട്രെക്കറിൽ കയറി ചേച്ചിയുടെ വീടിനടുത്തുള്ള ജംഗ്ഷനിലിറങ്ങി മക്കൾക്ക്  മിഠായിയും , പഴവും വാങ്ങി കൊണ്ട് പോയതുമൊക്കെ ഇന്നലെ കഴിഞ്ഞത് പോലെ . കാലം പോയ പോക്ക്. 

Tuesday, January 21, 2020

ഓർമ്മകൾ ഭാഗം 2

ഈ പ്രദേശത്തെ കോളേജിൽ പോകുന്നവരും, ആറ്റിങ്ങൽ മൂന്ന് മുക്ക് ഉള്ള വലിയകുന്ന് ആശുപത്രിയിൽ പോകുന്നവരും 8.30 ന് ഇവിടെ നിന്ന് പുറപ്പെടുന്ന ജനത ബസിലാണ് കയറുന്നത്. തിക്കി - തിരക്കി മൂന്ന്മുക്ക് എത്തുമ്പോൾ ആശുപത്രിയിൽ പോകുന്നവർ അവിടെയിറങ്ങും. അന്നേ കാലിന് ചെറിയ ഒരു മുടന്ത് ഉള്ളത് കൊണ്ട് ഒരു ദിവസം ഒരു കുട്ടി സീറ്റിൽ നിന്ന് എണീറ്റ് തന്നു. 
       പിന്നീടുള്ള ദിവസങ്ങളിൽ ഇരിക്കാൻ ഇരിപ്പിടം ഒന്നും കിട്ടില്ല. തിക്കിൽ പെടാതെ ഏതെങ്കിലും സീറ്റിന്റെ ഇടയിലുള്ള ഗ്യാപ്പിലേയ്ക്ക് കയറി നിൽക്കുമായിരുന്നു. ശനി , ഞായർ ഒഴിച്ചുള്ള ദിവസങ്ങളിൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിലാണ് ഇറങ്ങുന്നത്. ആയിടയ്ക്കാണ് സ്ത്രീകൾക്ക് സീറ്റ് പിറകിലാക്കുന്നത്. ഒരു ദിവസം ബസിൽ കയറിയ ഒരു ചേച്ചി ആൺകുട്ടികളുടെ ശല്യം സഹിക്കാൻ വയ്യാതെയായപ്പോൾ പിന്നിട്ടൊരു കുത്ത് വച്ച് കൊടുത്തു. അതോടെ അവർ പതിയെ മുന്നിലേയ്ക്ക് മാറി.  പിന്നീട് പിറക് വശത്തെ  വാതിലിലൂടെയാണ് ബസിൽ കയറ്റവും , ഇറക്കവും . 

  ട്യൂഷൻ സെന്ററിൽ ഞങ്ങളുടെ ക്ലാസ് റൂം കഴിഞ്ഞ്  ഏകദേശം നടുക്കായി ഒരു പുളിമരമുണ്ടായിരുന്നു. അവിടെ വീണു കിടക്കുന്ന പുളികൾ ഞങ്ങളെടുത്ത് കഴിച്ചിട്ടുണ്ട്. ആൺ കുട്ടികൾക്ക് ആഹാരം കഴിക്കാൻ പ്രത്യേക സ്ഥലമുണ്ടായിരുന്നു. അതിനാൽ ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചിട്ടിരിക്കുന്ന സമയത്താണ് പുളി കഴിക്കുന്നത്. അന്ന് ഞാനിന്നത്തെ പോലെ ആരോടും അധികം സംസാരിക്കുന്ന കൂട്ടത്തിലല്ലായിരുന്നു. അതൊക്കെ ഒരു കാലം.


ആറ്റിങ്ങൽ പ്രൈവറ്റ് ബസ് സ്റ്റാൻഡ് 

Monday, January 20, 2020

ഓർമ്മകൾ


 ആറ്റിങ്ങൽ കോളേജിലേയ്ക്ക് ആയാലും , ട്യൂഷൻ സെന്ററിലേയ്ക്ക് ആയാലും ഇവിടുന്ന് പോകാൻ 8.30 - ന് ജനത ബസ് മാത്രമാണുള്ളത്. പിന്നെ 9.30 ആംകോസും. കോളേജിൽ കുറച്ച് താമസിച്ച് ചെന്നാലും കുഴപ്പമില്ല. പക്ഷേ ട്യൂഷൻ സെന്ററിൽ സമയത്ത് തന്നെ എത്തണം. അതിനാൽ ഞെങ്ങി - ഞെരുങ്ങിയാണ് ജനത ബസിൽ കയറി പോകുന്നത് . 
     അന്ന് നടക്കുമ്പോൾ ചെറിയൊരു മുടന്ത് എനിയ്ക്കുണ്ടായിരുന്നു. അത് കൊണ്ട് ട്രാൻസ്പോർട്ട് ബസിൽ സഞ്ചരിക്കുന്നതിനുള്ള പാസ് ഉണ്ടായിരുന്നു. ചിലപ്പോഴൊക്കെ 8.15 നുള്ള കൊട്ടിയത്തേയ്ക്ക് പോകുന്ന ട്രാൻസ്പോർട്ട് ബസിൽ കയറി പാസും കൊടുത്ത് 5 രൂപയും കൊടുക്കുമായിരുന്നു. ജനത ബസിലായാലും , ട്രാൻസ്പോർട്ട് ബസിലായാലും ആറ്റിങ്ങൽ ട്രാൻസ്പോർട്ട് ബസ് സ്റ്റാൻഡിൽ ഇറങ്ങും. എന്നിട്ട് അവിടുന്ന് റോഡ് ക്രോസ് ചെയ്ത് അയിലം പോകുന്ന റോഡിലൂടെ ഓടിയാണ് ട്യൂഷൻ സെന്ററിൽ എത്തുന്നത്.  



  ഒരു പാട് ഓർമ്മകളുള്ള ആറ്റിങ്ങൽ ട്രാൻസ്പോർട്ട് ബസ് സ്റ്റാൻഡ്. ഇന്നലെ കോളേജിൽ പോയപ്പോൾ പകർത്തിയ ചിത്രം. 


Sunday, January 19, 2020

കോളേജ് ഓഫ് ഇംഗ്ലീഷ്

രണ്ടാം ദിവസം 

കോളേജ് ഓഫ് ഇംഗ്ലീഷിന്റെ അടുത്തായി ഒരു ചായക്കടയുണ്ട്. രണ്ട് തവണ വീട്ടിൽ നിന്ന് ആഹാരം കൊണ്ട് പോകാൻ പറ്റാത്തത് കൊണ്ട്  അവിടെ നിന്ന് ഉച്ചയ്ക്ക് ദോശവാങ്ങി കഴിച്ചിട്ടുണ്ട്. ഉച്ചഭക്ഷണം കഴിക്കുമ്പോൾ സാധാരണ എല്ലാവരും കൂടി ഒരുമിച്ചിരുന്ന് കഴിച്ച് അങ്ങോട്ടും , ഇങ്ങോട്ടും കറികൾ പങ്കുവച്ചുമൊക്കെയാണ് എല്ലാ കുട്ടികളും കഴിക്കുന്നത്. പക്ഷേ ഞാനതിനോടൊപ്പം ചേരാറില്ല. കാരണം തലേ ദിവസത്തെ മീൻ കറി ചൂടാക്കി ചോറിന്റെ മീതേ ഒഴിച്ച ഒറ്റ കറി മാത്രമെ കാണൂ. ബാക്കി എല്ലാ കൂട്ടുകാരും  തൈരും , ചമ്മന്തിയും , മെഴുക്ക് പുരട്ടും , മുട്ട പൊരിച്ചതുമൊക്കെ പങ്കു വയ്ക്കുമ്പോൾ മീൻ തല മാത്രമുള്ള മീൻ കറി കൂട്ടി ഞാൻ ചോറ് കഴിയ്ക്കും. 
         കറികൾ പങ്കുവയ്ക്കലിനോട് ഒന്നും അന്ന് പ്രത്യേക താല്പര്യമൊന്നും തോന്നിയിരുന്നില്ല എന്നതും സത്യമാണ്. പ്രീ - ഡിഗ്രി രണ്ടാം വർഷം പഠിക്കുന്ന സമയത്താണ് 4th ഗ്രൂപ്പിലെ ഒരു കുട്ടിയുടെ കൈവശം നിന്ന് ആദ്യമായി മുട്ട പൊരിച്ചത് വാങ്ങി കഴിക്കുന്നത്. അവൾക്ക് എന്നും ചോറിനോടൊപ്പം മുട്ട പൊരിച്ചത് കാണും. അവളാണെങ്കിൽ മുട്ട കഴിക്കുകയുമില്ല. അങ്ങനെ ട്യൂട്ടോറിയിൽ ശനി , ഞായർ ദിവസങ്ങളിൽ ഉച്ചയ്ക്ക് ചില ദിവസങ്ങളിൽ മുട്ട കിട്ടുമായിരുന്നു. അന്ന് ചമ്മലൊക്കെ കൂടുതലായിരുന്നതിനാൽ എല്ലാ ദിവസവും വാങ്ങി കഴിക്കാൻ മടിയായിരുന്നു. കോളേജിൽ ഉച്ചയ്ക്ക് അവൾ കൊണ്ട് വരുന്ന മുട്ടയും , തൈരും മറ്റ് കുട്ടികളായിരുന്നു കഴിച്ചിരുന്നത്
    ആഹാരം പെട്ടെന്ന് കഴിച്ച് കഴിഞ്ഞാൽ ട്യൂഷൻ സെന്ററിൽ തിരക്കില്ലാതെ പെട്ടെന്ന് കൈയ്യും കഴുകി പാത്രവും കഴുകാം . ആദ്യ കാലഘട്ടങ്ങളിലൊന്നും അതെ പറ്റി അറിയില്ലായിരുന്നു. അക്കാര്യം മനസ്സിലാക്കി തുടങ്ങിയപ്പോൾ പെട്ടെന്ന് തന്നെ ആഹാരം കഴിച്ച് കൈയ്യും , പാത്രവും കഴുകുമായിരുന്നു . അതൊക്കെയൊരു കാലം. 


Saturday, January 18, 2020

കോളേജ് ഓഫ് ഇംഗ്ലീഷ്

2020 - ലെ എന്റെ ആദ്യ പോസ്റ്റ് 


           പ്രീ -ഡിഗ്രിയ്ക്ക് ആറ്റിങ്ങൽ കോളേജിൽ പഠിക്കുന്ന സമയത്ത് ശനി , ഞായർ ദിവസങ്ങളിൽ പഠിക്കാൻ പോയിരുന്ന ട്യൂഷൻ സെന്റർ കോളേജ് ഓഫ് ഇംഗ്ലീഷ് ആയിരുന്നു. ശനി , ഞായർ ദിവസങ്ങളിൽ ഉച്ച ഭക്ഷണം കഴിഞ്ഞ് കുറച്ച് സമയം മാത്രമാണ് കിട്ടുന്നത് . അന്ന് ഞാനൊരു തൊട്ടാലൊട്ടിയാണ്. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ പെട്ടെന്ന് കരച്ചിൽ വരും. അന്ന് ഒരു പക്ഷേ കൂടുതൽ സ്നേഹപൂർവ്വമായ തല്ലുണ്ടാക്കിയിട്ടുള്ളത് സാജൻ , മധു , ശ്യാം മുത്താനഇവരോടാണ്.              

 
പഠിക്കാൻ ഭയങ്കര മിടുക്കിയായിരുന്നത് കൊണ്ട് 1996 - ൽ എസ്.എസ്.എൽ.സി പരീക്ഷ എഴുതി എട്ട് നിലയിൽ പൊട്ടിയ ഞാൻ പ്രൈവറ്റായി എഴുതിയാണ് പ്രീ - ഡിഗ്രി 1998 - ൽ ഇവരോടൊപ്പം എത്തുന്നത് . അത് കൊണ്ട് അന്നും , ഇന്നും കുട്ടികൾ ചേച്ചി എന്ന് തന്നെയാണ് വിളിക്കുന്നത്. 

 ഇക്കണോമിക്സ് പഠിപ്പിച്ച സുനി ടീച്ചർ , ഇംഗ്ലീഷ് പഠിപ്പിച്ച സജി സാർ , ശശി സാർ ബാക്കി അധ്യാപകരുടെ പേരുകൾ മറന്ന് പോയി. അങ്ങനെ രണ്ട് വർഷം കോളേജ് ഓഫ് ഇംഗ്ലീഷിൽ പഠിച്ച കാലം. ഇടയ്ക്കിടെ ഫീസ് കൊടുക്കാൻ താമസിക്കുമ്പോൾ ഓഫീസ് റൂമിൽ പോകുന്നതുമൊക്കെ ഇന്നലത്തെ പോലെ ഓർമ്മ വരുന്നു. സജനും , മധുവുമൊക്കെ  എന്തെങ്കിലും തമാശകൾ ഇടയ്ക്കിടെ പറഞ്ഞ് കൊണ്ടേയിരിക്കും.  മലയാളം പിരീഡിൽ ബാക്കി ഫസ്റ്റ് , സെക്കന്റ് , ഫോർത്ത് , ഫിഫ്ത്ത് ഗ്രൂപ്പിലെ കുട്ടികളൊക്കെ ഞങ്ങളുടെ ക്ലാസിലേയ്ക്കാണ് വരിക.  ബാക്ക് ബഞ്ചിൽ ഫസ്റ്റാണ് ഞാനിരിക്കുന്നത്. പിന്നീട് ബാക്ക് ബഞ്ചിൽ തന്നെ അങ്ങേ അറ്റത്തേയ്ക്ക്  , അല്ലെങ്കിൽ നടുക്ക് ആയി എന്റെ ഇരുത്തം . അധ്യാപകരെ പേടിപ്പിച്ചാണ്. അതൊക്കെയൊരു കാലം.

       കുറെ കാലമായി ഒന്ന് കൂടി കോളേജ് ഓഫ് ഇംഗ്ലീഷിൽ പോകണമെന്ന് കരുതി. അങ്ങനെ വർഷങ്ങൾക്ക് ശേഷം 2020 ജനുവരി 14-ന് കോളേജ് ഓഫ് ഇംഗ്ലീഷിൽ പോയി .  പണ്ട് നടന്ന വഴികളിലൂടെ ഒന്ന് കൂടി നടക്കാൻ കഴിഞ്ഞിരുന്നെങ്കില്ലെന്നാഗ്രഹിച്ചു.  മനസ്സ് കൊണ്ട് ഒന്ന്  കൂടി അവിടെ മുഴുവൻ നടന്നു.  . ഓർമ്മകൾക്ക് എന്ത് മധുരമാണ്.