Saturday, September 28, 2013

പഴം കഞ്ഞി ചതിച്ചപ്പോള്‍ ............

കഴിഞ്ഞ ബുധനാഴ്ച( അതായത്  ഈ മാസം 18 -ആം തിയ്യതി ) വീട്ടില്‍ എല്ലാവരും പഴം കഞ്ഞി കുടിക്കുന്നത് കണ്ടു കൊതി കാരണം ഞാനും പറഞ്ഞു . എനിയ്ക്കും വേണമെന്ന് . കുറേ വർഷങ്ങൾക്കു ശേഷമാണ് ലേശം പഴം കഞ്ഞി കുടിക്കുന്നത് . കണ്ടപ്പോള്‍ തന്നെ വായില്‍ വെള്ളം വന്നു . കാരണം ഓണം കഴിഞ്ഞതിനാല്‍ തലേ ദിവസത്തെ സാമ്പാറും, പുളിശ്ശേരിയും ആ പഴം കഞ്ഞിയില്‍ ഉണ്ടായിരുന്നു.ശരിയ്ക്കും ആസ്വദിച്ചു ഞാന്‍ പഴം കഞ്ഞി കുടിച്ചു . എന്നാല്‍ അത് എനിയ്ക്കിട്ട് പണി തരുമെന്ന് ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. പിന്നെ അങ്ങോട്ട്‌ ഒന്നും കഴിക്കാൻ വയ്യാതായി. അന്ന് രാത്രി ഒന്നും കഴിച്ചില്ല. പിറ്റേന്ന് രാവിലേയും ഒന്നും കഴിക്കാൻ വയ്യ. ഗ്യാസ് ആണെന്ന് കരുതി ഗ്യാസിന്റെ ഗുളിക വാങ്ങി കഴിച്ചു . വലിയ പ്രശ്നം ഒന്നും ഇല്ലാതെ അന്നത്തെ ദിവസവും കടന്നു പോയി. പിറ്റേന്ന് നേരം വെളുത്തു  . അന്നും ഇത് തന്നെ അവസ്ഥ . ഒന്നും കഴിക്കാൻ പറ്റുന്നില്ല .സാധാരണ ഗ്യാസിന്റെ പ്രശ്നം  വന്നാൽ ഒരു സോഡാ വാങ്ങി അതിൽ നാരങ്ങയും പിഴിഞ്ഞൊഴിച്ചു   കഴിച്ചാൽ കുറയേണ്ടതാണ്  . എന്നാൽ ഇത്തവണ 4 കുപ്പി സോഡാ കുടിച്ചിട്ടും വലിയ മാറ്റമൊന്നും വന്നില്ല.

            അതിനിടയില്‍ കൂനിന്മേല്‍ കുരു എന്ന കണക്കേ നട്ടെല്ലിനു ഉടക്കും വീണു . വ്യാഴവും, വെള്ളിയും, ശനിയും ഒന്നും കഴിച്ചില്ല. ശനിയാഴ്ച   സന്ധ്യ ആയപ്പോൾ ശ്വാസം ഒട്ടും എടുക്കാൻ വയ്യ. ഇരിക്കാനും വയ്യ, കിടക്കാനും വയ്യാത്ത അവസ്ഥ ആയി പോയി. ശരിയ്ക്കും മരണത്തെ മുന്നിൽ കണ്ടു. പിന്നെ ചിറ്റപ്പനോടു പറഞ്ഞപ്പോൾ ഗ്യാസിന്റെ ഒരു ഗുളിക കൂടി കൊണ്ട് തന്നു. അന്ന് ആ ഗുളികയും കഴിച്ചു ഉറങ്ങി. പിറ്റേന്ന് രാവിലെ ഫേസ് ബുക്കിലെ കൂട്ടുകാർ സംഘടിപ്പിക്കുന്ന ഒരു പരിപാടി മണക്കാടുള്ള ആനന്ദാലയത്തിൽ വച്ച് ഉണ്ടായിരുന്നു . അതിനും പോകണം. അങ്ങനെ ആ ദിവസം   വന്നെത്തി. ഞാൻ രാവിലെ ആശുപത്രിയിൽ പോയതിനു ശേഷം ആ പരിപാടിയിലും പങ്കെടുത്തു. ഇപ്പോഴും നല്ല സുഖം ആയിട്ടില്ല. എന്നാലും ഈ പഴം കഞ്ഞി എന്നെ ഇങ്ങനെ ചതിക്കുമെന്നു ഞാൻ കരുതിയില്ല. ഇനി ജീവിതത്തിൽ ഞാൻ പഴം കഞ്ഞി കുടിക്കില്ല  

Saturday, September 7, 2013

ചെയ്യാത്ത തെറ്റിന് .........

ഒരു അദ്ധ്യാപക ദിനം കൂടി കഴിഞ്ഞു പോയി . . സ്കൂളിനെ കുറിച്ച് ആലോചിക്കുമ്പോള്‍ ആദ്യം മനസ്സില്‍ വരുന്നത്  പണ്ട് ചെയ്യാത്ത തെറ്റിന് മാഷിന്റെ കൈയ്യില്‍ നിന്നും അടി കിട്ടിയതാണ് . മാഷിന്റെ കൈയ്യില്‍ നിന്നും മാത്രമല്ല  വീട്ടില്‍ നിന്നും പൊതിരെ തല്ലു കിട്ടി .

 ഞാന്‍ മൂന്നാം തരത്തില്‍ പഠിക്കുമ്പോള്‍ ആണ് സംഭവം  നടക്കുന്നത് . കൂടെ പഠിക്കുന്ന ഒരു കുട്ടിയുടെ കമ്മലിന്റെ ആണി കളഞ്ഞു പോയി . അത് ഞാന്‍ എടുത്തു എന്നും പറഞ്ഞായിരുന്നു ബഹളം . ഇപ്പോള്‍ അതൊക്കെ ആലോചിക്കുമ്പോള്‍ ചിരി വരുന്നു . അവളുടെ പേര് ഞാന്‍ മറന്നു പോയി. എന്നാല്‍ എന്നെ തല്ലിയ ആ മാഷിന്റെ പേര് ഞാന്‍ ഒരിക്കലും മറക്കില്ല .പക്ഷേ ഞാന്‍ ആ പേര് ഇപ്പോള്‍ ഇവിടെ പറയുന്നില്ല

 ഒരു ദിവസം വൈകുന്നേരം ആണ് സംഭവം. സ്കൂള്‍ വിട്ട സമയം . അവള്‍ എന്നോട് വന്നു പറഞ്ഞു . അവളുടെ കമ്മലിന്റെ ആണി ഊരിയിരിക്കുന്നു . ഒന്ന് ഇറുക്കി ഇട്ടു കൊടുക്കാന്‍ . എന്‍റെ കഷ്ട കാലത്തിനു ആണെന്ന് തോന്നുന്നു . ഞാന്‍ ആണി നന്നായി മുടുകി കൊടുത്തു . എന്നിട്ട് വീട്ടിലേയ്ക്ക് പോന്നൂ . പിറ്റേന്ന് രാവിലെ ആണ് അവള്‍ വലിയൊരു ബോംബുമായി കാസ്സിലേയ്ക്ക് വന്നത് . ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത അനുഭവം. അവളുടെ കമ്മലിന്റെ ആണി കാണാനില്ല. ആകെ പ്രശ്നം ആയി . അവള്‍ വീട്ടില്‍ പറഞ്ഞു ഞാനാണ് അതെടുത്തതെന്നു . പോരെ പുകില്  മാത്രമല്ല ആ മാഷ്‌ അവളുടെ  അച്ഛന്റെ ഏറ്റവും അടുത്ത കൂട്ടുകാരനും  . അന്ന് മാഷ്‌ എന്നെ ഓഫീസ് മുറിയിലേയ്ക്ക് വിളിപ്പിച്ചു . ഞാനല്ല അതെടുത്തതെന്നു കരഞ്ഞു പറഞ്ഞിട്ടും മാഷ്‌ വിശ്വസിച്ചില്ല . മാഷ്‌ കുറെ തല്ലി. മാഷിന്റെ തല്ലിനേക്കാള്‍ ഭയന്നതു എന്റെ വീട്ടില്‍  അച്ഛൻ അറിഞ്ഞാലുള്ള  അവസ്ഥ ഓര്‍ത്താണ് . കാരണം ചെറിയ തെറ്റിന് പോലും കഠിനമായി ശിക്ഷിക്കുന്ന ആളാണ്‌ അച്ഛൻ. അന്ന് മുഴുവന്‍ ഞാന്‍ ഓഫീസ് റൂമില്‍ കരഞ്ഞു കലങ്ങിയ കണ്ണുകളുമായി  നിന്നു. എല്ലാവരും എന്നെ ഒരു കുറ്റവാളിയെ പോലെ നോക്കി . അതൊന്നും കൊണ്ട് കഴിഞ്ഞില്ല . അന്ന് വൈകുന്നേരം മാഷ്‌ റോഡില്‍ വച്ചു കണ്ടപ്പോള്‍  അച്ഛനോട് ഈ വിവരം പറഞ്ഞു.. ഹോ ! അന്ന് വീട്ടില്‍  വന്ന അച്ഛൻ തന്ന ശിക്ഷ അതി കഠിനമായിരുന്നു .

 എന്നാല്‍ പിറ്റേന്നു  രാവിലെ അവള്‍ സ്കൂളില്‍ വന്നത് കമ്മലിന്റെ ആണിയുമായി ആയിരുന്നു . സംഭവിച്ചത് ഇങ്ങനെയായിരുന്നു . ഉറക്കത്തില്‍ ഉരുളുന്ന സ്വഭാവം ഉള്ള  അവള്‍ ഇടയ്ക്ക് എപ്പോഴോ കട്ടിനടിയിലേയ്ക്ക്  പോയി . ഒപ്പം ആണിയും അവിടെ ആയി പോയി .ഉറക്കം എണീറ്റ്‌ സ്കൂളില്‍ വരാന്‍ തുടങ്ങുന്നതിനിടയില്‍ ആണ്  കമ്മല്‍ വീട്ടുകാരും ശ്രദ്ധിക്കുന്നത് . അവര്‍ ബെഡ് ഷീറ്റിലൊക്കെ നോക്കിയെങ്കിലും കണ്ടില്ല. വീട്ടുകാരില്‍ നിന്നും തല്ലു കിട്ടാതിരിക്കാന്‍ വേണ്ടിയും  എന്റെ കഷ്ടകാലത്തിന്‍റെ സമയം ആയിരുന്നത് കൊണ്ടും  അവള്‍ പറഞ്ഞത് ഞാന്‍ എടുത്തു എന്ന് . എന്നാല്‍ അന്ന് വൈകുന്നേരം  അവളുടെ അമ്മ തൂത്ത് വാരുന്നതിനിടയില്‍ കട്ടിലിനടിയില്‍ നിന്നും ആ ആണി കിട്ടി .

 അവള്‍ക്ക് സന്തോഷം ആയി . മാഷ്‌  എന്നെ അന്ന് ഓഫീസ് റൂമില്‍ വിളിച്ചു കുറെ ആശ്വസിപ്പിച്ചു . എന്നാല്‍ ഞാന്‍ നേരിട്ട അപമാനത്തിനും , വീട്ടില്‍ നിന്നും കിട്ടിയ അടിക്കും  എന്ത് പകരം തരാന്‍ ആകും അവള്‍ക്കും, മാഷിനും . എന്തായാലും അന്നത്തോടെ ഞാന്‍ എല്ലാവരേയും സഹായിക്കുന്ന പരിപാടി നിര്‍ത്തി . പിന്നെ അവളോട്‌ ഞാന്‍ മിണ്ടിയിട്ടുമില്ല. നാലാം ക്ലാസ് കഴിഞ്ഞപ്പോള്‍ അവള്‍  പള്ളിക്കൂടം മാറി പോയി . ചെയ്യാത്ത തെറ്റിന് ആരും ശിക്ഷിക്കപ്പെടാതിരിക്കട്ടെ