Friday, November 22, 2019

കരവിരുത്

അങ്ങനെ  കിടന്നപ്പോൾ ഒരാഗ്രഹം ബ്ലോഗിൽ എന്തെങ്കിലും കുത്തി കുറിക്കണമെന്ന് . ഇനിയിപ്പോൾ നീണ്ട എഴുത്തിന് ടൈപ്പ് ചെയ്യാൻ കൈ വയ്യ. ചെറിയ എന്തെങ്കിലും ഫലിതമെഴുതാമെന്ന് വച്ചാൽ വലിയ ഫലിത എഴുത്തുകാരായ പ്രദീപേട്ടൻ , ആദി , സുധി എന്നിവർക്കൊപ്പം പിടിച്ച് നിൽക്കാൻ മാത്രമുള്ള ഫലിതം പറയാനുമറിയില്ല. പിന്നെ ഇനിയിപ്പോൾ എന്ത് ചെയ്യും. അപ്പോഴാണ് Fb - യിൽ മെമ്മറീസിൽ വന്ന പൂവിനെ കുറിച്ചോർമ്മ വന്നത്. അപ്പോൾ സ്വന്തം കഴിവ് അങ്ങ് ഇടുന്നതല്ലേ നല്ലത്. 



          സോക്സ് ക്ലോത്തിൽ ചെയ്ത പൂവ് . 

               എങ്ങനെയുണ്ട് പൂവ്

Monday, November 11, 2019

സൗഹൃദം

ചില സൗഹ്യദങ്ങള്‍ വരുന്ന വഴി വിചിത്രമാണ്. 2011 ഒക്ടോബര്‍ 8  പാലിയം ഇന്ത്യയുടെ നേത്യത്വത്തില്‍ പാലിയേറ്റീവ് കെയര്‍ ദിനത്തോടനുബന്ധിച്ച് വീല്‍ചെയറില്‍ ജീവിതം മുന്നോട്ടു കൊണ്ട് പോകുന്ന കുറച്ചു പേരെ മ്യൂസിയത്തിലേയ്ക്ക്  കൊണ്ട് പോയി. അവിടെ വച്ചാണ് ഞാനാ ചേട്ടനെ കാണുന്നത്. ചേട്ടന്‍ ഫോട്ടോഗ്രാഫറാണ്.ഞങ്ങളുടെയൊക്കെ ഫോട്ടോയെടുക്കാന്‍ തുടങ്ങി ചേട്ടന്‍. 

     
         അന്ന് ഇന്നത്തെ പോലെ ആള്‍ക്കാരുമായി അത്ര വലിയ സഹവാസങ്ങളൊന്നുമുണ്ടായിരുന്നില്ല.  അതിന്‍റെയൊരു  അറിവില്ലായ്മ , ജാള്യത ഒക്കെയുണ്ടായിരുന്നു. പിന്നെ എനിയ്ക്കാണെങ്കിൽ  ഫോട്ടോ എടുക്കുന്നത് പേടിയുള്ള കാര്യമാണ്. അത്രമാത്രമാണ് ഓരോരുത്തരും പറഞ്ഞ് പേടിപ്പിച്ചിരുന്നത്. അപ്പോഴാണ്‌ ഒരാള്‍ ക്യാമറയുമായി ഫോട്ടോ എടുക്കാന്‍ നടക്കുന്നത്. ഫോട്ടോ എടുക്കുമെന്ന വാശിയില്‍ ചേട്ടനും, ഫോട്ടോ എടുക്കാന്‍ സമ്മതിക്കില്ലെന്ന വാശിയില്‍ ഞാനും . അവസാനം  ചേട്ടന്‍ തന്നെ ജയിച്ചു


          മ്യൂസിയത്തിനകത്തേയ്ക്ക്  കയറ്റുന്നതിനിടയില്‍ സഞ്ജീവ് ചേട്ടന്‍ എടുത്ത ഫോട്ടോ 


.           പിന്നെ പതിയെ ഫോട്ടോ എടുക്കുന്നതിലെ പേടിയൊക്കെ മാറി .  ചേട്ടന്‍ ഫോട്ടോ മെയില്‍ അയച്ചു തന്നു . ആ ചേട്ടനുമായി നല്ലൊരു കൂട്ടുകെട്ട് അവിടുന്ന് തുടങ്ങുകയായിരുന്നു. പിന്നീട് എത്രയോ വട്ടം ചേട്ടനെ നേരില്‍ കണ്ടു . ഒരിക്കല്‍ സൂ കാണാനായി കൂട്ടുകാരോടൊപ്പം പോയപ്പോള്‍ സഞ്ജീവ് ചേട്ടനും ഒപ്പം വന്നു .


           സഞ്ജീവ് ചേട്ടൻ  . ദേശാഭിമാനിയിലെ ഫോട്ടോ ഗ്രാഫറാണ്. 



       എട്ട് വർഷമാകുന്നു സഞ്ജീവ് ചേട്ടനും , ഈ കുഞ്ഞനുജത്തിയുമായുള്ള  സൗഹ്യദം തുടങ്ങിയിട്ട് .എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ എത്രയോ വട്ടം ചേട്ടനെ വിളിച്ച് ബുദ്ധിമുട്ടിച്ചിരിക്കുന്നു. തിരക്കിനിടയിലും ചേട്ടൻ ഞാൻ പറയുന്ന സഹായങ്ങൾ ചെയ്ത് തരുന്നുണ്ട്. ഒരുപാട് നന്ദിയുണ്ട്  സഞ്ജീവ് ചേട്ടാ എന്നെ സഹിക്കുന്നതിന്

Sunday, October 13, 2019

സാരി

പലപ്പോഴും ആഗ്രഹിച്ചാൽ പോലും ചക്ര കസേരയിൽ സഞ്ചരിക്കുന്ന എനിയ്ക്ക് സാരി ഉടുക്കുക എന്നത് വലിയ കടമ്പയാണ്. വണ്ടിയിൽ എടുത്ത് കയറ്റുമ്പോഴോ , ഇറക്കുമ്പോഴോ സാരി അവിന്ന് പോകുമോ എന്ന ടെൻഷനുണ്ട്. ജീവിതത്തിൽ ആദ്യമായി സാരിയുടുത്തത് ഈ വർഷം നടന്ന  പത്താം ക്ലാസിലെ റീ- യൂണിയനാണ് . സ്കൂൾ വീടിനടുത്തായത് കൊണ്ടും , വീൽചെയറിൽ തന്നെ പോകയും, വരികയും ചെയ്യുന്നത് കൊണ്ടും വലിയ ടെൻഷനില്ലായിരുന്നു. ഇന്നലെ ലോകപാലിയേറ്റീവ് കെയർ ദിനത്തോടനുബന്ധിച്ച് കോവളത്ത് നടക്കുന്ന പാലിയം ഇന്ത്യയുടെ പരിപാടിയിൽ സാരി ഉടുക്കണമെന്ന്  നേരത്തെ നിശ്ചയിച്ചിരുന്നു.


 

 അങ്ങനെ അടുത്ത വീട്ടിലെ കുട്ടി അവളുടെ തന്നെ ഒരു സാരി കൊണ്ട് തന്ന് അവൾ തന്നെ ഉടുപ്പിച്ചു തന്നു.  ഒരു വള്ളി വച്ച് സാരി അഴിഞ്ഞ് പോകാതിരിക്കാൻ കെട്ടി വയ്ക്കുകയും ചെയ്തു.  അങ്ങനെ സാരി ഉടുത്ത് ഓട്ടോയിൽ കയറി പോകണമെന്ന ആഗ്രഹം സഫലമായി ♥️

Friday, October 4, 2019

വീൽചെയർ സൗഹൃദം

കഴിഞ്ഞ മാസം 18-ാം തിയ്യതി മെഡിക്കൽ കോളേജിൽ ചെക്കപ്പിന് പോകണമായിരുന്നു. മെഡിക്കൽ കോളേജിൽ നിന്നിറങ്ങിയ ശേഷം വഞ്ചിയൂരുള്ള  സപ്ലേ ഓഫീസിൽ പോകേണ്ട ആവശ്യമുണ്ടായിരുന്നു. അപ്പോഴേയ്ക്കും സമയം 2.30 . സപ്ലേ ഓഫീസിൽ നിന്നിറങ്ങിയ ശേഷം വീൽചെയറിൽ തന്നെ അടുത്തുള്ള ഹോട്ടൽ മാസിലേയ്ക്ക് പോയി ഭക്ഷണം കഴിക്കാൻ . 



           ഹോട്ടലിന് മുൻവശം കുറച്ച് പൊക്കത്തിലാണ്. അവിടെ വീൽചെയറോടു  കൂടി പൊക്കി കയറ്റി. പിന്നെ നേരെ കൈ കഴുകാൻ പോയി. എനിയ്ക്ക് വളരെ സന്തോഷം തോന്നി. കാരണം വീൽചെയറിലിരുന്ന് കൊണ്ട് തന്നെ കൈ കഴുകാൻ ഒരു ബുദ്ധിമുട്ടുമില്ലാതെ പറ്റി . അവിടുന്ന് നേരെ മേശയ്ക്കരികിലേയ്ക്ക് വന്നപ്പോൾ അവിടേയും വീൽചെയർ മേശയ്ക്കടിയിലേയ്ക്ക് കയറി മേശയോട് ചേർന്നിരുന്ന് ഭക്ഷണം കഴിക്കാൻ പറ്റി. പിന്നീട് ഊണിന് പറഞ്ഞു. അപ്പോൾ ഊണ്  തീർന്നു. പിന്നെയുള്ളത് കപ്പയാണ് . രാവിലെ മുതൽ ഒന്നും കഴിക്കാതിരിക്കുന്നത് കൊണ്ട് കപ്പ കഴിച്ചാൽ വയറുവേദന വരുമെന്നറിയാവുന്നത് കൊണ്ട്  തീരെ നിവൃത്തിയില്ലാത്തത് കൊണ്ടും പെറോട്ടയും , ചിക്കൻ കറിയും കഴിച്ചു.  നെഞ്ച് വേദന വന്ന ശേഷം അങ്ങനെ  പെറോട്ട കഴിക്കാറില്ലായിരുന്നു.  


               പെറോട്ട ആരോഗ്യത്തിന് നല്ലതല്ലെന്നറിയാമായിരുന്നിട്ടും  വളരെ സന്തോഷത്തോടെയാണ്‌ കഴിച്ചത് .കാരണം എല്ലായിടത്തും ഇത് പോലെ മേശയോട് ചേർന്ന് വീൽചെയർ അടുപ്പിച്ച്  ഇട്ട് കഴിക്കാൻ പറ്റില്ല. ഈ ഹോട്ടലിന് മുന്നിൽ ഒരു റാമ്പ് കൂടി വരികയാണെങ്കിൽ സൂപ്പറായിരിക്കും. ഞാനത് ഹോട്ടലിന്റെ ഉടമയോട് പറയുകയും ചെയ്തു. (കഴിച്ച ഭക്ഷണം നോക്കണ്ട. അതിലെ വീൽചെയർ ഫ്രണ്ട്ലി ടേബിൾ , വാഷ്ബേസ് ഇവ മാത്രം ശ്രദ്ധിച്ചാൽ മതി 

Monday, September 16, 2019

മാറ്റങ്ങൾ ഇനിയും വരണമേറെ

വളരെ യാദൃച്ഛികമായാണ് ഞാനാ പോസ്റ്റ് കണ്ടത്. ലണ്ടനിൽ ഉള്ള മാഗസിനായ ജനനിയിലേയ്ക്ക് രചനകൾ ക്ഷണിക്കുന്നു എന്ന്. പിന്നീട് പോസ്റ്റിന് താഴെ കമന്റിട്ടു ചോദിച്ചു. നാട്ടിലുള്ളവർക്കും എഴുതാമോ എന്ന്. എഴുതാം എന്ന് പറഞ്ഞപ്പോൾ സന്തോഷമായി. പിന്നെ എന്തെഴുതുമെന്ന് ആലോചിച്ചു. കുറെയേറെ സംശയങ്ങളുണ്ടായിരുന്നു. പിന്നെ എല്ലാം വളരെ പെട്ടെന്നായിരുന്നു. ചക്ര കസേരയിലുള്ള ഞാൻ അതെ പറ്റില്ലാതെ വേറെ എന്തെഴുതാൻ. എഴുതിയ ശേഷം ഞാൻ അനിയനായി സ്നേഹിക്കുന്ന സ്നേഹിതനെ കൊണ്ട് അത് എഡിറ്റ് ചെയ്യിപ്പിച്ച് അയച്ച് കൊടുത്തു.  ഇന്നലെ ലണ്ടനിൽ നടന്ന ചടങ്ങിൽ ജനനി മാഗസിൻ ഇറങ്ങി .ഇന്ന് രാവിലെ അതിന്റെ പി.ഡി.എഫ്  ഫയൽ കിട്ടി. എങ്കിൽ ആദ്യം ബ്ലോഗിൽ തന്നെ ഇടാമെന്ന് കരുതി. വളരെ സന്തോഷം തോന്നുന്നു . ഒരു പാട് നന്ദി ദൈവത്തോടും ,  ഇങ്ങനെയൊരു അവസരം തന്ന ജനനി മാഗസിന് പിന്നിൽ പ്രവർത്തിച്ച എല്ലാവരോടും പിന്നെ എന്റെ അനിയൻ സുഹൃത്തിനോടും






Thursday, June 13, 2019

ഛായ നാടകം

ചക്ര കസേരകളിൽ കഴിയുന്ന  കൂട്ടുകാർ ഒരുമിച്ച് കൂടി അവതരിപ്പിച്ച നാടകമാണ് ''ഛായ''. ഇത് ആദ്യമായി സ്റ്റേജിൽ അവതരിപ്പിച്ചത് എറണാകുളത്തായിരുന്നു. അത് കഴിഞ്ഞ് ആ നാടകം അവതരിപ്പിച്ചത്  2019 ഏപ്രിൽ 2-ന് തോന്നയ്ക്കൽ  
സായ് ഗ്രാമത്തിൽ വച്ചായിരുന്നു. എന്റെ സുഹൃത്തുക്കളായതിനാലും , സ്വന്തം നാട്ടിൽ വന്ന സുഹൃത്തുക്കളെ നേരിൽ കാണുകയും ചെയ്യാമെന്ന ആഗ്രഹത്തോടും കൂടി ഞാനും സായ് ഗ്രാമത്തിൽ നാടകം കാണാൻ പോയി . ഒത്തിരി പരിമിതികളെ അവഗണിച്ച് ചക്ര കസേരയിലുള്ള എന്റെ കൂട്ടുകാരുടെ പ്രകടനം കണ്ട് മനസ്സ് നിറഞ്ഞു




           പണ്ട് ഉത്സവ പറമ്പുകളിൽ ചൂട്ടും കത്തിച്ച് പോയി നാടകങ്ങൾ കണ്ടിട്ടുണ്ട്. വീൽചെയറിലായ ശേഷം നാടകങ്ങൾ ടെലിവിഷനിൽ കൂടി കണ്ടിട്ടുള്ളതെ ഉള്ളൂ. കുറെ വർഷങ്ങൾക്ക് മുമ്പ് ദൂരദർശനിൽ ഡിസംബർ 3 ലോക ഭിന്നശേഷി ദിനത്തിൽ തിരുവനന്തപുരത്തെ ചെഷയർ ഹോമിലെ അന്തേവാസികളായ സരസു ചേച്ചിയും, കൂട്ടുകാരും അവതരിപ്പിച്ച നാടകം കണ്ടിട്ടുണ്ട്. ( സരസു ചേച്ചി ഈയടുത്ത കാലത്ത് നമ്മളെയൊക്കെ വിട്ടു പോയി  .





                              19 വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും നാടകം കാണുന്നത്. വീൽചെയറിലിരുന്ന് ആ കലാകാരന്മാർക്ക് ഈ നാടകം അവതരിപ്പിക്കുന്നതിന് ഒത്തിരി കടമ്പകൾ കടക്കേണ്ടി വന്നു എന്ന് പറഞ്ഞല്ലോ. എല്ലാ കൂട്ടുകാർക്കും ഒരുമിച്ച് കൂടി റിഹേഴ്സൽ ചെയ്യാൻ കഴിയുമായിരുന്നില്ല എന്നതായിരുന്നു ആദ്യത്തെ പ്രശ്നം. അതിനെയൊക്കെ അതിജീവിച്ച്  അവർ നന്നായി റിഹേഴ്സൽ ചെയ്ത് നാടകം അരങ്ങിൽ അവതരിപ്പിച്ചു  . 




                          സുവർണ്ണ തീയറ്റേഴ്സ് വളയൻചിറങ്ങര , നാടകത്തിന്റെ സംവിധായകൻ വി.ടി രതീഷ്  ചേട്ടനുമാണ് എന്റെ ആദ്യത്തെ കൈയ്യടി . 
പിന്നെ ഇതിന് പിന്നിൽ പ്രവർത്തിച്ച ലൈറ്റ് ചെയ്യുന്ന സഹോദരങ്ങൾ. പിന്നെ എടുത്ത് പറയേണ്ടത് വീൽ ചെയറിലിരുന്ന് നാടകങ്ങൾ അവതരിപ്പിക്കുന്ന വീട്ടുകാരുടെ പിന്തുണയാണ്. കാരണം ഓരോ രംഗം കഴിയുമ്പോഴും അതിന് പിന്നിലെ സ്ക്രീനും  , കർട്ടനുമൊക്കെ മാറ്റാൻ ഈ കൂട്ടുകാരുടെ രക്ഷിതാക്കളും , ഭാര്യയുമൊക്കെ കഷ്ടപ്പെടുന്നത് നേരിൽ കണ്ടതാണ് . 



                         പിന്നെ എടുത്ത്  പറയേണ്ടത് ചക്ര കസേരകളിലിരുന്ന് നാടകങ്ങൾ അവതരിപ്പിച്ച എന്റെ കൂട്ടുകാരെ പറ്റിയാണ്. ഏതൊരു പ്രൊഫഷണൽ നാടക നടന്മാരും , നടിമാരും ചെയ്യുന്നതിനെക്കാൾ മികച്ചതായി എന്റെ കൂട്ടുകാർ ഭംഗിയായി നാടകത്തിലെ സംഭാക്ഷണങ്ങൾ പറഞ്ഞ് ചെയ്യുന്നത് കണ്ടപ്പോൾ എനിയ്ക്ക് സന്തോഷവും , അഭിമാനവും തോന്നി. വീൽചെയറിൽ കഴിയുന്ന മറ്റ് കൂട്ടുകാർക്ക് മാതൃകയാണീ കൂട്ടുകാർ . വർഷങ്ങൾക്ക് ശേഷം മികച്ചൊരു നാടകം കണ്ടതിന്റെ സന്തോഷത്തോടെ കൂട്ടുകാരോടൊപ്പം ഫോട്ടോയുമെടുത്ത് മടങ്ങി വീട്ടിലേയ്ക്ക് പോന്നൂ . സായ് ഗ്രാമത്തിൽ വച്ച് നാടകം കാണാനെത്തിയ ക്യാൻസറിനെ അതിജീവിച്ച നന്ദുവിനേയും പരിചയപ്പെടാൻ കഴിഞ്ഞു എന്നതും സന്തോഷമുണ്ടാക്കി. ഈ കൂട്ടുകാരൊക്കെ എനിയ്ക്ക് തന്നത് പുതിയൊരു ഉണർവാണ്. 



  ''ഛായ''യെ കുറിച്ച് ഇനിയും പറയണമെന്നുണ്ട്. ചിലപ്പോൾ അങ്ങനെയാണ് സന്തോഷമുള്ള കാര്യങ്ങൾ പറയുമ്പോൾ പലപ്പോഴും വാക്കുകൾ കിട്ടാറില്ല.  ഇനിയും ഒത്തിരി സ്റ്റേജുകളിൽ ഛായ അവതരിപ്പിക്കാൻ കഴിയട്ടെ. ഛായയിലെ എല്ലാ കലാകാരന്മാർക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ .
ഇതിലെ കലാകാരന്മാർ : ഉണ്ണി മാക്സ് ചേട്ടൻ  , ശരത്ത് പഠിപ്പുര , സജി വാഗമൺ , ധന്യ , അഞ്ജൂ , ജോമിത്ത് ,മാർട്ടിൻ ചേട്ടൻ , ബിജു ചേട്ടൻ , സുനിൽ ഭായ്  . പിന്നെ അരങ്ങിലും , അണിയറയിലും പ്രവർത്തിച്ച കലാകാരന്മാർ . 




                 നാടകത്തിൽ അഭിനയിച്ച സജി വാഗമണ്ണിനോടും , നാടകത്തിന്റെ സംവിധായകൻ വി.ടി രതീഷ് ഭായ് യോടുമൊപ്പം  .
           
                      നാടകം കാണാനെത്തിയ വീൽചെയറിലുള്ള സഹോദരങ്ങൾ. കുറച്ച് നാളുകൾക്ക് ശേഷമാണീ കൂട്ടുകാരെ കാണുന്നത്. 



                          പിന്നെയൊരു സന്തോഷം എന്റെ സുഹൃത്ത് ജിമ്മിച്ചായൻ പരിചയപ്പെടുത്തി തന്ന ഉണ്ണി കൃഷ്ണൻ ചേർത്തലയെ സായ് ഗ്രാമത്തിൽ വച്ച് കാണാൻ കഴിഞ്ഞു എന്നതാണ്.




                 ഏകദേശം ഒരു വർഷത്തിന് ശേഷം നാടകം കാണാനെത്തിയ ജോമിയെ കണ്ടപ്പോൾ



                    ഒരു പാട് നാളായി കാണണമെന്ന് ആഗ്രഹിച്ചിരുന്ന നാടകത്തിൽ അഭിനയിച്ച ശരത്തിനേയും , ബിജു ചേട്ടനേയും  കണ്ടപ്പോഴും സന്തോഷം 





                   


                          പാലിയം ഇന്ത്യയിലെ ആഷ്ല വഴി പരിചയപ്പെട്ട ഗംഗ ആന്റിയെ സായ് ഗ്രാമത്തിൽ വച്ച് കാണാൻ കഴിഞ്ഞു എന്നതും മറ്റൊരു സന്തോഷമാണ്.





                         നാടകത്തിൽ  അഭിനയിച്ച അഞ്ജു റാണിയും (വെള്ള ഫ്രോക്കിട്ട കുട്ടി ) , ഉണ്ണി മാക്സ് ചേട്ടന്റെ ഭാര്യ ശ്രീപാർവ്വതിയോടുമൊപ്പം. പാർവ്വതി സാമൂഹ്യ പ്രവർത്തകയും , എഴുത്തുകാരിയുമാണ്. 




Sunday, January 27, 2019

സഹപാഠിയെ തേടിയൊരു യാത്ര ....


2019 ജനുവരി 24 വ്യാഴാഴ്ച  അന്നാണ് അവളുടെ നമ്പർ എനിയ്ക്ക് കിട്ടുന്നത്.  കുറെയേറെ അന്വേക്ഷണങ്ങൾക്കൊടുവിലാണ്  നമ്പർ സംഘടിപ്പിക്കാൻ കഴിഞ്ഞത്.  ദൈവത്തിനോടും അതിന് സഹായിച്ച രണ്ട് കൂട്ടുകാർ അനോജയോടും  ,പ്രിയയോടും  നന്ദി എത്ര പറഞ്ഞാലും  മതി വരില്ല .

ഫ്ലാഷ് ബാക്ക്
---------------------

  ബാങ്ക് മാനേജരുടേയും , ഹോമിയോ ഡോക്ടറുടേയും മകളായ രാജേശ്വരി 1993-ൽ ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് സ്കൂൾ മാറി പോകുന്നത്. അവളുടെ അച്ഛന് സ്ഥലം മാറ്റം ആയതിനാൽ അവൾക്കും , കുടുംബത്തിനും ഇവിടെ നിന്ന് പോകേണ്ടി വന്നു.
പഠിക്കുന്ന സമയത്ത് ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനായി വിടുന്ന സമയത്ത് ഞാനും അവൾക്കൊപ്പം അവളുടെ വീട്ടിൽ പോകുമായിരുന്നു. ദാരിദ്ര്യത്തിന്റെ കയ്പ് വേണ്ടുവോളം അനുഭവിച്ചിട്ടുള്ളതിനാൽ അവളുടെ വീട്ടിൽ നിന്ന് കിട്ടുന്ന ആഹാരം എനിയ്ക്ക് വലിയൊരു ആശ്വാസമായിരുന്നു. അവൾ സമ്മതിക്കില്ല എങ്കിലും അവിടെ ചെറിയ ചെറിയ ജോലികൾ ഞാൻ ചെയ്യുമായിരുന്നു. ബുക്സ് അടുക്കി വയ്ക്കലാണ് പ്രധാന ജോലി. ഇന്നതൊക്കെ ഓർക്കുമ്പോൾ സന്തോഷവും , അഭിമാനവുമാണ്.

             2019 ജനുവരി 25 സമയം രാവിലെ 7.50 . ചെറിയൊരു ആകാംക്ഷയോടെയാണ് ഞാൻ രാജേശ്വരിയെ വിളിച്ചത്.  26 വർഷങ്ങൾക്ക് ശേഷം വിളിക്കയാണ്. ഞാൻ ഓർത്തിരിക്കുന്നത് പോലെ അവൾ എന്നെ ഓർക്കുന്നുണ്ടാകുമോ.
              എന്തായാലും ഫോൺ റിംഗ് ചെയ്യുന്നുണ്ട്. അപ്പുറത്ത് ഫോണും എടുത്തു. രാജേശ്വരിയല്ലേ ഞാൻ ചോദിച്ചു. അതെ എന്ന മറുപടിയും കിട്ടി. ഹൃദയം പെരുമ്പറ കൊട്ടുന്നത് പോലെ ഇടിക്കയാണ്. ആരാണ് മറുപുറത്ത് നിന്നൊരു ചോദ്യം. ഞാൻ പ്രീതയാണ്. ഏഴാം ക്ലാസ് വരെ ഒപ്പം പഠിച്ചതാണ്. നമ്മൾ 5 പേരായിരുന്നു അന്ന് കൂട്ട് . കുറെയേറെ അടയാളങ്ങളും പറഞ്ഞു . തിരക്കായതിനാലാകും അവൾക്ക് പെട്ടെന്ന് എന്നെ ഓർമ്മ വന്നില്ല. പക്ഷേ എന്ത് കൊണ്ടോ ഒട്ടും നിരാശ തോന്നിയില്ല എന്ന് മാത്രമല്ല ശുഭാപ്തി വിശ്വാസവും ഉണ്ടായി. അവളുടെ തിരക്ക് മനസ്സിലാക്കി ഞാൻ ഫോൺ കട്ട് ചെയ്തു.
                     അന്നേ ദിവസം തന്നെ സമയം രാവിലെ 10. 23 അവൾ തിരികെ വിളിച്ചു പെട്ടെന്ന് ഓർക്കാത്തതിൽ ക്ഷമയും പറഞ്ഞു.   അവൾക്ക് തിരിച്ച് വിളിക്കാൻ തോന്നിയതിൽ എനിയ്ക്ക് സന്തോഷം തോന്നി . പിന്നെ വിശേഷങ്ങൾ പങ്കു വച്ചു. വർഷങ്ങൾക്ക് ശേഷം വാട്സ് ആപ്പിൽ  ഫോട്ടോകളിലൂടെ
പരസ്പരം കണ്ടു. ഉടനെ നേരിൽ കാണാൻ കഴിയുമെന്നാണ് പ്രതീക്ഷ