Friday, March 20, 2020

കുട്ടിക്കാല ഓർമ്മകൾ

ഒരു സാധാരണ കുടുംബത്തിലാണ് ജനിച്ചത്. അച്ഛനും , അമ്മയും കൂലി പണിക്കാരായിരുന്നു. അച്ഛൻ കിളക്കാനും , ഓലക്കെട്ടാനും , അമ്മ മണ്ണ് , ചാണകം എന്നിവ ചുമക്കാനും പോകും. അച്ഛനും , അമ്മയും കൊയ്ത്ത് കാലമായാൽ പാടത്ത് കൊയ്യാൻ പോകും . 

പണ്ട് കൊയ്ത്ത് കഴിഞ്ഞ പാടത്തിലൂടെ ഞങ്ങൾ കുട്ടികൾ ചെറിയ വട്ടി , വട്ടത്താമരയില , ചേമ്പില ഒക്കെയായി ഇറങ്ങും. കൊയ്ത്ത് കഴിഞ്ഞതിനാൽ ചെറിയ ചെറിയ നെൽ കതിരുകൾ , നെൽ മണികളൊക്കെ വയലിൽ കാണും. കുറെയൊക്കെ കാക്കയും , കൊക്കും ഒക്കെ കൊത്തി തിന്നും. കുറെ ഞങ്ങൾ കുട്ടികളും പെറുക്കിയെടുത്ത് വട്ടികളിൾ ശേഖരിക്കും. പാടത്ത് പശുക്കളെ കെട്ടിയിരിക്കും.ഇലകളിൽ അവിടെ നിന്ന്  കിട്ടുന്ന ചാണകങ്ങൾ ശേഖരിക്കും. അത് കൊണ്ട് വന്നാണ് വീടിൻ്റെ തറയൊക്കെ മെഴുകിയിരുന്നത്. വയലിൽ നിന്ന് കിട്ടുന്ന നെൽമണികളും , ചാണകവുമായി  വീട്ടിൽ വരും. ചാണകം ഉണങ്ങി പോകാതെ ഒരിടത്ത് സൂക്ഷിച്ച് വയ്ക്കും. 

         നെൽമണികളെ  വെയിലത്ത് വച്ചുണക്കി ഉരലിൽ  ഈ നെൽമണികളിട്ട് ഉലക്ക കൊണ്ട് കുത്തും. അതിന് ശേഷം ആ കുത്തിയ നെൽമണികളെ മുറത്തിലാക്കി അതിലെ ഉമി പാറ്റി കളയും . അതിന്ശേഷം കുത്തിയെടുത്ത അരിയെ വെള്ളത്തിലിട്ട് കുതിർത്ത ശേഷം ഉരലിൽ വച്ച് ആട്ടി മാവാക്കി വയ്ക്കും. പിറ്റേന്ന് രാവിലെ തേങ്ങാ വെള്ളവും , തേങ്ങയും, ഉപ്പ് കൂടി  ചേർത്ത് നന്നായി ഇളക്കി  ഇരുമ്പ് ചട്ടിയിൽ എണ്ണ തേച്ച് ഈ മാവിനെ തവി കൊണ്ട് അതിലേയ്ക്ക് കോരി ഒഴിച്ച ശേഷം അതിനെ അടച്ച് വച്ച് വെന്ത ശേഷം ചൂടോട് കൂടി കഴിക്കുന്ന ആ അപ്പത്തിൻ്റെ രുചി ഉണ്ടല്ലോ. അങ്ങനെ ഉണ്ടാക്കുന്ന അപ്പത്തിന് ഒരു പ്രത്യേക നിറവും , രുചിയും , മണവുമാണ്. ഒരു കറിയുടേയും ആവശ്യമില്ല. ഇന്ന് ഇതൊക്കെ ആലോചിക്കുമ്പോൾ നഷ്ടം എത്ര വലുതാണ്.

51 comments:

  1. ചാലിയാറിൽ മീൻപിടിക്കുന്നവർ മീൻ പിടിച്ച ശേഷം ഞങ്ങൾ അവിടെ തപ്പാറുണ്ടായിരുന്നു.അതാ ഓർമ്മ വന്നത്

    ReplyDelete
  2. പഴയ കാല ചിത്രങ്ങൾ.
    നന്നായി എഴുതി.

    ReplyDelete
  3. കൊയ്തൊഴിഞ്ഞ പാടവും കതിർമണി കൊയ്യാൻ വരുന്ന കിളികളും ചേറിന്റെ മണവും ഒക്കെ ഓർമ്മയിൽ വന്നെത്തി

    ReplyDelete
    Replies
    1. അതൊക്കെ ഒരു കാലം തന്നെ

      Delete
  4. തന്നത്താൻ അദ്ധ്വാനിച്ചുണ്ടാക്കുന്നതിൻ്റെ രുചിയും, മണവും, ഗുണവും ഒന്നുവേറെത്തന്നെയാണ്!
    പാടവും, കുഷിയും കൊയ്ത്തും, കറ്റച്ചു മക്കലും, മെതിയുമെല്ലാം ഓർമ്മയിൽ വന്നു,ഈ കുറിപ്പുവായിച്ചപ്പോൾ...
    'ഓർമ്മകൾക്കെന്തു സുഗന്ധം'.
    ആശംസകൾ

    ReplyDelete
    Replies
    1. ഒരുപാട് കഷ്ടപ്പെട്ടാണ് ചെറുപ്പത്തിൽ വളർന്ന് വന്നത്. നന്ദി അങ്കിൾ

      Delete
  5. ഒരിക്കലും തിരിച്ചുകിട്ടാത്ത ബാല്യകാല ഓർമ്മകൾ . ഭംഗിയായി എഴുതി പ്രവാഹിനിക്കുട്ടി . ആ അപ്പത്തിന്റെ രുചി ..

    ReplyDelete
    Replies
    1. ആ അപ്പത്തിൻ്റെ രുചി ഒന്ന് വേറെ തന്നെ

      Delete
  6. എഴുതിയത് വായിക്കുന്നു എന്നതിനേക്കാൾ ഒരു കാലഘട്ടത്തെ വീണ്ടും അനുഭവിക്കുന്നു എന്നു തോന്നി. ഇതുപോലെ നൂറു നുറുങ്ങുകൾ ചേർന്നതായിരുന്നല്ലോ കഴിഞ്ഞു പോയ കാലം എന്നോർക്കുമ്പോൾ ഉള്ളിലുണ്ടാവുന്നത് പറഞ്ഞറിയിക്കാനാവുന്നില്ല. പ്രവാഹിനിയുടെ എഴുത്ത് ഒരു രുചിയോർമ്മ മാത്രമല്ല.

    നന്ദി.

    ReplyDelete
  7. എന്റെ ചെറുപ്പത്തിലെ മറക്കാനാവാത്ത ഓർമയാണ് കൊയ്ത്ത് കാലം.കൊയ്ത്ത് കഴിഞ്ഞുള്ള പണിക്കൊക്കെ ഞങ്ങൾ കുട്ടികളടക്കം വീട്ടിലെ എല്ലാരും കാണും. വളഞ്ഞ മട്ടിക്കൊമ്പുകൾ കൊണ്ട് പരത്തിയിട്ടിരിക്കുന്ന വൈക്കോൽ മാടി ഒരിടത്ത് കൂട്ടിയിടുക.. വൈക്കോൽകൂന ആക്കാൻ.. കറ്റ മെതിച്ചതിന്റെക്കിടയിൽ കൂടെ രക്ഷപെട്ടുപോയ നൽക്കതിരുകളെ പെറുക്കിഎടുത്ത് വട്ടിയിൽ ഇടുക.. എല്ലാം കഴിയുംപോഴേക്കും മേലാകെ ചൊറിയാൻ തുടങ്ങും.. പിന്നെ കുളത്തിലോ മറ്റോ പോയി സോപ്പ് തേയ്ച്ച് ഉരച്ച് കഴുകിയാലും ആ ചൊറിച്ചിൽ മാറാൻ സമയമെടുക്കും.

    ReplyDelete
    Replies
    1. ശരിയാണ് വയ്ക്കോലിൻ്റെ മണ്ടയിൽ കയറി മറിച്ചിൽ ഒക്കെ ഒരു സുഖമുള്ള ഓർമ്മയാണ്.

      Delete
  8. ഇതൊരു ഓർമക്കുറിപ്പ് മാത്രമല്ല. ഓരോ സാധാരണക്കാരൻ്റെയും ജീവിതത്തിലെ ഒരു കാലഘട്ടത്തിൻ്റെ അടയാളപ്പെടുത്തൽ കൂടിയാണ്. കുറച്ചു നേരത്തേക്ക് ഞാനും കൊയ്ത്തുപാടത്ത് പോയി വന്നു. ആശംസകൾ.

    ReplyDelete
    Replies
    1. നന്ദി മറക്കാനാകാത്ത കാലങ്ങൾ

      Delete
  9. ആ അപ്പത്തിന്റെ രുചി ഈ എഴുത്തിലൂടെ എനിക്കും കിട്ടി പ്രീത..❤️

    ReplyDelete
    Replies
    1. അതൊരു പ്രത്യേക രുചിയാണ്. നന്ദി

      Delete
  10. കൊതിയൂറുന്നു വരികളില്‍...എല്ലാം തിരിച്ചു കിട്ടാത്ത ഓര്‍മ്മകള്‍ ....!

    ReplyDelete
    Replies
    1. അതെ ഒരിക്കലും തിരിച്ച് കിട്ടാത്ത ഓർമ്മകൾ .

      Delete
  11. കണ്ടം പൂട്ടലും ഞാറു പറിയും നടലും കള പറിയും കൊയ്ത്തും മെതിയും എല്ലാം ബാല്യത്തിന്റെ സുഖമുള്ള ഓർമ്മകൾ ആണ് . വരമ്പത്തിരുന്നു കുടിക്കുന്ന കഞ്ഞിക്കു ഒരു പ്രത്യേക ടേസ്റ്റ് ആണ് .
    കൊയ്തൊഴിഞ്ഞ പാടങ്ങളിൽ കതിര് പെറുക്കലും കഴിഞ്ഞ് ഉണക്ക ചാണകം പെറുക്കാൻ പോകുമായിരുന്നു ഞങ്ങൾ. അത് ഉണക്കിപ്പൊടിച്ചു വിറ്റ് വിഷൂന് പടക്കം വാങ്ങാനും പൂരത്തിന് കളിപ്പാട്ടം വാങ്ങാനും ഉള്ള കാശ് ഉണ്ടാക്കിയിരുന്ന ഒരു കാലം.....
    പ്രീത ചേച്ചി പോസ്റ്റ്‌ ഒത്തിരി ഇഷ്ടമായി.
    അങ്ങനെ അപ്പം ഉണ്ടാക്കുന്ന കാര്യം അറിയില്ല ട്ടോ ..
    പക്ഷേ അവൽ ഇടിച്ചു ഉണ്ടാക്കുമായിരുന്നു വീട്ടിൽ .

    ReplyDelete
    Replies
    1. അവൽ ഒന്നും ഉണ്ടാക്കിയിട്ടില്ല നന്ദി ദിവൃ

      Delete
  12. കുട്ടിക്കാലെത്തെ ഓർമ്മകൾക്ക് എപ്പോഴും ഒരു പ്രത്യേക മാധുര്യമാണ്. ഓർമ്മകൾ പങ്കുവെച്ചതിന് നന്ദി.

    ReplyDelete
  13. പ്രീത ഇന്നിവിടെ അപ്പം ആയിരുന്നു.
    കരിക്ക് വാങ്ങിയപ്പോൾ അല്പം മൂത്തതാണ് കിട്ടിയത്. അതു വേസ്റ്റാകണ്ടല്ലോ എന്നോർത്ത് അരി അരച്ച് ആ തേങ്ങാ അരച്ചതും , കരിക്ക് വെള്ളവും ചേർത്ത് അപ്പമുണ്ടാക്കി.
    എത്രയോ കഷ്ടപ്പാടായിരുന്നു പണ്ടത്തെ ജീവിതം..
    ഓർമ്മപ്പെടുത്തലിന് നന്ദി

    ReplyDelete
    Replies
    1. അതെ ചേച്ചി. നന്ദി

      Delete
  14. കെ.ഡി മുകളിൽ പറഞ്ഞതു പോലെ ഇത് ഒരു കാലഘട്ടത്തിന്റെ അടയാളപ്പെടുത്തൽ ആണ്. ചാണകം മെഴുകിയ തറയുള്ള വീടും മുറ്റവും ഇക്കഴിഞ്ഞ ദിവസം കൂടി ഓർത്തതേ ഉള്ളൂ. കഷ്ടപ്പാടുകൾ നിറഞ്ഞ കാലത്തിൽ നിന്നും ഇലക്കുമ്പിളിൽ നീട്ടിയ കുറെ ഓർമ്മത്തുണ്ടുകൾ!

    ReplyDelete
    Replies
    1. അതെ ഓരോ അടയാളപ്പെടുത്തൽ

      Delete
  15. "ആ അപ്പത്തിൻ്റെ രുചി ഉണ്ടല്ലോ.. " എന്ന് വായിച്ചു കഴിഞ്ഞപ്പോൾ , എന്റെ മനസ്സിൽ പെട്ടെന്ന് വന്നത് , നിവിൻ പോളിയുടെ ഡയലോഗാണ് …. " എന്റെ സാറേ ………….. " !!! പഴയ ഓർമ്മകൾ വളരെ മനോഹരമായി എഴുതി ...എന്റെ ആശംസകൾ.

    ReplyDelete
    Replies
    1. അത് നന്നായി . നന്ദി

      Delete
  16. അതെ ഇപ്പോഴുള്ള തലമുറക്കൊന്നും
    എത്തിപ്പിടിക്കുവാൻ സാധിക്കാത്ത നമ്മുടെയൊക്കെ
    ആ സുന്ദരമായ കുട്ടിക്കാലസ്മരണകൾ ..

    ReplyDelete
  17. ഗതകാല സ്മരണകളാൽ സമൃദ്ധം... ചാണകം മെഴുകിയ തറയും ഓല മേഞ്ഞ മേൽക്കൂരയും ചിമ്മിനി വിളക്കും എല്ലാം നിറഞ്ഞതായിരുന്നു എന്റെയും കുട്ടിക്കാലം... എങ്കിലും ആ ജീവിതവും മധുരതരമായിരുന്നു...

    ReplyDelete
    Replies
    1. ആ ചാണകം മെഴുകിയ തറയിൽ കിടന്നുറങ്ങാനും ഒരു സുഖമാണ്

      Delete
  18. എനിക്കും ഇത്തരം ഒരുപാട് ഓർമ്മകൾ ഉണ്ട്.. ഇപ്പോൾ ഞങ്ങളുടെ പഞ്ചായത്തിൽ ഒരു നെൽവയൽ പോലും ഇല്ല.. എഴുത്ത് ഇഷ്ടം ആയി.. ആശംസകൾ

    ReplyDelete
    Replies
    1. നെൽവയലൊക്കെ ഉണ്ട്. ഇന്ന് കൊയ്ത്തിന് ആളില്ല

      Delete
  19. പുതിയ രുചിക്കൂട്ടട് . ഗൃഹാതുരത്വമുണർത്തുന്ന ഓർമകൾ

    ReplyDelete
  20. ഒരു കുഞ്ഞുപോസ്റ്റിലൂടെ എന്റെയും ഓർമ്മകളിലെ അപ്പത്തിന്റെ രുചി നാവിൽ പടർത്തി :-)

    ReplyDelete
  21. കൊയ്തു കഴിഞ്ഞ കാലം ഒക്കെ ഇന്നും ഓർക്കുന്നു. ഇപ്പോഴും ഇന്നാട്ടിൽ ഇവയൊക്കെ നടക്കുന്നുണ്ടെങ്കിലും വീട്ടിലില്ല.. നല്ല ഓർമ്മകൾ ചേച്ചീ...

    ReplyDelete
    Replies
    1. അതൊക്കെ ഒരു കാലം

      Delete
  22. എന്തോരം കൊയ്യാൻ പോയിരിക്കുന്നു..

    കുറച്ചൂടെ എഴുതാമായിരുന്നു.

    ReplyDelete
    Replies
    1. എഴുതാമായിരുന്നു

      Delete
  23. ചേച്ചിയുടെ ഓർമകൾക്കൊപ്പം ഒരുപാട് പിറകോട്ടു പോയി.ആ അപ്പത്തിന്റെ രുചിയിൽ അവസാനിക്കാതെ ഓർമ്മകളിൽ അകപ്പെട്ട് പോകുന്ന വായന ഇഷ്ടായി ട്ടാ.

    ReplyDelete
  24. പഴയകാലത്തേയ്ക്കൊരു യാത്രപോയി. പക്ഷേ അന്നത്തിന് വേണ്ടിയുള്ള ആ കഷ്ടപ്പാടോർത്ത് വിഷമവും തോന്നി.

    ReplyDelete
    Replies
    1. അന്നൊക്കെ അങ്ങനെയാണ്.

      Delete