Sunday, October 13, 2019

സാരി

പലപ്പോഴും ആഗ്രഹിച്ചാൽ പോലും ചക്ര കസേരയിൽ സഞ്ചരിക്കുന്ന എനിയ്ക്ക് സാരി ഉടുക്കുക എന്നത് വലിയ കടമ്പയാണ്. വണ്ടിയിൽ എടുത്ത് കയറ്റുമ്പോഴോ , ഇറക്കുമ്പോഴോ സാരി അവിന്ന് പോകുമോ എന്ന ടെൻഷനുണ്ട്. ജീവിതത്തിൽ ആദ്യമായി സാരിയുടുത്തത് ഈ വർഷം നടന്ന  പത്താം ക്ലാസിലെ റീ- യൂണിയനാണ് . സ്കൂൾ വീടിനടുത്തായത് കൊണ്ടും , വീൽചെയറിൽ തന്നെ പോകയും, വരികയും ചെയ്യുന്നത് കൊണ്ടും വലിയ ടെൻഷനില്ലായിരുന്നു. ഇന്നലെ ലോകപാലിയേറ്റീവ് കെയർ ദിനത്തോടനുബന്ധിച്ച് കോവളത്ത് നടക്കുന്ന പാലിയം ഇന്ത്യയുടെ പരിപാടിയിൽ സാരി ഉടുക്കണമെന്ന്  നേരത്തെ നിശ്ചയിച്ചിരുന്നു.


 

 അങ്ങനെ അടുത്ത വീട്ടിലെ കുട്ടി അവളുടെ തന്നെ ഒരു സാരി കൊണ്ട് തന്ന് അവൾ തന്നെ ഉടുപ്പിച്ചു തന്നു.  ഒരു വള്ളി വച്ച് സാരി അഴിഞ്ഞ് പോകാതിരിക്കാൻ കെട്ടി വയ്ക്കുകയും ചെയ്തു.  അങ്ങനെ സാരി ഉടുത്ത് ഓട്ടോയിൽ കയറി പോകണമെന്ന ആഗ്രഹം സഫലമായി ♥️

Friday, October 4, 2019

വീൽചെയർ സൗഹൃദം

കഴിഞ്ഞ മാസം 18-ാം തിയ്യതി മെഡിക്കൽ കോളേജിൽ ചെക്കപ്പിന് പോകണമായിരുന്നു. മെഡിക്കൽ കോളേജിൽ നിന്നിറങ്ങിയ ശേഷം വഞ്ചിയൂരുള്ള  സപ്ലേ ഓഫീസിൽ പോകേണ്ട ആവശ്യമുണ്ടായിരുന്നു. അപ്പോഴേയ്ക്കും സമയം 2.30 . സപ്ലേ ഓഫീസിൽ നിന്നിറങ്ങിയ ശേഷം വീൽചെയറിൽ തന്നെ അടുത്തുള്ള ഹോട്ടൽ മാസിലേയ്ക്ക് പോയി ഭക്ഷണം കഴിക്കാൻ . 



           ഹോട്ടലിന് മുൻവശം കുറച്ച് പൊക്കത്തിലാണ്. അവിടെ വീൽചെയറോടു  കൂടി പൊക്കി കയറ്റി. പിന്നെ നേരെ കൈ കഴുകാൻ പോയി. എനിയ്ക്ക് വളരെ സന്തോഷം തോന്നി. കാരണം വീൽചെയറിലിരുന്ന് കൊണ്ട് തന്നെ കൈ കഴുകാൻ ഒരു ബുദ്ധിമുട്ടുമില്ലാതെ പറ്റി . അവിടുന്ന് നേരെ മേശയ്ക്കരികിലേയ്ക്ക് വന്നപ്പോൾ അവിടേയും വീൽചെയർ മേശയ്ക്കടിയിലേയ്ക്ക് കയറി മേശയോട് ചേർന്നിരുന്ന് ഭക്ഷണം കഴിക്കാൻ പറ്റി. പിന്നീട് ഊണിന് പറഞ്ഞു. അപ്പോൾ ഊണ്  തീർന്നു. പിന്നെയുള്ളത് കപ്പയാണ് . രാവിലെ മുതൽ ഒന്നും കഴിക്കാതിരിക്കുന്നത് കൊണ്ട് കപ്പ കഴിച്ചാൽ വയറുവേദന വരുമെന്നറിയാവുന്നത് കൊണ്ട്  തീരെ നിവൃത്തിയില്ലാത്തത് കൊണ്ടും പെറോട്ടയും , ചിക്കൻ കറിയും കഴിച്ചു.  നെഞ്ച് വേദന വന്ന ശേഷം അങ്ങനെ  പെറോട്ട കഴിക്കാറില്ലായിരുന്നു.  


               പെറോട്ട ആരോഗ്യത്തിന് നല്ലതല്ലെന്നറിയാമായിരുന്നിട്ടും  വളരെ സന്തോഷത്തോടെയാണ്‌ കഴിച്ചത് .കാരണം എല്ലായിടത്തും ഇത് പോലെ മേശയോട് ചേർന്ന് വീൽചെയർ അടുപ്പിച്ച്  ഇട്ട് കഴിക്കാൻ പറ്റില്ല. ഈ ഹോട്ടലിന് മുന്നിൽ ഒരു റാമ്പ് കൂടി വരികയാണെങ്കിൽ സൂപ്പറായിരിക്കും. ഞാനത് ഹോട്ടലിന്റെ ഉടമയോട് പറയുകയും ചെയ്തു. (കഴിച്ച ഭക്ഷണം നോക്കണ്ട. അതിലെ വീൽചെയർ ഫ്രണ്ട്ലി ടേബിൾ , വാഷ്ബേസ് ഇവ മാത്രം ശ്രദ്ധിച്ചാൽ മതി