Monday, December 20, 2010

പ്രത്യാശ

തിരുവനന്തപുരം ജില്ലയിലെ തോന്നയ്ക്കല്‍ എന്ന വളരെ മനോഹരമായ കൊച്ചു ഗ്രാമത്തിലെ താമസക്കാരിയാണ് ഞാന്‍.   എന്‍റെ വീട് റോഡ് അരികില്‍ നിന്ന് കുറെ ഉള്ളിലാണ്.വാഹനങ്ങള്‍ ഒന്നും കടന്നു വരാത്ത ഒരാള്‍ക്ക് കഷ്ടിച്ച് നടന്നു വാരാവുന്ന  സ്ഥലത്ത്.

വീട്ടിലെ അംഗങ്ങളെ കുറിച്ച് പറയുകയാണെങ്കില്‍ അച്ഛനും , അമ്മയും , ചേച്ചിയും  ഉണ്ട്.ഇപ്പോള്‍ എന്‍റെ അമ്മക്ക്  നെഞ്ചു        വേദനവന്ന് അതിനുള്ള മരുന്നു കഴിക്കുന്നു.ഞാന്‍ ഒരു   വീല്‍ചെയറെങ്കിലും കടന്നു പോകുന്നതിനുള്ള വഴിക്കു വേണ്ടി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.ഒരു വഴി ഇല്ലാത്തതിന്റെ ബുദ്ധിമുട്ട് ശരിക്കും അനുഭവിക്കുന്നവളാണു ഞാന്‍.എന്‍റെ അമ്മ നെഞ്ചു വേദനയെടുത്ത് പുളഞ്ഞപ്പോള്‍ എനിക്ക് അത് കണ്ടുകൊണ്ടിരിക്കാനേ കഴിഞ്ഞുള്ളൂ.ഒരു വഴി ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ വീല്‍ചെയറിലിരുന്നു എന്‍റെ അമ്മയുടെ കൈപിടിച്ച് ആശുപത്രിയില്‍ കൊണ്ടുപോകുമായിരുന്നു.അതിനുപോലും കഴിയാത്ത ഒരു മകളുടെ നിസ്സാഹായവസ്ഥ ഞാന്‍ പറയേണ്ട കാര്യമില്ലല്ലോ.

ഇപ്രാവശ്യം എന്‍റെ ജീവിതത്തില്‍ ഉണ്ടായ സംഭവങ്ങളില്‍ നിന്നുള്ള രണ്ട് കാര്യങ്ങളാണ് ഞാന്‍ ഇവിടെ എഴുതാന്‍ പോകുന്നത്.
യാദൃശ്ചിക സംഭവങ്ങളുടെ ഘോഷയാത്രയാണ് എന്‍റെ ജീവിതം.ഈ അടുത്ത് ഒരാള്‍ കടന്നുവന്നു.ഒരു നറുപുഞ്ചിരിയോടെ വീടിന്റെ ഉള്ളിലേക്ക് കടുന്നുവന്ന ആ ചേട്ടന്‍ സ്വയം പരിചയപ്പെടുത്തിയപ്പോള്‍ എനിക്ക് സന്തോഷവും,അത്ഭുതവും ഉണ്ടായി.എപ്പോഴും പുഞ്ചിരിക്കുന്ന ആ മുഖം.സ്നേഹത്തോടെയുള്ള പെരുമാറ്റം. എന്തുപറഞ്ഞാലും"നോക്കാം"എന്നുള്ള മറുപടിയും. ആ മറുപടി കേള്‍ക്കുമ്പോള്‍ നിരാശയിലാണ്ടിരിക്കുന്നവര്‍ക്ക് പ്രത്യാശയുടെ ഒരു തിരിവെട്ടം കിട്ടുകയാണ് ചെയ്യുന്നത്. കോഴിക്കോട് സ്വദേശിയായ ആ ചേട്ടന്‍ കോഴിക്കോട് പാലിയേറ്റിവ് കെയറിലെ സജീവപ്രവര്‍ത്തകരില്‍ ഒരാളാണ്.ഉദയന്‍ എന്നാണ് പേര്.ആ ചേട്ടനെ കണ്ടപ്പോള്‍ എനിക്ക് പണ്ടത്തെ നടന്‍            അടൂര്‍ഭാസിയെയാണോര്‍മ്മവന്നത്.

2010ആഗസ്റ്റ് ഇരുപത്തിരണ്ടാം തിയതി ഉത്രാടത്തിന്റെ അന്ന് ഒരു പെണ്‍കുട്ടിയെ ഞാന്‍ പരിചയപെട്ടു.കുറച്ചു പ്രശസ്തി നേടിയ ആ കുട്ടിയുടെ വളരെ കാലത്തെ ആഗ്രഹം ആയിരുന്നു പോലും എന്നെ പരിചയപ്പെടണം എന്നുള്ളത്.ആ കുട്ടി അങ്ങനെ പറഞ്ഞപ്പോള്‍ അത്ഭുതവും സന്തോഷവും തോന്നി എനിയ്ക്ക്

ഞാന്‍ ഒരു റേഡിയോശ്രോതാവാണ്.ഇടയ്ക്ക് ഞാന്‍ അനന്തപുരി എഫ്.എമ്മില്‍ വിളിച്ച് എന്‍റെ ഇഷ്ടഗാനം ചോദിക്കാറുണ്ട്.അങ്ങനെ അവളും എന്‍റെ ശബ്ദം റേഡിയോയിലൂടെ കേട്ടിട്ടുണ്ട്.കുറച്ചു പ്രശസ്തി ഒക്കെയുള്ള ഒരു കുട്ടി എന്നെ പോലെയുള്ള ഒരാളെ പരിചയപ്പെടണമെന്നു പറയുന്നതു തന്നെ സന്തോഷമുള്ള കാര്യമാണ്.അവളെ കുറിച്ച് എനിക്ക് അറിയാവുന്ന കുറച്ചുകാര്യങ്ങള്‍ എഴുതുകയാണ്.

അവള്‍ കാഴ്ചയില്ലാത്ത കുട്ടിയാണ്.കടയ്ക്കല്‍ സ്വദേശിനി.നല്ല പാട്ടുകാരി.ഐഡിയസ്റ്റാര്‍ സിംഗര്‍ എന്ന പരിപാടിയില്‍ പാട്ടുപാടി പത്താം സ്റ്റേജ് വരെ വന്ന് അതില്‍ നിന്നും പുറത്തായവളാണ്.അവളുടെ വീട്ടില്‍ അച്ഛനും ,അമ്മയും,അനുജത്തിയും ഉണ്ട്.അച്ഛന്‍  തടിപ്പണിക്കും, അമ്മ മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയിലും ജോലിക്കു പോകുന്നു.അനുജത്തിയുടെ വിവാഹം കഴിഞ്ഞു.ആ കുട്ടി ഭര്‍ത്താവിന്റെ വീട്ടിലാണ്.ഇങ്ങനെ സ്റ്റാര്‍സിംഗറില്‍ പങ്കെടുത്ത കുട്ടിയാണ് എന്നെ പരചയപ്പെടണം എന്ന് പറഞ്ഞത്.അത് ഞാന്‍ എങ്ങനെ വിശ്വസിക്കും.അവള്‍ പറഞ്ഞ കാര്യങ്ങള്‍ എന്‍റെ ഹൃദയത്തില്‍ ആഴത്തില്‍ പതിഞ്ഞു.

"ചേച്ചീ ഞാന്‍ സ്റ്റാര്‍സിംഗറില്‍ വന്നതുകൊണ്ടാണ് എല്ലാവരും അറിഞ്ഞത്.അതിനുമുമ്പേ ചേച്ചി റേഡിയോയിലൂടെ സ്റ്റാറായി"
എനിക്ക് ഒത്തിരി സന്തോഷം തോന്നിയ നിമിഷം.ഇതില്‍ കൂടുതല്‍ എന്ത് അംഗീകാരമാണ് ഇനി കിട്ടാനുള്ളത് .എന്‍റെ മനസ്സില്‍ തോന്നിയ ഒരു കാര്യമാണ് ഇനി എഴുതാനുള്ളത്.തെറ്റാണെങ്കില്‍ വായനക്കാര്‍ ക്ഷമിക്കുക.

വൈകല്യം ഒരു ശാപമാണോ? ഒരു ആണിനു എന്തെങ്കിലും വൈകല്യം വന്നല്‍ ഒരു പെണ്ണ്  അയാളുടെ ജീവിതത്തിലേക്ക് കടന്നു വരാന്‍ തയ്യാറാകും. എന്നാല്‍ ഒരു പെണ്ണിനു എന്തെങ്കിലും വൈകല്യം ഉണ്ടായാല്‍  ഒരു ആണ് എന്തുകൊണ്ട് അവളുടെ കാര്യങ്ങള്‍ എല്ലാം മനസ്സിലാക്കി ഒരു ജീവിതം നല്‍കാന്‍  മുന്നോട്ട് വരുന്നില്ല.എല്ലാ ആണുങ്ങളും അങ്ങനെയല്ല.നേരത്തെ പറഞ്ഞ പെണ്‍കുട്ടിയുടെ കാര്യം തന്നെയെടുക്കാം .ഇത്ര പ്രശസ്തി നേടിയിട്ടും എന്തുകൊണ്ട് അവളുടെ അവസ്ഥ മനസ്സിലാക്കി ഒരു ജീവിതം കൊടുക്കാന്‍ ആരും മുന്നോട്ട് വരുന്നില്ല.ആണുങ്ങള്‍ പൊതുവേ സ്വാര്‍ത്ഥരാണ്.അതുകൊണ്ടാണോ?വൈകല്യമുള്ള ഒരു പെണ്‍കുട്ടിയെ ജീവിതത്തിലേക്ക് കൈപിടിച്ചു കൊണ്ടുവന്നാല്‍ അവളുടെ കാര്യം കൂടി അയാള്‍ നോക്കേണ്ടിവരും എന്നുള്ള ചിന്താഗതി കൊണ്ടാണോ?

സ്ത്രീകള്‍ എപ്പോഴും അടിച്ചമര്‍ത്തപ്പെടേണ്ടവളാണോ?അതുകൊണ്ടാണോ വൈകല്യമുള്ള പെണ്‍കുട്ടികള്‍ക്ക് സമൂഹത്തില്‍ നിന്ന് ഇങ്ങനെയൊക്കെ അനുഭവിക്കേണ്ടി വരുന്നത്.ഇത്രയും പ്രശസ്തി കിട്ടിയ അവള്‍ക്ക് ഇങ്ങനെയൊരു അനുഭവമാണ് ഉണ്ടാകുന്നത് എങ്കില്‍ എന്നെ പോലെയുള്ള  ഏറ്റവും താഴെ തട്ടിലുള്ള വൈകല്യമുള്ള പെണ്‍കുട്ടികളുടെ കാര്യം പറയേണ്ടകാര്യമില്ലല്ലോ.ഞങ്ങളുടെ ജീവിതത്തിലേക്ക് ഞങ്ങളുടെ അവസ്ഥ മനസ്സിലാക്കി ഒത്തിരി സ്നേഹവുമായി എന്നെങ്കിലും ഒരാള്‍ കടന്നു വരും എന്ന പ്രതീക്ഷയോടെ കാത്തിരിക്കാം .തല്‍ക്കാലം ഞാന്‍ ഇത്രയും എഴുതി നിര്‍ത്തുന്നു.

Sunday, December 19, 2010

ഇതു ഞാനുണ്ടാക്കിയ മാല
ഇതു ഞാനുണ്ടാക്കിയ പാദസരം
ഈ പാദസരം ഞാനുണ്ടാക്കിയതാണ്
ഞാനുണ്ടാക്കിയ മുത്തുമാല

സാന്ത്വനം


ഞാന്‍ ഒന്‍പ്തു വര്‍ഷത്തിലധികമായി പരാലിസിസ്സ് ആയ ഒരു പാരാപ്ലീജിയ സ്കോളിയോസിസ് രോഗിയാണ്.തിരുവനന്തപുരം ജില്ലയിലെ തോന്നയ്ക്കല് എന്ന സ്ഥലത്താണ് എന്റെ വീട്.അമ്മയും അച്ചനും ചേച്ചിയും അടങ്ങുന്നതാണ് എന്റെ കുടുംബം.ചേച്ചിയുടെ കല്യാണം കഴിഞ്ഞു രണ്ടു മക്കളുണ്ട്.സാമ്പത്തികമായും ശാരീരികമായും അവശരാണു എന്റെ മാതാപിതാക്കള്.എന്റെ വീട്ടിലേക്ക് ഒരു റോഡ് സൗകര്യം പോലുമില്ല.നടക്കാന് കഴിയാത്ത എനിക്ക് ഒരു അസുഖം വന്നാല് ഒന്നു ആശുപത്രിയില് പോകണമെങ്കില് മറ്റുള്ളവരുടെ കാലുപിടിക്കണം.കാരണം റോഡിലെത്തണമെങ്കില് ഒന്നര കിലോമീറ്റര് താങ്ങിയെടുക്കണം.വീല്ചെയര് ഉപയോഗിക്കുന്ന എനിക്ക് അതിലെങ്കിലും റോഡിലെത്താനുള്ള ഒരു വഴിയെങ്കിലും ഉണ്ടായിരുന്നെങ്കില്.ഇതിനു വേണ്ടി മുട്ടാത്ത വാതിലുകളില്ല.അവസാനം കേരള മുഖ്യമന്ത്രിയുടെ സുതാര്യ കേരളം പരിപാടിയുടെ പടിക്കലുമെത്തി. പക്ഷെ ഇന്നേ വരെ ആരും കണ്ണുതുറന്നില്ല.വീട്ടിലിരുന്ന് എന്നാലാവുന്ന ചെറിയ ചെറിയ ജോലികളൊക്കെ ഞാന് ചെയ്യുന്നുണ്ട്.ഗ്ലാസ് പെയിന്റിംങ്ങും ഫ്ലവര്മേക്കിംങ്ങും സ്പോഞ്ച് കൊണ്ട് പാവക്കുട്ടിയും മുത്തുകള് കൊണ്ട് മാല കമ്മല് മുതലായവ.ഒരു പിണക്കത്തോടെ വഴി മാറിയ ജീവിതത്തെ പ്രതീക്ഷയോടെ അരികിലെത്തിക്കാനുള്ള ശ്രത്തിലാണു ഞാന്....അതില് നിങ്ങളെല്ലാവരും കൈ കോര്ക്കുമെന്ന പ്രതീക്ഷയോടെ....എന്റെ അവസ്ഥകളെല്ലാം മനസ്സിലാക്കി എനിക്ക് ഒരു ജീവിതം തരാന് തയ്യാറുള്ള ഒരു ജീവിത പങ്കാളിയെ ഞാന് കാത്തിരിക്കുന്നു.ഒരു പുതിയ ജീവിതത്തിന്നായി. ചെറിയ ജോലികൊണ്ടൊന്നും രോഗികളായ മാതാപിതാക്കളെ പരിപാലിക്കാന് സാധിക്കുന്നില്ല.മൂന്ന് പ്രാവശ്യം ഹാര്ട്ട് അറ്റാക്ക് വന്ന അമ്മക്ക് മരുന്ന് വാങ്ങാന് തന്നെ ഭാരിച്ച തുക വേണം.DTP കോഴ്സ് പഠിച്ച എനിക്ക് ഇവിടെയുള്ള ചില സ്ഥാപനങ്ങള് വര്ക്കുകള് തരാമെന്നു പറയുന്നുണ്ട്.പക്ഷെ കമ്പ്യൂട്ടര് ഇല്ലാതെ ജോലി ഏറ്റെടുക്കാന് പറ്റില്ലല്ലോ.ഒരു കമ്പ്യൂട്ടര് വാങ്ങുകയെന്നത് എന്നേയും കുടുംബത്തിനേയും സംബദ്ധിച്ചിടത്തോളം അസാധ്യമാണ്.വീട്ടിലേക്കൊരു റോഡും കുടുംബം പുലര്ത്താനൊരു കമ്പ്യൂട്ടറുമാണ് എന്റെ ജീവിതത്തിലെ രണ്ട് ആഗ്രഹങ്ങള് .ദൈവം ഒരിക്കലെങ്കിലും എന്നെയും കാണുമെന്ന പ്രതീക്ഷയോടെ.....

പ്രീത തോന്നയ്ക്കല്.pravaahiny@gmail.com,

ഒരു കുട്ടി മരം കയറ്റം

എന്റെ ചെറുപ്പത്തില്‍ (സുഖമില്ലാതാകുന്നതിന്‍ മുന്പ് ) മാങ്ങ പറിക്കാന്‍ വേണ്ടി ഞാന്‍ മാവില്‍ വലിഞ്ഞു കയറി. താഴെ നിന്ന എന്റെ ചേച്ചി മാങ്ങ പറിക്കുന്നതിന് വേണ്ടി ഒരു തോട്ടി എന്റെ കയ്യില്‍ തന്നു. ആ തോട്ടി കൊണ്ട് മാങ്ങ പറിച്ചു കഴിഞ്ഞു തോട്ടി തറയിലിട്ടു. പക്ഷെ തിരിച്ചിറങ്ങാന്‍ കഴിയുന്നില്ല. ഞാന്‍ അതിന്റെ മുകളിളിരുന്ന്‍ ഉച്ചത്തില്‍ നിലവിളിക്കാന്‍ തുടങ്ങി. ഇത് കേട്ട എന്റെ ചേച്ചി എന്നെ താഴെയിറക്കാന്‍ മരത്തിനു മുകളിലേക്ക് കയറി. പക്ഷെ ആ ശ്രമവും പരാജയപ്പെട്ടു. പിന്നെ ഞാന്‍ രണ്ടും കല്പിച് കണ്ണുകള്‍ ഇറുകെ അടച് താഴേക് ചാടി.കണ്ണ് തുറന്നപ്പോള്‍ അപകടമൊന്നും സംഭവിക്കാതെ താഴെ എത്തിയെന്നറിഞ്ഞു.

അമ്മ

അമ്മ കുഞ്ഞിന്‍ നാവിലെ ആദ്യാക്ഷരം
ആരാധിക്കുന്നു അനുഗ്രഹമേ
ഇവിടെ ജനിക്കും മാനവര്‍ക്ക്
ഈശ്വരനെന്നത് ഇവളല്ലേ?
ഉദരത്തില്‍ ചുമന്ന്‍ ഉദാത്തമാക്കി
ഊഷ്മള കണ്ണീരാല്‍ ഉണ്ണി പിറന്നും
ഋതുമാതിയായി ഒരു കാലം നിന്നവളെ
എല്ലാം നിന്നിലടങ്ങും
ഏടാകൂടം നിന്‍ ശയനം കെടുത്തിയാലും
ഐശ്വര്യമായി നീ പുഞ്ചിരിപ്പൂ
ഒപ്പം നില്‍ക്കാനൊരു ശക്തിയുണ്ട്
ഓന്കാരമെന്ന ആദി ശബ്ദം
ഔന്നത്യം കൊണ്ട് തുല്യതയില്ല
അംശം കൊണ്ട് നീ എല്ലാടിലുമുണ്ട്
അവനീ തലത്തില്‍ നിറഞ്ഞ നില്പൂ.
(ഈ വരികള്‍ക്ക് ഒരു പ്രത്യേകതയുണ്ട്, കണ്ടെത്തുക)
കരമന.സി.അശോക്‌കുമാര്‍,ഫയര്‍&റെസ്ക്യു സര്‍വിസ് ,വര്‍ക്കല, തിരുവനന്തപുരം.

വളരുന്ന ചക്രവാളം

വളരെ യാദൃഛികമായാണ് ഞാന്‍ പാലിയേറ്റീവ് കെയറിനെക്കുറിച്ച് കേള്‍ക്കുന്നത്.
ഒരു ദിവസം റേഡിയോ ഹെല്‍ത്ത് എന്ന പരിപാടി അനന്തപുരി എഫ് എമില്‍
കേള്‍ക്കാനിടയായി.അന്നാണ് ഞാന്‍ പാലിയേറ്റിവ് കെയര്‍ എന്താണെന്നും അവര്‍
എന്ത് സേവനമാണ് ചെയ്യുന്നതെന്നും മനസ്സിലാക്കിയത്.എന്റെ ഒരു സുഹൃത്തില്‍നിന്ന്
ഞാന്‍ പാലിയേറ്റിവ് കെയറിന്റെ നമ്പര്‍ സംഘടിപ്പിച്ചു ആദ്യം കിട്ടിയത് കോഴിക്കോടുള്ള

നമ്പറായിരുന്നു.നല്ല പരിഭ്രമത്തിലായിരുന്നു ഞാന്‍!പക്ഷെ,ആ ചേട്ടന്റെ ഹൃദ്യമായ
പെരുമാറ്റം എന്റെ ഭയത്തെ മാറ്റി.അദ്ദേഹമാണെനിക്ക് തിരുവനന്തപുരം യൂനിറ്റിന്റെ

നമ്പര്‍ തന്നത്.

തിരുവനന്തപുരം പാലിയേറ്റിവില്‍ വിളിച്ച് ബന്ധപ്പെട്ടപ്പോഴാണ്. എന്റെ വീട്ടില്‍നിന്ന്
കുറച്ചകലെയുള്ള മുരുക്കുംപുഴ പാലിയേറ്റിവ് കെയര്‍ യൂണിറ്റിനെക്കുറിച്ചറിയുന്നത്!
അവിടെ ഉണ്ടായിരുന്നവര്‍ വളരെ സ്നേഹത്തോടെ എന്റെ കാര്യങ്ങളൊക്കെ
ചോദിച്ചറിയുകയും,പിറ്റേന്ന് കാലത്തെ ഞാനുമായി ഫോണില്‍ സംസാരിച്ച ചേട്ടനും
പാലിയേറ്റിവ് വളന്റിയറായ അദ്ദേഹത്തിന്റെ ഭാര്യയും കൂടി എന്നെ കാണാന്‍ വന്നു!
അവര്‍ നല്‍കിയ നിര്‍ദേശപ്രകാരം,രണ്ട് ദിവസത്തിനകം പാലിയം ഇന്ത്യയിലെ
ഒരു ഡോക്ടറും സിസ്റ്റര്‍മാരും കൂടി എന്നെ കാണാന്‍ വന്നു!കുറച്ച് മരുന്നുകള്‍ നല്‍കി.
അവര്‍ തന്ന മരുന്നിനെക്കാള്‍ എറ്റവും വലിയ മരുന്ന് അവരുടെ സമീപനമായിരുന്നു.
എത്ര ഹൃദ്യമായ പെരുമാറ്റം !എന്റെ കൂടെ കുറേസമയം അവര്‍ ചെലവഴിച്ചു!
അവരുടെ വാക്കുകള്‍ എനിക്കൊത്തിരി സന്തോഷം പകര്‍ന്നുതന്നു.

ഇനി ഞാനെന്നെയൊന്ന് പരിചയപ്പെടുത്തട്ടെ...
എന്റെ പേര്‍ പ്രീത.എനിക്കൊത്തിരി ഇഷ്ടമുള്ളൊരു പേരാണിത്!എന്റെ വീട്ടില്‍
അച്ചന്‍ അമ്മ ഒരു ചേച്ചി.രണ്ട് കൂട്ടികളുമായി അവര്‍ ഭര്‍ത്താവിന്റെ നാട്ടില്‍ താമസിക്കുന്നു.
അച്ചനും അമ്മയും കൂലിപ്പണിക്കാരാണ്‍.കാലില്‍ വെരിക്കോസ് വെയിനിന്റെ ഓപറേഷന്‍
കഴിഞ്ഞതിനാല്‍ അമ്മക്കിപ്പോള്‍ ജോലിക്ക് പോവാനാവുന്നില്ല.

കഴിഞ്ഞ ഒമ്പത് വര്‍ഷമായി അരക്ക്താഴെ തളര്‍ന്നുകിടപ്പിലാണ് ഞാന്‍ ! പ്രീഡിഗ്രി വരെ
പഠിച്ചു.2000ത്തിന്റെ ഒടുവില്‍ എന്റെ കാലുകള്‍ക്ക് വേദനതുടങ്ങിയപ്പോള്‍ തിരുവനന്തപുരം
ഫിസിക്കല്‍ മെഡിസിന്‍ & റിഹാബിലിറ്റേഷന്‍ സെന്ററില്‍ ചെന്ന് കാണിച്ചു.ചില സംശയങ്ങള്‍
തോന്നിയ അവര്‍ വിദഗ്ദ്ധപരിശോധനക്കായി ശ്രീചിത്ര ഹോസ്പിറ്റലിലേക്കയച്ചു.അവിടെ
എം ആര്‍ ഐ സ്കാന്‍ ചെയ്തപ്പോള്‍ നട്ടെല്ലില്‍ ട്യൂമര്‍ വളരുകയാണെന്നും ഉടന്‍ ഓപറേഷന്‍
ചെയ്യണമെന്നും പറഞ്ഞു !അങ്ങിനെ 2001 ഫെബ്രുവരി 13ന് ഓപറേഷന്‍ കഴിഞ്ഞു.ഞാന്‍
അങ്ങിനെ ജീവിതത്തിന്റെ മറുഭാഗം അനുഭവിക്കാന്‍ തുടങ്ങി...ഒരേ കിടപ്പ് !!ഫിസിക്കല്‍
മെഡിസിന്റെ കീഴില്‍ 8മാസം മെഡിക്കല്‍ കോളേജില്‍ ദീര്‍ഘശയനം !! കിടപ്പ് ഇപ്പോഴും
അനുസ്യൂതം തുടരുന്നു.

എന്റെ വീട് റോഡരികിലല്ല,വീട്ടിലേക്കുള്ള വഴിയാകട്ടെ ഒരാള്‍ക്ക് കഷ്ടിച്ച് പോവാനാവാത്തതും!വര്‍ഷങ്ങളായി എന്റെ ലോകം ചെറു മുറിയുടെ നാലുചുമരുകളാണ് !
കുറച്ച് കൂട്ടുകാരുമുണ്ടെനിക്ക്.എന്നെത്തേടി വരുന്ന നല്ല കൂട്ടുകാര്‍.ഈ അടുത്തൊരു നാള്‍
ഡോക്ടര്‍ പ്രവീണും കൂട്ടുകാരും കൂടി വന്ന് എന്നെ വീല്‍ചെയറില്‍ താങ്ങിയെടുത്ത്
റോഡിലെത്തിച്ചു.ഡോക്ടറുടെ കാറില്‍ കോവളം തീരത്ത് ഇരുത്തി .തിരമാലകള്‍ വന്ന്
എന്‍റെ കാലില്‍ മുട്ടിയ നിമിഷം എനിക്ക് ഒത്തിരി സന്തോഷമായി !!ഞാനാ മണലില്‍
കടലമ്മ എന്നെഴുതി !എന്റെ ജന്മം സഫലമായ നിമിഷമായിരുന്നു അത്.

സുഖമില്ലാതെ കിടക്കുന്നവരോടെനിക്ക് പറയാനുള്ളത്,ആരും സങ്കടപ്പെടരുതെന്നാണ്.
ദൈവം കരുണാമയനാണ്.ഒരുകൈ കൊണ്ടവന്‍ നമ്മെ തല്ലുമ്പോള്‍ മറുകൈകൊണ്ട്
നമ്മെ താങ്ങുകയും ചെയ്യും.ഒരു വാതിലടയുമ്പോള്‍ നാല്പത് വാതിലുകള്‍ തുറന്ന് തരും !
ഞാന്‍ പൂക്കളൊക്കെ ഉണ്ടാക്കും.പാവക്കുട്ടികളും!ഇതൊക്കെ കുറിച്ച് കഴിഞ്ഞപ്പോള്‍ എനിക്ക്
വലിയൊരാശ്വാസം തോന്നുന്നു!എന്റെ മനസ്സിലെ ഭാരങ്ങളൊക്കെയും കുറഞ്ഞു !
എനിക്ക് വേണ്ടി നിങ്ങളൊക്കെ പ്രാര്‍ഥിക്കണം 

പിന്നൊരു കാര്യം,എന്നെ ബ്ലോഗിലെത്തിച്ചത് നമ്മുടെ ഹാറൂണ്‍ ചേട്ടനാണ്.അദ്ദേഹത്തിനു
വേണ്ടിയും നിങ്ങള്‍ പ്രാര്‍ഥിക്കുമെന്ന് എനിക്കറിയാം.കണ്ണൂര്‍ക്കാരനാണദ്ദേഹം.ഇനിയും
ഒരുപാട് അനുഭവങ്ങളെഴുതാനുണ്ട്...തല്‍ക്കാലം ഞാന്‍ നിര്‍ത്തുന്നു.

വ്യസനം

സോദരി എന്‍ പ്രിയ സോദരി
പുത്തനുടുപ്പുമായ് ഉപഹാരവുമായ്
ഞാന്‍ വരുമ്പോള്‍
അടുക്കല്‍ ഓടി വരാഞ്ഞതെന്തേ..?
കൂട്ടുകാരില്ല കുഞ്ഞു സംവാദവുമില്ല.
കുഞ്ഞാറ്റക്കിളിയായും പൂമ്പാറ്റയായും
പുറത്തേക്ക് ഒഴുകാഞ്ഞതെന്തേ..?
സോദരി എന്‍ പ്രിയ സോദരി
സ്വപ്നങ്ങളുമായ് ഉറങ്ങുന്ന നിനക്ക്
സ്വപ്ന സാക്ഷാത്ക്കാരമുണ്ടോ?
പുറംലോകവും പൊയ്മുഖങ്ങളും
പുത്തന്‍ മണിമന്ദിരങ്ങളും കാണാഞ്ഞതെന്തേ..?
നീ നടനമാടിയ പാദമിന്നെന്തേ ഇഴയുന്നു..?
നയനമാടിയ മിഴികോണിലെന്തേ കണ്ണുനീര്‍..?
നിശയും നിദ്രയും നിന്‍ തോഴിമാരിന്ന്
നിശതന്‍ കൂട്ടിലിരുന്ന് കിനാവു കാണാറുണ്ടോ..?
കളിമുറ്റം കട്ടിലായി
കളിവാക്ക് ഇരുട്ടിലായി
കളിമേട് കിടക്കയായി
ഇരുകാലില്‍ നടന്നോരോര്‍മ്മകള്‍ കൂട്ടിനുണ്ട്
നീര്‍മാതളവും നീലത്താമരയും നിളയും കണ്ണിലുണ്ട്
കുടവൂര്‍ പള്ളീക്കൂടവും കുറുക്കു വഴികളും കണ്ണീലുണ്ട്.
അരയ്ക്ക് താഴെ അയഞ്ഞെങ്കിലും ഇരുകൈക്കും ശക്തിയുണ്ട്.
ഇഴഞ്ഞു നീങ്ങാനൊരു മുറിയും ഇടതടമില്ലാ ഫോണും
സംഗീത സദസെന്നപോല്‍ ഇഷ്ട ഗാനവും
തന്നേക്കാള്‍ ദുഃഖിതര്‍ക്ക് സ്നേഹവായ്പ്പയും
ബലഹീനയാണെന്നും അല്ലെന്നും ഓതി നീങ്ങുന്ന നീ
ഇന്നെന്റെ നെഞ്ചിലെ ഇടുത്തീ ആണെങ്കിലും
നാടാകെ നിന്‍ കൂട്ടുകാര്‍ നാളത്തെ ശക്തിയല്ലയോ..?.


കരമന.C.‍അശോക് കുമാര്‍.(ഫയര്‍&റെസ്ക്യൂ സര്‍വീസ്.വര്‍ക്കല.തിരുവനന്തപുരം)
പ്രീതയെ കുറിച്ച് ഞാനെഴുതിയ കവിത