Saturday, December 30, 2017

2017 -ലെ എന്‍റെ വായന

100 പുസ്തകങ്ങൾ വായിക്കണമെന്ന് കരുതിയാണ് ഈ വർഷം വായന തുടങ്ങിയത്. എന്നാൽ സാഹചര്യങ്ങൾ അനുവദിക്കാത്തത് കൊണ്ടും , തലവേദനയ്ക്ക വയ്ക്കുന്ന കണ്ണട പൊട്ടി പോയതും പണിയായി. ആകെ 26 പുസ്തകങ്ങളെ ഈ വർഷം വായിക്കാൻ കഴിഞ്ഞുള്ളൂ


1. കാരൂരിന്‍റെ ബാലകഥകൾ (ബാലസാഹിത്യം ) - കാരൂർ നീലകണ്ഠപിള്ള  
2. അക്ക പോരിന്‍റെ ഇരുപത് നസ്രാണി വർഷങ്ങൾ (നോവൽ) - ബെന്യാമിൻ
3. വേറിട്ട കഥകൾ - എം.കെ ഹസൻകോയ 
4. അമാനുഷികം (ഹൊറർ നോവൽ) - ജിജി ചിലമ്പിൽ 
5. ബ്ലഡ് ചാനൽ (ക്രൈം നോവൽ) - ജിജി ചിലമ്പിൽ 
6. ടോസ് (കവിത) - രാജേഷ് ശിവ 
7. കാലം മായ്ക്കാത്ത കാൽപ്പാടുകൾ - സി.എച്ച്. മാരിയത്ത് 
8. അടയാളങ്ങൾ അവശേഷിക്കുമ്പോൾ (കവിതകൾ) - ശ്രീകല ഭൂമിക്കാരൻ 
9. പൂവും മൊട്ടും (കവിതകൾ ,സ്മരണകൾ) - ടി. ആർ. ശാരദ
10. ആർക്കും വേണ്ടാത്ത എന്‍റെ കവിതകൾ (കവിതകൾ) - ഭുമിക്കാരൻ ജേപ്പി വേളമാനൂർ 
11. മൂന്നാമിടങ്ങൾ (നോവൽ) - കെ.വി. മണികണ്ഠൻ
12. ആലീസിന്‍റെ അത്ഭുതലോകം (കഥ) - ലൂയിസ് കാരോൾ
13. ഭീകര നിമിഷങ്ങൾ (കുറ്റാന്വേക്ഷണ നോവൽ) - കോട്ടയം പുഷ്പനാഥ് 
14. തണ്ടാനത്ത് മത്തായി മകൻ വർഗ്ഗീസ് വഹ (നോവൽ) - എം. സുജയ്
15. വഴിത്താരകൾ (നോവൽ) - മല്ലികാ യുനിസ് 
16. മാർക് ട്വെയ്ൻ ഹക്ക്ൾബറിഫിൻ ( ബാലസാഹിത്യം - നോവൽ) - പുനരാഖ്യാനം കെ. തായാട്ട് 
17. അങ്കം (ക്രൈം ത്രില്ലർ) - എൻ.കെ.ശശിധരൻ
18. ഓളവും തീരവും (കഥ) - എം.ടി 
19. മഴവില്ല് (കഥകൾ) - എം. ചന്ദ്ര പ്രകാശ് 
20. മണ്ണ് ചുവപ്പിച്ച കഥകൾ (പോരാട്ടങ്ങളുടെ ചരിത്രം) - ജി.ഡി.നായർ 
21. ചൊല്ലും ചേലും (ബാലസാഹിത്യം) - അബൂബക്കർ കാപ്പാട് 
22. ആഴിയും തിരയും പിന്നെ കാറ്റും (ലേഖനങ്ങൾ) _ വിമലാ രാജകൃഷ്ണൻ 
23. നീലകണ്ണുകൾ ( ക്രൈം ത്രില്ലർ) - കോട്ടയം പുഷ്പ നാഥ് 
24. പുഴ (നോവൽ) - എൻ.പി. പൂന്തല 
25. അനുഭവസാക്ഷ്യങ്ങൾ - ഡോ.എസ് . അജയൻ 
26. കനൽ ചിന്തുകൾ (കവിത) - ബിജു ജി.നാഥ് 

2018 -ൽ ഇതിൽ  കുടുതൽ പുസ്തകങ്ങൾ വായിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.


Sunday, November 26, 2017

സ്നേഹം

കാലപ്പഴക്കത്തിൽ സ്നേഹത്തിൻ ആഴം കുറഞ്ഞിടുമ്പോൾ
നൂലിഴ പൊട്ടിത്തകരുന്ന ബന്ധങ്ങൾ ബന്ധനമാവാതെ നോക്കിടേണം
നിസ്വാർത്ഥ സ്നേഹത്തിൻ ആഴങ്ങൾ അറിയാതെ.
പുതുനാമ്പു തേടി നീ പിന്തിരിഞ്ഞു.
ഞാൻ കാത്തു വച്ചൊരീ പ്രണയത്തിൻ
പരിമളം നുകരാതെ നീയങ്ങു പോയ് മറഞ്ഞു..
തന്ത്രികൾ പൊട്ടിയ മണിവീണ പോലെയെൻ
മാനസം കേഴുന്നു മൂകമായ്.
ഇരവുകൾ പകലുകൾ മാഞ്ഞു മറയുമ്പോൾ
കാലചക്രം കറങ്ങുമ്പോൾ..
എന്നിലെ സ്നേഹത്തിൻ സാഗരതീരത്ത് അന്ന് നീ വന്നുചേരും..
സമ്മാനമായ് നിനക്കേകുവാൻ ഞാനെന്നെ
അന്നോളം കാത്തു വയ്ക്കും..
പൊയ്പ്പോയ നാളുകൾ ഉച്ചമയക്കത്തിൻ സ്വപ്നമായ് വിസ്മരിക്കും..

പ്രവാഹിനി ( പ്രീത)

Wednesday, May 24, 2017

പ്രതീക്ഷകൾ

നമസ്ക്കാരം എല്ലാ കൂട്ടുകാർക്കും സുഖമല്ലേ . ഏകദേശം ഒരു വർഷമായി ബ്ലോഗിലേയ്ക്ക വന്നിട്ടും , എന്തെങ്കിലും എഴുതിയിട്ടും .
 ഇത് തിരുവനന്തപുരത്ത് പ്രസ് ക്ലബ്ബ് .രണ്ടാമത്തെ തവണയാണ് ഇവിടെ പരിപാടിയിൽ പങ്കെടുക്കാൻ പോകുന്നത്. 2013-ൽ ബ്ലോഗ് മീറ്റിംഗിൽ പങ്കെടുക്കാനായി പോയപ്പോൾ രണ്ടാമത്തെ നിലയിലേയ്ക്ക അന്ന് സുഹൃത്തുക്കൾ വീൽ ചെയറോടെ പൊക്കി എടുത്താണ് മുകളിൽ എത്തിച്ചത്. ഇന്നലെ ഈ 5 പടവുകൾ വീൽ ചെയറോടെ പൊക്കി കയറ്റിയ ശേഷം ലിഫ്റ്റിൽ ആണ് മുകളിലെത്തിയത്.  ഇതിന്  മുന്നിലുള്ള ഈ പടവുകൾ ഒരു ചോദ്യചിഹ്നമായി ഇന്നും നിൽക്കുന്നു. എന്ത് കൊണ്ടാകും ഇവിടെ ഇത്രയും കാലമായിട്ടും റാമ്പ് സൗകര്യം ഏർപ്പെടുത്താത്തത്.  ആരും പരാതിപ്പെടാത്തത് കൊണ്ടാകുമോ?തമ്പാനൂർ റെയിൽവേ സ്റേഷൻ. ഇവിടെ വണ്ടി നിർത്തിയിട്ട് വീൽ ചെയറിൽ ഇറക്കി പൊക്കി കയറ്റണം. ഏതെങ്കിലുമൊരു ഭാഗത്ത് റാമ്പ് സൗകര്യം ഒരുക്കിയിരുന്നെങ്കിൽ സൗകര്യമായേനെ. പിന്നെയുള്ളത് ട്രയിനിൽ കയറാൻ റാമ്പ് സൗകര്യം ഒരുക്കി എന്നൊക്കെ വലിയ വാർത്ത പത്രത്തിൽ വന്നതാണ്. അതിനെ കുറിച്ച് ചോദിച്ചപ്പോൾ എന്തോ ഒരു സംവിധാനം കൂടി വരാനുണ്ടെന്ന് പറഞ്ഞു.

ശ്രദ്ധിക്കേണ്ട കുറച്ച് കാര്യങ്ങൾ
1. എല്ലാ സ്റ്റേഷനിലും ഡിസേബിലിറ്റി കമ്പാർട്ട്മെന്റിലെ യാത്രക്കാരുടെ കൈവശം യാത്ര ചെയ്യാനുള്ള ട്രയിൽ സർട്ടിഫിക്കറ്റ്, പാസ് ഉണ്ടോ എന്ന് നിർബന്ധമായും പരിശോധിക്കേണ്ടതാണ്. ഡിസേബിലിറ്റി കമ്പാർട്ട്മെന്റ് ഒത്തിരി ആൾക്കാർ ദുർവിനിയോഗം ചെയ്യുന്നുണ്ട്.
2. ഡിസേബിലിറ്റി കമ്പാർട്ട്മെന്റിലെ ബാത്ത് റൂമിലെ നാറ്റം കാരണം യാത്ര ദുസഹമാണ്. അതിന് എന്തെങ്കിലും ഒരു പരിഹാരമാർഗ്ഗം കണ്ടെത്തണം
3. ട്രയിൻ സ്റ്റേഷനിൽ എത്തുമ്പോൾ അനൗൺസ് ചെയ്യുന്ന കൂട്ടത്തിൽ ഡിസേബിലിറ്റി കമ്പാർട്ട്മെന്റുകളെ കുറിച്ച് കൂടി അനൗൺസ് ചെയ്യാനുള്ള സംവിധാനമൊരുക്കണം.
4. ഭിന്നശേഷിക്കാർക്കായുള്ള കമ്പാർട്ട്മെന്റിനെ കുറിച്ചുള്ള അറിവുകൾ ടിക്കറ്റ് കൗണ്ടറിൽ ഇരിക്കുന്നവർക്ക് കൂടി നൽകിയാൽ നല്ലതായിരിക്കും. അവർക്ക് പോലുമറിയില്ല ഏതൊക്കെ ട്രയിനിൽ ഡിസേബിലിറ്റി കമ്പാർട്ട്മെന്റ് ഉണ്ടെന്ന്

          മറ്റുള്ളവരെ പോലെ ഞങ്ങൾക്കും സുഗമമായ സഞ്ചാര സ്വാതന്ത്ര്യത്തിന് ആവശ്യമായ കാര്യങ്ങൾ റെയിൽവേയുടെ ഭാഗത്ത് നിന്ന് ചെയ്ത് തരുമെന്ന് പ്രതീക്ഷിക്കുന്നു.
 ഹോസ്പിറ്റലിലെ പടി കെട്ട്. രണ്ട് പടിയെ ഉള്ളൂ എങ്കിലും ഒരു ഡോക്ടർ സർട്ടിഫിക്കറ്റ് വാങ്ങാനായി പോയപ്പോൾ ഉള്ളിൽ കടക്കാൻ ഇത്തിരി പ്രയാസപ്പെട്ടു.


 ഹോസ്പിറ്റലിലെ ഒരു ബോർഡാണിത്. ചെടി വളർന്ന് മറഞ്ഞതിനാലത് ശരിയ്ക്ക വായിക്കാൻ പോലും പറ്റുന്നില്ല. ആ ബോർഡിലെ ചെടി മാറ്റി അതൊന്ന് വായിക്കാൻ പറ്റുന്ന രൂപത്തിലാക്കിയിരുന്നെങ്കിൽ എത്ര നന്നായിരുന്നു. മാറ്റങ്ങൾ ഇനി എന്ന് വരും  .അറിയില്ല