Thursday, June 13, 2019

ഛായ നാടകം

ചക്ര കസേരകളിൽ കഴിയുന്ന  കൂട്ടുകാർ ഒരുമിച്ച് കൂടി അവതരിപ്പിച്ച നാടകമാണ് ''ഛായ''. ഇത് ആദ്യമായി സ്റ്റേജിൽ അവതരിപ്പിച്ചത് എറണാകുളത്തായിരുന്നു. അത് കഴിഞ്ഞ് ആ നാടകം അവതരിപ്പിച്ചത്  2019 ഏപ്രിൽ 2-ന് തോന്നയ്ക്കൽ  
സായ് ഗ്രാമത്തിൽ വച്ചായിരുന്നു. എന്റെ സുഹൃത്തുക്കളായതിനാലും , സ്വന്തം നാട്ടിൽ വന്ന സുഹൃത്തുക്കളെ നേരിൽ കാണുകയും ചെയ്യാമെന്ന ആഗ്രഹത്തോടും കൂടി ഞാനും സായ് ഗ്രാമത്തിൽ നാടകം കാണാൻ പോയി . ഒത്തിരി പരിമിതികളെ അവഗണിച്ച് ചക്ര കസേരയിലുള്ള എന്റെ കൂട്ടുകാരുടെ പ്രകടനം കണ്ട് മനസ്സ് നിറഞ്ഞു




           പണ്ട് ഉത്സവ പറമ്പുകളിൽ ചൂട്ടും കത്തിച്ച് പോയി നാടകങ്ങൾ കണ്ടിട്ടുണ്ട്. വീൽചെയറിലായ ശേഷം നാടകങ്ങൾ ടെലിവിഷനിൽ കൂടി കണ്ടിട്ടുള്ളതെ ഉള്ളൂ. കുറെ വർഷങ്ങൾക്ക് മുമ്പ് ദൂരദർശനിൽ ഡിസംബർ 3 ലോക ഭിന്നശേഷി ദിനത്തിൽ തിരുവനന്തപുരത്തെ ചെഷയർ ഹോമിലെ അന്തേവാസികളായ സരസു ചേച്ചിയും, കൂട്ടുകാരും അവതരിപ്പിച്ച നാടകം കണ്ടിട്ടുണ്ട്. ( സരസു ചേച്ചി ഈയടുത്ത കാലത്ത് നമ്മളെയൊക്കെ വിട്ടു പോയി  .





                              19 വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും നാടകം കാണുന്നത്. വീൽചെയറിലിരുന്ന് ആ കലാകാരന്മാർക്ക് ഈ നാടകം അവതരിപ്പിക്കുന്നതിന് ഒത്തിരി കടമ്പകൾ കടക്കേണ്ടി വന്നു എന്ന് പറഞ്ഞല്ലോ. എല്ലാ കൂട്ടുകാർക്കും ഒരുമിച്ച് കൂടി റിഹേഴ്സൽ ചെയ്യാൻ കഴിയുമായിരുന്നില്ല എന്നതായിരുന്നു ആദ്യത്തെ പ്രശ്നം. അതിനെയൊക്കെ അതിജീവിച്ച്  അവർ നന്നായി റിഹേഴ്സൽ ചെയ്ത് നാടകം അരങ്ങിൽ അവതരിപ്പിച്ചു  . 




                          സുവർണ്ണ തീയറ്റേഴ്സ് വളയൻചിറങ്ങര , നാടകത്തിന്റെ സംവിധായകൻ വി.ടി രതീഷ്  ചേട്ടനുമാണ് എന്റെ ആദ്യത്തെ കൈയ്യടി . 
പിന്നെ ഇതിന് പിന്നിൽ പ്രവർത്തിച്ച ലൈറ്റ് ചെയ്യുന്ന സഹോദരങ്ങൾ. പിന്നെ എടുത്ത് പറയേണ്ടത് വീൽ ചെയറിലിരുന്ന് നാടകങ്ങൾ അവതരിപ്പിക്കുന്ന വീട്ടുകാരുടെ പിന്തുണയാണ്. കാരണം ഓരോ രംഗം കഴിയുമ്പോഴും അതിന് പിന്നിലെ സ്ക്രീനും  , കർട്ടനുമൊക്കെ മാറ്റാൻ ഈ കൂട്ടുകാരുടെ രക്ഷിതാക്കളും , ഭാര്യയുമൊക്കെ കഷ്ടപ്പെടുന്നത് നേരിൽ കണ്ടതാണ് . 



                         പിന്നെ എടുത്ത്  പറയേണ്ടത് ചക്ര കസേരകളിലിരുന്ന് നാടകങ്ങൾ അവതരിപ്പിച്ച എന്റെ കൂട്ടുകാരെ പറ്റിയാണ്. ഏതൊരു പ്രൊഫഷണൽ നാടക നടന്മാരും , നടിമാരും ചെയ്യുന്നതിനെക്കാൾ മികച്ചതായി എന്റെ കൂട്ടുകാർ ഭംഗിയായി നാടകത്തിലെ സംഭാക്ഷണങ്ങൾ പറഞ്ഞ് ചെയ്യുന്നത് കണ്ടപ്പോൾ എനിയ്ക്ക് സന്തോഷവും , അഭിമാനവും തോന്നി. വീൽചെയറിൽ കഴിയുന്ന മറ്റ് കൂട്ടുകാർക്ക് മാതൃകയാണീ കൂട്ടുകാർ . വർഷങ്ങൾക്ക് ശേഷം മികച്ചൊരു നാടകം കണ്ടതിന്റെ സന്തോഷത്തോടെ കൂട്ടുകാരോടൊപ്പം ഫോട്ടോയുമെടുത്ത് മടങ്ങി വീട്ടിലേയ്ക്ക് പോന്നൂ . സായ് ഗ്രാമത്തിൽ വച്ച് നാടകം കാണാനെത്തിയ ക്യാൻസറിനെ അതിജീവിച്ച നന്ദുവിനേയും പരിചയപ്പെടാൻ കഴിഞ്ഞു എന്നതും സന്തോഷമുണ്ടാക്കി. ഈ കൂട്ടുകാരൊക്കെ എനിയ്ക്ക് തന്നത് പുതിയൊരു ഉണർവാണ്. 



  ''ഛായ''യെ കുറിച്ച് ഇനിയും പറയണമെന്നുണ്ട്. ചിലപ്പോൾ അങ്ങനെയാണ് സന്തോഷമുള്ള കാര്യങ്ങൾ പറയുമ്പോൾ പലപ്പോഴും വാക്കുകൾ കിട്ടാറില്ല.  ഇനിയും ഒത്തിരി സ്റ്റേജുകളിൽ ഛായ അവതരിപ്പിക്കാൻ കഴിയട്ടെ. ഛായയിലെ എല്ലാ കലാകാരന്മാർക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ .
ഇതിലെ കലാകാരന്മാർ : ഉണ്ണി മാക്സ് ചേട്ടൻ  , ശരത്ത് പഠിപ്പുര , സജി വാഗമൺ , ധന്യ , അഞ്ജൂ , ജോമിത്ത് ,മാർട്ടിൻ ചേട്ടൻ , ബിജു ചേട്ടൻ , സുനിൽ ഭായ്  . പിന്നെ അരങ്ങിലും , അണിയറയിലും പ്രവർത്തിച്ച കലാകാരന്മാർ . 




                 നാടകത്തിൽ അഭിനയിച്ച സജി വാഗമണ്ണിനോടും , നാടകത്തിന്റെ സംവിധായകൻ വി.ടി രതീഷ് ഭായ് യോടുമൊപ്പം  .
           
                      നാടകം കാണാനെത്തിയ വീൽചെയറിലുള്ള സഹോദരങ്ങൾ. കുറച്ച് നാളുകൾക്ക് ശേഷമാണീ കൂട്ടുകാരെ കാണുന്നത്. 



                          പിന്നെയൊരു സന്തോഷം എന്റെ സുഹൃത്ത് ജിമ്മിച്ചായൻ പരിചയപ്പെടുത്തി തന്ന ഉണ്ണി കൃഷ്ണൻ ചേർത്തലയെ സായ് ഗ്രാമത്തിൽ വച്ച് കാണാൻ കഴിഞ്ഞു എന്നതാണ്.




                 ഏകദേശം ഒരു വർഷത്തിന് ശേഷം നാടകം കാണാനെത്തിയ ജോമിയെ കണ്ടപ്പോൾ



                    ഒരു പാട് നാളായി കാണണമെന്ന് ആഗ്രഹിച്ചിരുന്ന നാടകത്തിൽ അഭിനയിച്ച ശരത്തിനേയും , ബിജു ചേട്ടനേയും  കണ്ടപ്പോഴും സന്തോഷം 





                   


                          പാലിയം ഇന്ത്യയിലെ ആഷ്ല വഴി പരിചയപ്പെട്ട ഗംഗ ആന്റിയെ സായ് ഗ്രാമത്തിൽ വച്ച് കാണാൻ കഴിഞ്ഞു എന്നതും മറ്റൊരു സന്തോഷമാണ്.





                         നാടകത്തിൽ  അഭിനയിച്ച അഞ്ജു റാണിയും (വെള്ള ഫ്രോക്കിട്ട കുട്ടി ) , ഉണ്ണി മാക്സ് ചേട്ടന്റെ ഭാര്യ ശ്രീപാർവ്വതിയോടുമൊപ്പം. പാർവ്വതി സാമൂഹ്യ പ്രവർത്തകയും , എഴുത്തുകാരിയുമാണ്.