എല്ലാരും എഴുതും പോലെ കഥ പറച്ചിൽ ശൈലിയിൽ എത്ര ശ്രമിച്ചിട്ടും എഴുത്ത് വരുന്നില്ല. . തെറ്റുകൾ കുറവുകൾ സദയം ക്ഷമിക്കുക
ഒരു
പെണ്ണ് കാണൽ ചടങ്ങ് ആദ്യമായി കാണുന്നത് ഞാൻ 10-ാം തരത്തിൽ പഠിക്കുമ്പോൾ
ചേച്ചിയെ കാണാനായി നാലഞ്ച് , പേർ വീട്ടിൽ വരുമ്പോഴാണ് . പണ്ടൊക്കെ
നാട്ടിൻപുറങ്ങളിൽ പെമ്പിള്ളേർ പത്ത് കഴിഞ്ഞാൽ ടൈപ്പ് റൈറ്റിംഗിനോ , തയ്യൽ
പഠിക്കാനോ ഒക്കെ പോകാറുണ്ട്. ചേച്ചി അന്ന് തയ്യൽ പഠിക്കാൻ
പോകുന്നുണ്ടായിരുന്നു. ഒത്തിരി വിവാഹാലോചനകൾ വരുന്ന സമയമായിരുന്നു.
അങ്ങനെയിരിക്കെയാണ് ആദ്യത്തെ പെണ്ണ് കാണൽ ചടങ്ങിന് സാക്ഷിയാകാനുള്ള
ഭാഗ്യം ഈയുള്ളവർക്കും കിട്ടുന്നത്. അന്നത്തെ കാലത്ത് പെണ്ണ് കാണലൊക്കെ
വലിയ സംഭവമാണല്ലോ. പ്രത്യേകിച്ച് നാട്ടിൻപുറങ്ങളിൽ . എല്ലാവരുടെ മുമ്പിലും
ചായയുമായി ചെന്ന് നിൽക്കണ്ട എന്ന് കരുതി കുടുംബക്കാർ എല്ലാരും കൂടി
ചെക്കൻ്റേയും , പെണ്ണിൻ്റേയും ജാതകമൊക്കെ നോക്കിയ ശേഷമാണ് പെണ്ണിനെ
കാണാനായി വരുന്നത് . ചേട്ടൻ രണ്ടു മൂന്നു തവണ ചേച്ചിയെ കാണാനായി
വന്നിരുന്നെന്ന് തോന്നുന്നു. ഹാഫ് സാരി ഉടുത്താണ് ചേച്ചി ചായയുമായി
ചെക്കന്റെ മുന്നിൽ ചെന്നത് എന്നാണോർമ്മ .അന്ന് ഇന്നത്തെ പോലെ ചുരിദാർ വലിയ
പ്രാബല്യത്തിൽ വന്നിട്ടില്ല. ഉണ്ടെങ്കിൽ തന്നെയും അതൊന്നും വാങ്ങാനുള്ള
ത്രാണി ഞങ്ങൾക്കുണ്ടായിരുന്നില്ല . ചേച്ചി ചായയുമായി മന്ദം മന്ദം
ചേട്ടൻ്റെ മുന്നിലേയ്ക്ക് . വരാന്തയിൽ കിടന്ന ടീപ്പോയിൽ ചായ വച്ച ശേഷം
പെട്ടന്നവൾ സ്ഥലം കാലിയാക്കി . ഞങ്ങളൊക്കെ അന്ന് ചേച്ചി ചായയുമായി
ചെല്ലുന്ന രംഗങ്ങൾ അവതരിപ്പിച്ച് അവളെ കളിയാക്കുമായിരുന്നു
അതെന്താ
ചേച്ചിയുടെ പെണ്ണ് കാണലിൽ നിന്ന് അനിയത്തിയുടെ പെണ്ണ് കാണലിലേയ്ക്ക്
പെട്ടെന്നൊരു ചാട്ടം എന്ന് വിചാരിക്കുന്നുണ്ടാകും അല്ലേ. അത് പിന്നെ
ഗുരുത്വ ദോഷം വേണ്ടെന്ന് കരുതിയാ
പിന്നെ
ഉള്ളത് സ്വന്തം കാര്യത്തിൽ നടന്ന പെണ്ണ് കാണലാണ്. ശരിയ്ക്കും ഞാനത്
മറന്നിരിക്കയായിരുന്നു. പെണ്ണ്കാണൽ എന്ന വിഷയം എടുത്തിട്ട് സുധിയും,
ദിവ്യയുമാണ് അതോർമ്മിപ്പിച്ചത് .
1998 ലാണ് സംഭവം .
ചെക്കൻ കാർ ഡ്രൈവറായിരുന്നു. പെണ്ണ് കാണാൻ വീട്ടിൽ വന്ന ആദ്യ ദിവസം
നാരങ്ങാ വെള്ളം കൊടുത്താണ് സ്വീകരിച്ചത് . നാരങ്ങാ വെള്ളം കൊടുത്താൽ
വിവാഹം നടക്കില്ലെന്നൊരു അന്ധ വിശ്വാസം പരക്കെ ഉണ്ടായിരുന്നതിനാല്‍ പലരും
അന്ന് തന്നെ ഈ വിവാഹം നടക്കില്ലെന്ന അടക്കം പറഞ്ഞു . പക്ഷേ
ഞങ്ങൾക്കതറിയില്ലായിരുന്നു .രണ്ട്
വട്ടം കൂടി അയ്യാൾ എന്നെ കാണാൻ വന്നു. സത്യം പറയാല്ലോ 3 വട്ടം കാണാൻ
വന്നിട്ടും അയ്യാളുടെ മുഖം ശരിയ്ക്ക് ഞാൻ കണ്ടിട്ടില്ല. അന്ന് ഞാൻ പ്രീ -
ഡിഗ്രിയ്ക്ക് പഠിക്കയാണ്.
അന്നൊരു
തിങ്കളാഴ്ചയായിരുന്നു. തിങ്കളാഴ്ച നൊയമ്പ് എടുക്കുന്ന ശീലമുണ്ടായിരുന്നു.
അടുത്തുള്ള ശിവക്ഷേത്രത്തിൽ ഞാനും , വീടിനടുത്തുള്ള കുട്ടിയും കൂടി
പോയിട്ട് വരുമ്പോഴാണ് സംഭവം. ക്ഷേത്രത്തിൽ പോയിട്ട് പെട്ടെന്ന് ഞങ്ങൾ
ഓടുകയായിരുന്നു. വന്നിട്ട് വേണം കോളേജിൽ പോകാൻ . അമ്പലത്തിൽ നിന്ന് തിരികെ
വരുമ്പോൾ ഓട്ടോയിൽ വഴിയരികിൽ കൂട്ടുകാരനുമായി നിൽക്കുകയായിരുന്നു
ചെറുക്കൻ. എന്നെ കണ്ടപ്പോൾ അയ്യാൾ ഓട്ടോയിൽ നിന്നിറങ്ങി . എനിയ്ക്ക് അന്ന്
നടക്കുമ്പോള്‍ ഇടത് കാലിനൊരു ചെറിയൊരു മുടന്തുണ്ടായിരുന്നു. ഞാൻ
നടക്കുന്നതിൽ എന്തെങ്കിലും പാകപ്പിഴ ഉണ്ടോ എന്ന് നോക്കാനാവും പുള്ളി എന്നെ
തന്നെ ശ്രദ്ധിച്ചത്. പക്ഷേ എനിയ്ക്ക് ചെക്കൻ്റെ മുഖം അത്ര പരിചയമില്ലാത്തത്
കൊണ്ട് പെട്ടെന്ന് കൂടെയുള്ള പെൺകുട്ടിയെ പിടിച്ച് മറുവശത്താക്കിയിട്ട്
തിരിഞ്ഞു നിന്ന് കുറെ വഴക്കു പറഞ്ഞു . വീട്ടിലെത്തിയപ്പോഴാണ് ചെക്കനും ,
കൂട്ടുകാരനും കൂടി വഴിയിൽ നിൽക്കുന്നതും , ഞാൻ തിരിഞ്ഞ് നിന്ന് വഴക്ക്
പറഞ്ഞത് ചെറുക്കനെ ആയിരുന്നു എന്നറിയുന്നതും . ആകെ ചമ്മി നാറി എന്ന്
പറഞ്ഞാൽ മതിയല്ലോ
വീട്ടിലേയ്ക്കുള്ള വഴിയിൽ പ്രവേശിക്കുമ്പോൾ തന്നെ അറിഞ്ഞു ചെറുക്കന്റെ
അളിയന്മാരും പെങ്ങൾമാരും കൂടി കാണാനായി വന്നിരിക്കുന്നു എന്ന് .
പെട്ടെന്ന് വീട്ടിലേയ്ക്ക് ഓടി . അന്നത്തെ കോളേജിൽ പോക്ക് നടന്നില്ല.
പിറ്റേന്ന് കോളേജിൽ ചെന്നപ്പോൾ കൂടെയുള്ള രണ്ട് ,മൂന്ന് പേർ ഈ വഴിയരികിൽ
നടന്ന സംഭവം പറഞ്ഞ് കളിയാക്കി. ഞങ്ങൾ നാലഞ്ച് പേരാണ് അന്ന് കൂട്ട് . എൻ്റെ
ഒപ്പം ഉണ്ടായിരുന്ന ആ കൊച്ച് കോളേജിൽ ചെന്ന് അവരോടൊക്കെ പറഞ്ഞു . പോരെ
പൂരം.
അങ്ങനെ ഞാൻ
വീട്ടിലെത്തി. ചെറുക്കന്റെ വീട്ടുകാർക്കൊക്കെ എന്നെ ഇഷ്ടപ്പെട്ടു .
അദ്ദേഹത്തിന്റെ ചേട്ടനും ചെറിയൊരു വൈകല്യം ഉണ്ടായിരുന്നു . ചിലപ്പോൾ
അതൊക്കെ കൊണ്ടാകും അവര്‍ക്കെന്നെ ഇഷ്ടപ്പെട്ടത്. എന്തായാലും ആ കല്ല്യാണം
നടന്നില്ല .. നാരങ്ങാവെള്ളം കൊടുത്തത് കൊണ്ടല്ല കേട്ടോ . സ്ത്രീധനം
നിലനിൽക്കുന്ന കാലമായിരുന്നു അന്ന്. ചേച്ചിയുടെ വിവാഹം കഴിഞ്ഞു രണ്ടു
വർഷമെ ആയിരുന്നുള്ളൂ . അത് കൊണ്ട് തന്നെ അവർ ചോദിച്ച ധനം കൊടുക്കാൻ
ഞങ്ങൾക്ക് കഴിയുമായിരുന്നില്ല. അവർ ആവശ്യപ്പെട്ടതിന് പകുതി കൊടുക്കാമെന്നു
അമ്മ പറഞ്ഞെങ്കിലും എന്തോ അമ്മയെ കൂടുതൽ ബുദ്ധിമുട്ടിക്കാൻ എനിയ്ക്ക്
തോന്നിയില്ല. അന്ന് അമ്മ മണ്ണ് ചുമക്കാനും , ചാണകം കോരാനും ഒക്കെ പോകുന്ന
സമയമാണ്. കടം വാങ്ങിയും , ബന്ധുക്കൾ സഹായിച്ചും , ചിട്ടി
പിടിച്ചുമൊക്കെയാണ് ചേച്ചിയുടെ വിവാഹം നടത്തിയത് . ആ ബാദ്ധ്യത തീരും
മുന്നേ അടുത്തൊരു കടം കൂടി വരുത്തി വയ്ക്കണ്ട എന്ന് കരുതി. അമ്മയുടെ
പ്രയാസം മറ്റാരെക്കാളും എനിക്കറിയാമായിരുന്നു. അത് കൊണ്ട് തന്നെ
സ്ത്രീധനം ചോദിച്ച കല്ല്യാണം വേണ്ടെന്ന് പറയാൻ അന്ന് എനിയ്ക്ക് എവിടെ
നിന്നാണ് ധൈര്യം കിട്ടിയതെന്ന് അറിയില്ല. ഇന്നതാലോചിക്കുമ്പോൾ അത്ഭുതം
തോന്നുന്നു.
അങ്ങനെ ജീവിതം മുന്നോട്ട് പോകുന്നതിനിടയിലാണ് 2000-ത്തിൽ പെട്ടെന്ന് കാലുകൾ തളർന്നു വീൽചെയറിലാകുന്നത് പിന്നീടങ്ങോട്ടുള്ള ജീവിതം.
ചക്രകസേരയിലായ
ശേഷം കൂട്ടുകാരില്‍ രണ്ടു പേർ വിവാഹം കഴിക്കാൻ ആഗ്രഹം
പ്രകടിപ്പിച്ചിരുന്നു. രണ്ട് പേരും പക്ഷെ എന്റെ ആത്മ
സുഹൃത്തുക്കളായിരുന്നു.. അതിലുമപ്പുറം എനിക്കവർ സഹോദരങ്ങളെ പോലെ ആയിരുന്നു .
അന്ന് മൊബൈൽ ഫോണില്ല, ഇൻ്റർനെറ്റില്ല . ആകെയുള്ളത് ലാന്റ് ഫോണാണ്
.എന്നോട് പറഞ്ഞാൽ ഞാൻ എങ്ങനെ പ്രതികരിക്കുമെന്നോർത്ത് ഒരാൾ പറഞ്ഞില്ല .
രണ്ടാമത്തെയാള്‍ മുഖത്ത് നോക്കി പറയാൻ ധൈര്യമില്ലാതെ വീട്ടിൽ ചെന്ന ശേഷം
ലാന്റ് ഫോണിൽ വിളിച്ചു. തീര്‍ത്തും അപ്രതീക്ഷിതമായതു കൊണ്ട് തന്നെ ഞാൻ
ശരിക്കും ഞെട്ടി പോയി . അന്ന് ഞാൻ ഫോൺ കട്ടാക്കി . പിന്നെയും നാലഞ്ച് ദിവസം
കഴിഞ്ഞാണ് അവനോടു മിണ്ടിയത്. ആദ്യത്തെയാള്‍ അവന്റെ വിവാഹം ഉറപ്പിച്ച
ശേഷമാണ് എന്നോട് കാര്യം അവതരിപ്പിച്ചത് . ഇപ്പോൾ അതൊക്കെ ഓർക്കുമ്പോൾ ചിരി
വരും... ചിലപ്പോള്‍ ഒരിത്തിരി കണ്ണുനീരും..!
എന്തു സംഭവിക്കുമെന്ന് നമുക്ക് പറയാൻ സാധിക്കില്ലല്ലോ. എല്ലാം നല്ലതിന്....
ReplyDeleteഎന്നിട്ട് ചേച്ചിയുടെ കല്യാണം കഴിഞ്ഞില്ലേ..?
ഒരുപാട് നന്ദി ആനന്ദ് വായിച്ചതിനും , ആദ്യ കമന്റിനും . എന്റെ കല്ല്യാണം ആണോ അതോ എന്റെ ചേച്ചിയുടെ കല്ല്യാണം ആണോ കഴിഞ്ഞില്ലെന്ന് ചോദിച്ചത്
Deleteഎന്റെ കല്ല്യാണം കഴിഞ്ഞിട്ടില്ല കേട്ടോ . ഞാനിപ്പോഴും ക്രോണിക്ക് ബാച്ചിലറിയായി ഇങ്ങനെ സന്തോഷിച്ച് പാറിപ്പറന്ന നടക്കുന്നു . ഇനി അങ്ങനെ ഒരു കല്ല്യാണത്തെ പറ്റിയും ചിന്തിക്കുന്നില്ല. ഇടയ്ക്ക് ചിന്തിച്ചിരുന്നു . പിന്നെ വേണ്ടെന്നു വച്ചു
Deleteചേച്ചിയുടെയും അനുജത്തിയുടെയും പെണ്ണുകാണൽ വിശേഷം അവതരിപ്പിച്ചത് നന്നായിട്ടുണ്ട്.
ReplyDeleteനന്മയുണ്ടാവട്ടേ!
ആശംസകൾ
നന്ദി അങ്കിൾ
Deleteഹൃദയസ്പർശിയായ അനുഭവങ്ങൾ...
ReplyDeleteഒരുപാട് സന്തോഷം കൊച്ചു ഗോവിന്ദൻ
Deleteമനോഹരമായി അവതരിപ്പിച്ചു. പൊടിപ്പും തൊങ്ങലും ഇല്ലാതെ.
ReplyDeleteചിരിയും കണ്ണീരും.... അതാണ് ജീവിതം.
അത് വരുന്ന രീതിയിൽ അല്ലെങ്കിൽ തരുന്ന രീതിയിൽ നമുക്ക് മുന്നോട്ടു പോകാം. സംതൃപ്തരാകാം.
ആശംസകൾ.
നന്ദി ബിബിൻ ചേട്ടാ
Deleteപെണ്ണുകാണൽ പോസ്റ്റുകൾ ഒക്കെ സന്തോഷത്തിലോ, ഹാസ്യത്തിലൊ ആണ് അവസാണിക്കാറെങ്കിലും ഇത് ഒരു ദുഃഖപര്യവസായി ആയതുകൊണ്ട് ഇതുവരെയുള്ള പോസ്റ്റിൽ നിന്നെല്ലാം വ്യത്യസ്തമായി.അതൊരു പോരായ്മയേയല്ല.. കാരണം ജീവിതം തന്നെ ഒരു ദുഃഖപര്യവസായ സംഭവമാണല്ലോ.. എഴുത്ത് ഇഷ്ടപ്പെട്ടു..ആശംസകളോടെ
ReplyDeleteകുറച്ച് തമാശയായി ഒക്കെ എഴുതണമെന്നുണ്ടായിരുന്നു ചേട്ടാ. പക്ഷേ പലപ്പോഴും എനിയ്ക്ക് അങ്ങനെ വരില്ല എന്നതാണ് സത്യം.വളരെ നന്ദി ചേട്ടാ. കുറച്ച് ടെൻഷനുണ്ടായിരുന്നു. എല്ലാവരുടേയും പെണ്ണ് കാണൽ ചടങ്ങ് എഴുത്ത് സൂപ്പറായിരുന്നു. എൻ്റെയീ പെണ്ണ് കാണൽ എഴുത്ത് ബോറാകുമോ എന്ന് ചിന്തിച്ചിരുന്നു. ഇപ്പോൾ സമാധാനമായി. നന്ദി ചേട്ടാ
Deleteഹായ് ... പ്രീതൂട്ടി .... എന്തിനാ കഥയായി എഴുതുന്നെ ... ഇങ്ങനെ നടന്ന സംഭവം അതങ്ങനെത്തന്നെ പകർത്തിയത് വായിക്കാനും ഇഷ്ടമായി.
ReplyDeleteഎന്നാലും ചെക്കനെ വഴിയിൽ വച്ചു വഴക്കു പറഞ്ഞത് എന്തിനാണാവോ .
രസമായി എഴുത്ത് . എല്ലാരുടെ ജീവിതത്തിലും സന്തോഷങ്ങളും ഒപ്പം ദുഃഖങ്ങളും ഉണ്ട് . ഇന്നത്തെ ലോകത്തിന്റെ ഒരു അവസ്ഥ കണ്ടില്ലേ ...
നന്മകൾ നേരുന്നു .
നന്ദി ചേച്ചി. ചെക്കനെ വഴിയിൽ വച്ച് വഴക്ക് പറഞ്ഞത് അയ്യാൾ സൂക്ഷിച്ച് നോക്കുന്നത് കണ്ടിട്ട്. എനിക്കറിയില്ലല്ലോ എന്നെയാണ് നോക്കുന്നതെന്ന്. എൻ്റെ വിചാരം കൂടെ വന്ന കുട്ടിയെ നോക്കുന്നു എന്നാണ്. അതാ തിരിഞ്ഞ് നിന്ന് വഴക്ക് പറഞ്ഞത്.
Deleteമനോഹരമായി അവതരിപ്പിച്ചു
ReplyDeleteഎല്ലാത്തിനും അതിേന്റേതായ സമയമുണ്ട്.
ചില കാര്യങ്ങൾ നമ്മളെ അത്ഭുതപ്പെടുത്തിക്കാണ്ട് തന്നെ അതിൻറെ സമയത്ത് നടക്കും
ആശംസകൾ !
ആഹാ ഇതാര് ജിമ്മിച്ചായനോ.ഒട്ടും പ്രതീക്ഷിച്ചില്ല.വന്നതിനും, വായിച്ച് കമൻ്റ് ചെയ്തതിനും നന്ദി അച്ചായാ.ജീവിതം അങ്ങനെയാണല്ലോ. പ്രതീക്ഷിക്കാത്തതാണ് നടക്കുന്നത്
Deleteജീവിതം വഴി നിറയെ എത്രയോ വിചിത്രമായ കാര്യങ്ങൾ ആണ് എടുത്ത് വെച്ചിരിക്കുന്നത് ആർക്കറിയാം അല്ലേ..
ReplyDeleteഅതെ ചേച്ചി
Delete'സ്ത്രീ ധന വിവാഹം വേണ്ടെന്ന് വച്ച ആ തീരുമാനത്തിന് ഒരു ബിഗ് സല്യൂട്ട്
ReplyDeleteഅന്ന് എങ്ങനെ ധൈര്യം വന്നെന്നറിയില്ല
Deleteനന്നായി എഴുതി. മനസ്സിൽ ഏറ്റ ഒരു മുറിവ് പോലെ
ReplyDeleteഒരുപാട് സന്തോഷം
Deleteഎന്ത് പറയണം എന്നറിയില്ല... ഇതും ജീവിതം... :(
ReplyDeleteഇതൊക്കെ കൂടി ചേരുന്നതാണ് ജീവിതം വിനുവേട്ടാ
Delete
ReplyDeleteവല്ലാതെ നൊമ്പരമുണർത്തിയ
ഒരു പെണ്ണുകാണൽ അപാരത...
ചിലരുടെയൊക്കെ ജീവിതത്തിൽ
വിധിയുടെ കളിവിളയാട്ടത്താൽ സഫലീകരിക്കുവാൻ
പറ്റാത്ത ദു:ഖങ്ങളാണ് പ്രീത ഇവിടെ അനുഭവാവിഷ്‌കാരങ്ങളായി
ഇവിടെ പകർത്തിവെച്ചിരിക്കുന്നത് ...!
അതൊക്കെ ഇപ്പോൾ ജീവിതത്തിൻ്റെ ഭാഗമായി ചേട്ടാ.നന്ദി
Deleteജീവിതം ചാലിച്ചു കൊണ്ട് എഴുതിയത് കൊണ്ടാകാം മനസ്സിൽ തട്ടിയ എഴുത്ത്..നന്നായി എഴുതി..ചിലതൊക്കെ ഓർക്കുമ്പോൾ നമ്മൾ കരയും പിന്നെ ചിരിക്കും..ജീവിതം ഇങ്ങിനെ ഒക്കെയാണ് എന്ന ക്ളീഷേ ഞാനും പറയുന്നു 😐
ReplyDeleteഅതെ ജീവിതം അങ്ങനെയാണല്ലോ. നന്ദി പവി
Deleteനന്നായി അവതരിപ്പിച്ചു
ReplyDeleteനന്ദി
Deleteസരസമായി അവതരിപ്പിച്ചു.
ReplyDeleteഎന്നാലും അവസാനം സങ്കടം വന്നു കേട്ടോ...
ആശംസകൾ നേരുന്നു....
നന്മകൾ ഉണ്ടാവട്ടെ...
നന്ദി ഷൈജു ഭായ്
DeleteEniyum ezhudhuka...ezhudhi konde erikuka....ezhuthinu chuttumullavare sandhoshipikaanm karayipikaanm chindhikaanm ulla kazhivundu...koode swayam aswadhikaanm...hearty vshs n prays
ReplyDeleteഒരുപാട് സന്തോഷം നിഫിൻ ഭായ് .
Delete