Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

Tuesday, January 17, 2012

മുല്ലപ്പൂവും മനസ്വിനിയും



കാലത്തെഴുന്നേറ്റു മുഖം കഴുകി

പുറത്തേക്കു നോക്കിയപ്പോള്‍ കണ്ടു,
വിടര്‍ന്നുനില്‍ക്കുന്ന മുല്ലപ്പൂക്കള്‍.
അവനു വല്ലാത്ത സന്തോഷമായി.


നറുമണം വായുവില്‍ പടര്‍ത്തി,
ധവളനിറമുള്ള കുസുമങ്ങള്‍
നയനങ്ങള്‍ക്കൊരു ഉത്സവമായ നേരം
അവന്‍ ചെന്നാപൂക്കളെ തലോടി.



എന്തൊരു മാർദ്ദവമുള്ള മലരുകള്‍.
മനോഹരമായ എന്തിനെയും
സൃഷ്ടിക്കുന്ന സർവ്വേശ്വരാ, അവളെയും
ഇതുപോലെയാക്കിയതിനു


മൃദുലയാക്കിയതിനു,

മനോഹരിയാക്കിയതിനു,
പരിശുദ്ധയാക്കിയതിനു,
പരിമളവാഹിയാക്കിയതിനു നന്ദി.  
                                                                   കടപ്പാട്   :-  ഡോ. പി. മാലങ്കോട്

Tuesday, January 3, 2012

നവവത്സരത്തിൽ

         
         വരുന്നു നവവർഷം പോയകാലത്തിൻ തെറ്റും
         ശരിയും പരസ്പരം പങ്കുവയ്ക്കുന്നു നേട്ടം... 
       കഷ്ടങ്ങൾ കൂട്ടിക്കിഴിച്ചൊടുവിൽ മിച്ചം തീരാ-
       നഷ്ടമീ മനസ്സിലെ വിതയും കൊയ്ത്തുമോർക്കിൽ...!  
        ഒക്കെയും മറക്കുക, നവമീയദ്ധ്യായത്തിൻ 
      സിദ്ധരൂപത്തെ നെഞ്ചിലേറ്റുക ലാളിക്കുക !


        വേറൊരു വർഷം കൂടി നമ്മുടെ വാഴ്വിൽ നിന്നും
        വേർപിരിഞ്ഞോർമ്മത്തെറ്റായ് ജീവനിൽ ലയിക്കുന്നു...!
        കാലവ്യക്ഷത്തിൻ മലർക്കൊമ്പിൽ നിന്നൊരു മുല്ല 
        പ്പൂവുപോലൊരു വർഷം കൂടി വീണടിയുമ്പോൾ
         ഏതൊരു നിയോഗത്താൽ ജന്മ സൌഹ്യദംഗതി-
       വേഗമോടവിരാമം തുടരും സഞ്ചാരത്തിൽ 
       ഓർത്തുവെയ്ക്കുവാൻ മയിൽപ്പീലിപോൽ സ്മ്യതിയുടെ
       പുസ്തകത്താളിൽ കാത്തു സൂക്ഷിപ്പൂ നിന്നോർമ്മകൾ...!

                                                          
                                          കടപ്പാട് :-             സതീഷ് കൊയിലത്ത്

Thursday, December 1, 2011

കടലാസ്സു തോണികൾ

   ഭിത്തിയിലാരോ മാറ്റിതൂക്കിയ കലണ്ടറിൽ
  തത്തി ഞാനറിയാതെൻ കണ്ണുകളലസമായ്
ആഴ്ചകൾ മാസങ്ങളും,നാഴിക നക്ഷത്രവും  
കാഴ്ചയിൽപ്പെട്ടു വരും വത്സര വിവരങ്ങൾ ! 
എത്ര വേഗത്തിൽ പാഞ്ഞു പാഞ്ഞു പോകുന്നു കാലം  
ഇത്തിരിപ്പോലുമെങ്ങും വിശ്രമം തീരെയില്ല!
ഇന്നലെയിളം കുഞ്ഞായ് ഭൂമിയിൽ പിറന്നപ്പോൾ
മുന്നിലെ ദ്യശ്യങ്ങളെ നോക്കിയോ,കരഞ്ഞു പോയ്‌
പിന്നെയീ പ്രപഞ്ചത്തെ കാലടിക്കീഴിൽ ചേർക്കാൻ
നിർനിദ്രമദ്ധ്വാനിയ്ക്കും ധീരനാം മനുഷ്യനായ് .....!
വ്യർത്ഥ സ്വപ്നങ്ങൾക്കൊത്ത് ജീവിതം  നയിക്കുവാൻ 
മർത്ത്യരായ്  പിറന്ന നാം എത്രമേൽ ശ്രമിക്കുന്നു !
ഓർത്തുപോയല്പനേരം കാലത്തിൻ പ്രവാഹത്തിൽ
കേവലം കടലാസ്സു തോണികളല്ലേ നമ്മൾ ?!
മർത്ത്യന്റെ ബോധജ്ഞാന സീമകൾക്കപ്പുറത്തായ്
ഉത്സാഹമോടെ ആർത്തു കളിക്കുമൊരു പൈതൽ
ഹ്ലാദവും, വിഷാദവും, രാഗവും കിനാക്കളും
ഏറ്റിയ ചെറുച്ചെറു നൌകകളൊഴുക്കുന്നു !
അജ്ഞാത തീരം തേടി രാത്രിയും പകലുമായ്
മത്സരിച്ചവ മുന്നിലെത്തുവാൻ ശ്രമിക്കവെ
ശാശ്വത സത്യത്തിന്റെ വൻച്ചുഴി കുത്തിൽ വീണ്
താണു പോകവേ ദൂരെ ആ രംഗം നോക്കി നിന്നു
കൈക്കൊട്ടിച്ചിരിക്കുന്ന കുസ്യതികുടുക്കയോ 
വേറൊരു കളിത്തോണി ഒഴുക്കിലിറക്കുന്നു !


ജീവിതം അനുദിനം ഈ മഹാപ്രപഞ്ചത്തിൽ
നേരറിയുവാനായിട്ടുഴറും ചോദ്യമത്രേ.....!
അക്ഷരമാത്മാവിലെ അഗ്നിയായ് ജ്വലിപ്പിച്ചു
അക്ഷയ സ്നേഹത്തിന്റെ ദീപനാളവുമേന്തി
നാളെയ്ക്കു നീളും വഴിത്താരയിൽ വെളിച്ചമായ്
കൂരിരുളകറ്റുന്ന ജീവിതം നിത്യധന്യം.....!
                                              

                                                                        സതീഷ് കൊയിലത്ത്
                                                                        പാലക്കാട്,കല്ലേകുളങ്ങര
( ഈ ചേട്ടനൊരു  എൽ. ഐ.സി ഏജന്റ് ആണ്. ചേട്ടൻ നന്നായി കവിതകളെഴുതും. നന്നായി കവിത ചൊല്ലും. ചേട്ടന്റെ കൈകൾക്കു കുറച്ചു സ്വാധീന കുറവുണ്ട്) 
കടപ്പാട് സതീഷ് കൊയിലത്ത്  ആന്റ് ഗൂഗിൾ

Sunday, September 18, 2011

ദു:ഖം

കനവിന്റെ കരിനാളങ്ങള്‍ കത്തി തീരാറായി .
ഇന്നത്തെ ദു:ഖത്തിനവധി കൊടുക്കറായി .
എന്നില്‍ നിന്നിന്നത്തെ ദു:ഖകണങ്ങള്‍ ചിന്നി ചിതറായി.
ഇതു നാളത്തെ ദു:ഖത്തിനാരംഭമാകാം?
കനവേ ! കനവേ എന്‍ദു:ഖകണത്തെ
നിന്‍ പുഷ്പദളത്തില്‍ കോര്‍ത്ത്‌ വെടിപ്പാക്കാം .
മറ്റുള്ളോരുടെ ക്രൂരമ്പേറ്റെന്‍ ഹൃദയം തകരുമ്പോള്‍ .
തകരാതെന്‍ ഹൃദയ കണത്തെ സ്വന്തമാക്കീടൂ.
നശ്വരമാകുമെന്‍ ദു:ഖത്തിനു വറുതി വരുന്നില്ല .
ദു:ഖമേ ! ദു:ഖമേ എന്നില്‍ നിന്ന്
മറഞ്ഞു പോകാന്‍ സമയമായില്ലേ ?
സമയത്തിന്റെ ചാര്‍ട്ട് രേഖകള്‍
പരമാത്മാവ് കൈയ്യില്‍ തന്നില്ലേ .
ദു:ഖങ്ങളും , സന്തോഷങ്ങളും
എന്നാലെ തന്നെ അലിഞ്ഞു തീരുന്നൂ .
രാജേഷ് .പി , കോട്ടയം ( രാജേഷ് ചേട്ടന്‍ സുഖമില്ലാത്ത ആളാണ്‌ . ചേട്ടനെ കുറിച്ച് ഇതില്‍ തന്നെ എഴുതിയിട്ടുണ്ട് . സ്വന്തമായി ഒരു വീട് പോലും ഇല്ലാത്ത ആളാണ് ചേട്ടന്‍.)

Thursday, June 16, 2011

എന്‍റെ ഹൃദയം

 കാട്ടാറ്‌ തീര്‍ത്ത  ജലശയ്യയില്‍  കാറ്റിന്‍റെ
താളത്തിലോഴുകി  നീ  നീന്തിടുമ്പോള്‍ 
പുഷ്പറാണിയാം  പത്മമേ  നീയെന്‍റെ
 പ്രിയമുള്ളവളുടെ  പ്രതിബിംബമല്ലേ 
എന്നാത്മാവില്‍  നിത്യ ചൈതന്യമായ് 
എന്നും  നിറയുവാന്‍  ഞാന്‍ കൊതിച്ചു 
എരിയുന്ന  മനസ്സിന്‍റെ താപം  ഒന്നണയ്ക്കുവാന്‍
ചുംബനപ്പൂ  തരാന്‍  നീ മുതിര്‍ന്നു 
വിധി  തന്ന നിധിയായ്‌  അന്ന് തൊട്ടിന്നോളം 
  ജീവന്‍റെ ജീവനായ്   കരുതി  ഞാനും.   
അനുപമ  സ്നേഹമായ്   ഞാന്‍  കണ്ട  ബന്ധത്തെ
കുപ്പി വളയായി  നിനചിടതോരുനാളും   
വീണുദയാത്തൊരു  തങ്കവളയായ്‌  മാനിച്ചു
   ആശ്വസിക്കുന്നു  ഞാന്‍ നിന്നില്‍.                                                                                                                 

       നിസ്സാര്‍ , കോതപറമ്പ് , കൊടുങ്ങല്ലൂര്‍ , തൃശ്ശൂര്‍

Friday, February 11, 2011

തളിരിട്ട കിനാക്കള്‍


താരകയായി നീ പെയ്തു
താമര ഊയലാടി
തളിരണിഞ്ഞ കണ്ട കിനാക്കള്‍
താലിചാര്‍ത്തിയല്ലോ...?

ശ്രാവണമാസം വന്നു
ശ്രാവണ ചന്ദ്രനും വന്നു
ശാലീന സുന്ദര പുളിനങ്ങളില്‍
താരകേ നീയെന്തേ...?

ഇടവഴിയരികില്‍
ഈറന്‍ സന്ധ്യാനേരം
ഈറത്തണലിനോരം
ഈറനണിഞ്ഞതെന്തേ...?

ഈറന്‍ മിഴിയുമായി
ഇടറിയ സ്വനവുമായി
നീര്‍മിഴിപ്പൂക്കള്‍
ധാരയായതെന്തേ...?

വാല്‍ക്കുളമരികില്‍
വാലിട്ടു കണ്ണെഴുതി
വാര്‍മതിപ്പൂ ചൂടി
വാ മൊഴിഞ്ഞതെന്തേ...?

ഇതളണിഞ്ഞ മോഹം
മൊട്ടിട്ട നേരം
പൂവായി വിരിയാത്തതെന്തേ...?
കായായി മലരാത്തതെന്തേ...?

                   (കരമന c അശോക് കുമാര്‍.ഫയര്‍&റെസ്ക്യൂ സര്‍വീസ്.വര്‍ക്കല,തിരുവനന്തപുരം)

Thursday, February 10, 2011

സ്നേഹപൂര്‍വ്വം മകള്‍ക്ക്


ഒരു നീണ്ട യാത്രതന്‍


ശേഷമായെത്തിയ                      


ഇളംതെന്നലിന്‍ കുളിര്‍മ്മയില്‍


കണ്മുന്നില്‍ തെളിഞ്ഞുവോ..


സുഖമുള്ളരോര്‍മ്മയായ്


ജീവിതത്താളുകള്‍.




ഓര്‍മ്മയിലോരോന്നെഴുതിത്തുടങ്ങി ഞാന്‍.


തെളിയുന്ന ദൈന്യത


കുത്തിക്കുറിച്ചു ഞാന്‍.


ഭാഷയ്ക്കു ശുദ്ധി-


ല്ലക്ഷരവടിവില്ല.


കഥയോ?ഇതു കവിതയോ..?


അറിയില്ല,എനിക്കറിയില്ല.




ഞാനൊരക്ഷരജ്ഞാനിയല്ല


കൂട്ടരെ,ഞാനൊരു കവിയല്ല.


ജീവനില്‍ തൊട്ടൊരു വേദനപ്പാടുകല്‍


നിങ്ങളോടോതുകയാണു ഞാന്‍.




എന്റെ ഒരേയൊരു മകള്‍


സ്നേഹാര്‍ദ്രയായ മകള്‍


സൂര്യോദയത്തിന്റെ കാന്തിയും


ചെമ്പനീര്‍ പുഷ്പത്തിന്റെ ശോഭയും


ഒരുമിച്ചു കിട്ടിയ മകള്‍


നിഷ്ക്കളങ്കതയുടെ നിറകുടമായവള്‍.



എന്റെ ഹൃദയത്തിന്‍ തിരുമുറ്റത്തു


സ്നേഹോല്‍സവം തീര്‍ത്തവള്‍


കുഞ്ഞുകരംകൊണ്ടെന്‍                          


വിരല്‍തുമ്പു പിടിച്ചു


പിച്ചവെച്ചൊരോമനാള്‍ കുഞ്ഞു മകള്‍.



കുഞ്ഞരിപ്പല്ലുകള്‍ കാട്ടിയുള്ള പുഞ്ചിരിയും


നെഞ്ചിലെ ചൂടുപറ്റി നിദ്രയില്‍ പൂണ്ടതും


താമരപൂവിതള്‍ പോലുള്ളധരങ്ങളാല്‍


ചുംബനം തന്നതും ചെറുതേന്‍ പുരട്ടിയതും


ഇന്നുമെന്റെ ഓര്‍മ്മയില്‍ തെളിയുന്നു.



ഓരോ ദിവസവും ഞാനറിയാതെന്റെ


ആത്മാവ് നിന്നെ തേടിയെത്തുന്നു


നീ കിടക്കും ശ്മശാനത്തിലെ മണ്‍കൂനയില്‍


അഛ്ചായെന്ന വിളിയൊന്നുകേള്‍ക്കാന്‍.



സ്നേഹിച്ചു ലാളിച്ചു കൊതി തീരു-


മുമ്പെന്നെ തനിച്ചാക്കി


ഉണരാത്ത നിദ്രയുടെ ആഴങ്ങളില്‍


മുങ്ങിയതെന്തിനു മകളെ.??

                        

                       മുസ്തഫ പുളിക്കല്‍:

Sunday, December 19, 2010

അമ്മ

അമ്മ കുഞ്ഞിന്‍ നാവിലെ ആദ്യാക്ഷരം
ആരാധിക്കുന്നു അനുഗ്രഹമേ
ഇവിടെ ജനിക്കും മാനവര്‍ക്ക്
ഈശ്വരനെന്നത് ഇവളല്ലേ?
ഉദരത്തില്‍ ചുമന്ന്‍ ഉദാത്തമാക്കി
ഊഷ്മള കണ്ണീരാല്‍ ഉണ്ണി പിറന്നും
ഋതുമാതിയായി ഒരു കാലം നിന്നവളെ
എല്ലാം നിന്നിലടങ്ങും
ഏടാകൂടം നിന്‍ ശയനം കെടുത്തിയാലും
ഐശ്വര്യമായി നീ പുഞ്ചിരിപ്പൂ
ഒപ്പം നില്‍ക്കാനൊരു ശക്തിയുണ്ട്
ഓന്കാരമെന്ന ആദി ശബ്ദം
ഔന്നത്യം കൊണ്ട് തുല്യതയില്ല
അംശം കൊണ്ട് നീ എല്ലാടിലുമുണ്ട്
അവനീ തലത്തില്‍ നിറഞ്ഞ നില്പൂ.
(ഈ വരികള്‍ക്ക് ഒരു പ്രത്യേകതയുണ്ട്, കണ്ടെത്തുക)
കരമന.സി.അശോക്‌കുമാര്‍,ഫയര്‍&റെസ്ക്യു സര്‍വിസ് ,വര്‍ക്കല, തിരുവനന്തപുരം.

വ്യസനം

സോദരി എന്‍ പ്രിയ സോദരി
പുത്തനുടുപ്പുമായ് ഉപഹാരവുമായ്
ഞാന്‍ വരുമ്പോള്‍
അടുക്കല്‍ ഓടി വരാഞ്ഞതെന്തേ..?
കൂട്ടുകാരില്ല കുഞ്ഞു സംവാദവുമില്ല.
കുഞ്ഞാറ്റക്കിളിയായും പൂമ്പാറ്റയായും
പുറത്തേക്ക് ഒഴുകാഞ്ഞതെന്തേ..?
സോദരി എന്‍ പ്രിയ സോദരി
സ്വപ്നങ്ങളുമായ് ഉറങ്ങുന്ന നിനക്ക്
സ്വപ്ന സാക്ഷാത്ക്കാരമുണ്ടോ?
പുറംലോകവും പൊയ്മുഖങ്ങളും
പുത്തന്‍ മണിമന്ദിരങ്ങളും കാണാഞ്ഞതെന്തേ..?
നീ നടനമാടിയ പാദമിന്നെന്തേ ഇഴയുന്നു..?
നയനമാടിയ മിഴികോണിലെന്തേ കണ്ണുനീര്‍..?
നിശയും നിദ്രയും നിന്‍ തോഴിമാരിന്ന്
നിശതന്‍ കൂട്ടിലിരുന്ന് കിനാവു കാണാറുണ്ടോ..?
കളിമുറ്റം കട്ടിലായി
കളിവാക്ക് ഇരുട്ടിലായി
കളിമേട് കിടക്കയായി
ഇരുകാലില്‍ നടന്നോരോര്‍മ്മകള്‍ കൂട്ടിനുണ്ട്
നീര്‍മാതളവും നീലത്താമരയും നിളയും കണ്ണിലുണ്ട്
കുടവൂര്‍ പള്ളീക്കൂടവും കുറുക്കു വഴികളും കണ്ണീലുണ്ട്.
അരയ്ക്ക് താഴെ അയഞ്ഞെങ്കിലും ഇരുകൈക്കും ശക്തിയുണ്ട്.
ഇഴഞ്ഞു നീങ്ങാനൊരു മുറിയും ഇടതടമില്ലാ ഫോണും
സംഗീത സദസെന്നപോല്‍ ഇഷ്ട ഗാനവും
തന്നേക്കാള്‍ ദുഃഖിതര്‍ക്ക് സ്നേഹവായ്പ്പയും
ബലഹീനയാണെന്നും അല്ലെന്നും ഓതി നീങ്ങുന്ന നീ
ഇന്നെന്റെ നെഞ്ചിലെ ഇടുത്തീ ആണെങ്കിലും
നാടാകെ നിന്‍ കൂട്ടുകാര്‍ നാളത്തെ ശക്തിയല്ലയോ..?.


കരമന.C.‍അശോക് കുമാര്‍.(ഫയര്‍&റെസ്ക്യൂ സര്‍വീസ്.വര്‍ക്കല.തിരുവനന്തപുരം)
പ്രീതയെ കുറിച്ച് ഞാനെഴുതിയ കവിത