Sunday, December 19, 2010

വളരുന്ന ചക്രവാളം

വളരെ യാദൃഛികമായാണ് ഞാന്‍ പാലിയേറ്റീവ് കെയറിനെക്കുറിച്ച് കേള്‍ക്കുന്നത്.
ഒരു ദിവസം റേഡിയോ ഹെല്‍ത്ത് എന്ന പരിപാടി അനന്തപുരി എഫ് എമില്‍
കേള്‍ക്കാനിടയായി.അന്നാണ് ഞാന്‍ പാലിയേറ്റിവ് കെയര്‍ എന്താണെന്നും അവര്‍
എന്ത് സേവനമാണ് ചെയ്യുന്നതെന്നും മനസ്സിലാക്കിയത്.എന്റെ ഒരു സുഹൃത്തില്‍നിന്ന്
ഞാന്‍ പാലിയേറ്റിവ് കെയറിന്റെ നമ്പര്‍ സംഘടിപ്പിച്ചു ആദ്യം കിട്ടിയത് കോഴിക്കോടുള്ള

നമ്പറായിരുന്നു.നല്ല പരിഭ്രമത്തിലായിരുന്നു ഞാന്‍!പക്ഷെ,ആ ചേട്ടന്റെ ഹൃദ്യമായ
പെരുമാറ്റം എന്റെ ഭയത്തെ മാറ്റി.അദ്ദേഹമാണെനിക്ക് തിരുവനന്തപുരം യൂനിറ്റിന്റെ

നമ്പര്‍ തന്നത്.

തിരുവനന്തപുരം പാലിയേറ്റിവില്‍ വിളിച്ച് ബന്ധപ്പെട്ടപ്പോഴാണ്. എന്റെ വീട്ടില്‍നിന്ന്
കുറച്ചകലെയുള്ള മുരുക്കുംപുഴ പാലിയേറ്റിവ് കെയര്‍ യൂണിറ്റിനെക്കുറിച്ചറിയുന്നത്!
അവിടെ ഉണ്ടായിരുന്നവര്‍ വളരെ സ്നേഹത്തോടെ എന്റെ കാര്യങ്ങളൊക്കെ
ചോദിച്ചറിയുകയും,പിറ്റേന്ന് കാലത്തെ ഞാനുമായി ഫോണില്‍ സംസാരിച്ച ചേട്ടനും
പാലിയേറ്റിവ് വളന്റിയറായ അദ്ദേഹത്തിന്റെ ഭാര്യയും കൂടി എന്നെ കാണാന്‍ വന്നു!
അവര്‍ നല്‍കിയ നിര്‍ദേശപ്രകാരം,രണ്ട് ദിവസത്തിനകം പാലിയം ഇന്ത്യയിലെ
ഒരു ഡോക്ടറും സിസ്റ്റര്‍മാരും കൂടി എന്നെ കാണാന്‍ വന്നു!കുറച്ച് മരുന്നുകള്‍ നല്‍കി.
അവര്‍ തന്ന മരുന്നിനെക്കാള്‍ എറ്റവും വലിയ മരുന്ന് അവരുടെ സമീപനമായിരുന്നു.
എത്ര ഹൃദ്യമായ പെരുമാറ്റം !എന്റെ കൂടെ കുറേസമയം അവര്‍ ചെലവഴിച്ചു!
അവരുടെ വാക്കുകള്‍ എനിക്കൊത്തിരി സന്തോഷം പകര്‍ന്നുതന്നു.

ഇനി ഞാനെന്നെയൊന്ന് പരിചയപ്പെടുത്തട്ടെ...
എന്റെ പേര്‍ പ്രീത.എനിക്കൊത്തിരി ഇഷ്ടമുള്ളൊരു പേരാണിത്!എന്റെ വീട്ടില്‍
അച്ചന്‍ അമ്മ ഒരു ചേച്ചി.രണ്ട് കൂട്ടികളുമായി അവര്‍ ഭര്‍ത്താവിന്റെ നാട്ടില്‍ താമസിക്കുന്നു.
അച്ചനും അമ്മയും കൂലിപ്പണിക്കാരാണ്‍.കാലില്‍ വെരിക്കോസ് വെയിനിന്റെ ഓപറേഷന്‍
കഴിഞ്ഞതിനാല്‍ അമ്മക്കിപ്പോള്‍ ജോലിക്ക് പോവാനാവുന്നില്ല.

കഴിഞ്ഞ ഒമ്പത് വര്‍ഷമായി അരക്ക്താഴെ തളര്‍ന്നുകിടപ്പിലാണ് ഞാന്‍ ! പ്രീഡിഗ്രി വരെ
പഠിച്ചു.2000ത്തിന്റെ ഒടുവില്‍ എന്റെ കാലുകള്‍ക്ക് വേദനതുടങ്ങിയപ്പോള്‍ തിരുവനന്തപുരം
ഫിസിക്കല്‍ മെഡിസിന്‍ & റിഹാബിലിറ്റേഷന്‍ സെന്ററില്‍ ചെന്ന് കാണിച്ചു.ചില സംശയങ്ങള്‍
തോന്നിയ അവര്‍ വിദഗ്ദ്ധപരിശോധനക്കായി ശ്രീചിത്ര ഹോസ്പിറ്റലിലേക്കയച്ചു.അവിടെ
എം ആര്‍ ഐ സ്കാന്‍ ചെയ്തപ്പോള്‍ നട്ടെല്ലില്‍ ട്യൂമര്‍ വളരുകയാണെന്നും ഉടന്‍ ഓപറേഷന്‍
ചെയ്യണമെന്നും പറഞ്ഞു !അങ്ങിനെ 2001 ഫെബ്രുവരി 13ന് ഓപറേഷന്‍ കഴിഞ്ഞു.ഞാന്‍
അങ്ങിനെ ജീവിതത്തിന്റെ മറുഭാഗം അനുഭവിക്കാന്‍ തുടങ്ങി...ഒരേ കിടപ്പ് !!ഫിസിക്കല്‍
മെഡിസിന്റെ കീഴില്‍ 8മാസം മെഡിക്കല്‍ കോളേജില്‍ ദീര്‍ഘശയനം !! കിടപ്പ് ഇപ്പോഴും
അനുസ്യൂതം തുടരുന്നു.

എന്റെ വീട് റോഡരികിലല്ല,വീട്ടിലേക്കുള്ള വഴിയാകട്ടെ ഒരാള്‍ക്ക് കഷ്ടിച്ച് പോവാനാവാത്തതും!വര്‍ഷങ്ങളായി എന്റെ ലോകം ചെറു മുറിയുടെ നാലുചുമരുകളാണ് !
കുറച്ച് കൂട്ടുകാരുമുണ്ടെനിക്ക്.എന്നെത്തേടി വരുന്ന നല്ല കൂട്ടുകാര്‍.ഈ അടുത്തൊരു നാള്‍
ഡോക്ടര്‍ പ്രവീണും കൂട്ടുകാരും കൂടി വന്ന് എന്നെ വീല്‍ചെയറില്‍ താങ്ങിയെടുത്ത്
റോഡിലെത്തിച്ചു.ഡോക്ടറുടെ കാറില്‍ കോവളം തീരത്ത് ഇരുത്തി .തിരമാലകള്‍ വന്ന്
എന്‍റെ കാലില്‍ മുട്ടിയ നിമിഷം എനിക്ക് ഒത്തിരി സന്തോഷമായി !!ഞാനാ മണലില്‍
കടലമ്മ എന്നെഴുതി !എന്റെ ജന്മം സഫലമായ നിമിഷമായിരുന്നു അത്.

സുഖമില്ലാതെ കിടക്കുന്നവരോടെനിക്ക് പറയാനുള്ളത്,ആരും സങ്കടപ്പെടരുതെന്നാണ്.
ദൈവം കരുണാമയനാണ്.ഒരുകൈ കൊണ്ടവന്‍ നമ്മെ തല്ലുമ്പോള്‍ മറുകൈകൊണ്ട്
നമ്മെ താങ്ങുകയും ചെയ്യും.ഒരു വാതിലടയുമ്പോള്‍ നാല്പത് വാതിലുകള്‍ തുറന്ന് തരും !
ഞാന്‍ പൂക്കളൊക്കെ ഉണ്ടാക്കും.പാവക്കുട്ടികളും!ഇതൊക്കെ കുറിച്ച് കഴിഞ്ഞപ്പോള്‍ എനിക്ക്
വലിയൊരാശ്വാസം തോന്നുന്നു!എന്റെ മനസ്സിലെ ഭാരങ്ങളൊക്കെയും കുറഞ്ഞു !
എനിക്ക് വേണ്ടി നിങ്ങളൊക്കെ പ്രാര്‍ഥിക്കണം 

പിന്നൊരു കാര്യം,എന്നെ ബ്ലോഗിലെത്തിച്ചത് നമ്മുടെ ഹാറൂണ്‍ ചേട്ടനാണ്.അദ്ദേഹത്തിനു
വേണ്ടിയും നിങ്ങള്‍ പ്രാര്‍ഥിക്കുമെന്ന് എനിക്കറിയാം.കണ്ണൂര്‍ക്കാരനാണദ്ദേഹം.ഇനിയും
ഒരുപാട് അനുഭവങ്ങളെഴുതാനുണ്ട്...തല്‍ക്കാലം ഞാന്‍ നിര്‍ത്തുന്നു.

2 comments: