Friday, February 21, 2014

അപ്രതീക്ഷിതം

മദിരാശിയില്‍ നിന്ന്‍ എറണാകുളത്തേയ്ക്കുള്ള ട്രെയിന്‍ യാത്രയ്ക്കിടയിലാണ് അയാളെ അഞ്ജു ആദ്യമായി കാണുന്നത്. അല്പ്പം ഒച്ചയുയര്‍ന്നു കേട്ടപ്പോഴാണ് ഓര്‍മ്മകളില്‍ മുഖം പൂഴ്ത്തിയിരുന്ന അവള്‍  തലയുയര്‍ത്തി ശബ്ദം കേട്ടിടത്തേയ്ക്ക് നോക്കിയത്. ഒരു ചെറുപ്പക്കാരനോട് കയര്‍ക്കുന്ന മറ്റൊരു യുവാവ്. ചെറുപ്പക്കാരനും എന്തൊക്കെയോ പറയുന്നുണ്ട്. തൊട്ടടുത്തു തന്നെ നില്ക്കുന്ന ഒരു യുവതി ഇടയ്ക്ക് വിരല്‍ച്ചൂണ്ടി സംസാരിക്കുകയും മറ്റും ചെയ്യുന്നുണ്ട്. തിരക്കേറിയ കമ്പാര്‍ട്ട്മെന്റിനുള്ളില്‍ വച്ച് ചെറുപ്പക്കാരന്‍ യുവതിയോട് വല്ല അരുതായ്കയും ചെയ്തുകാണും. കയ്യിലിരുന്ന പുസ്തകം മാറോടണച്ച് അഞ്ജു വീണ്ടും ജനല്‍ വാതിലിലൂടെ പുറം കാഴ്ചകളിലേയ്ക്ക് കണ്ണോടിച്ചു.         

              തറവാടും അച്ഛനുമമ്മയും ഒപ്പം നാട്ടുമ്പുറക്കാഴ്ചകളും അവളുടെ മനതാരില്‍ ചലച്ചിത്രമെന്നപോലെ തെളിഞ്ഞു മറഞ്ഞുകൊണ്ടിരുന്നു. ആ ഓര്‍മ്മയില്‍ ഇരുന്ന്‍  അറിയാതെയൊന്നു മയങ്ങി പോയി . ആരോ ചുമലിലൊന്നു തൊട്ടതായി തോന്നിയ അഞ്ജു പെട്ടെന്ന്‍ കണ്ണുകള്‍ തുറന്നു. മയക്കത്തിന്റെ  മായക്കാഴ്ചകൾ മനസ്സില്‍ നിന്നും മറയുകയും യാഥാർത്ഥ്യത്തിന്റെ ലോകത്തേയ്ക്ക് വരുകയും ചെയ്ത അവള്‍ കണ്ണുകള്‍ വിടര്‍ത്തി നോക്കി. തന്റെ മുന്നിലെ സീറ്റിലിരിക്കുന്ന ചെറുപ്പക്കാരന്‍ തന്നെ നോക്കിയിരിക്കുന്നു. അയ്യാളായിരിക്കുമോ തന്നെ തൊട്ടുണര്‍ത്തിയത്. അഞ്ജു പുരികം ചുളിപ്പിച്ച് ചോദ്യഭാവത്തില്‍ അയ്യാളെയൊന്നു നോക്കി. "ക്ഷമിക്കണം വിളിച്ചുണര്‍ത്തിയതിന്. നിങ്ങളുടെ പുസ്തകം താഴെ വീണുകിടക്കുന്നു. കാലതിന്റെ പുറത്തു ചവിട്ടിയതുകൊണ്ടാണ് വിളിച്ചുണര്‍ത്തിയത്. തെറ്റിദ്ധരിക്കരുത്" മധുരമായ ശബ്ദത്തില്‍ അയാള്‍ ഒച്ച കുറച്ചു പറഞ്ഞു. താന്‍ നല്ലതുപോലെയുറങ്ങിപ്പോയിരിക്കുന്നു. അതാണു പുസ്തകം കയ്യില്‍ നിന്നൂര്‍ന്ന് ‍ വീണതറിയാതിരുന്നത്. അഞ്ജു കുനിഞ്ഞ് തറയില്‍ നിന്നും പുസ്തകമെടുത്ത് മടിയില്‍ വച്ചിട്ട് അയാളെ ക്ഷമാപണമെന്ന ഭാവത്തോടെ ഒന്നു നോക്കി . അയാളതു കണ്ട് ഒരു ചിരി സമ്മാനിച്ചശേഷം പുറത്തേയ്ക്ക് നോക്കിയിരുന്നു. അഞ്ജു നാലുപാടുമൊന്നു കണ്ണോടിച്ചു. കമ്പാര്‍ട്ട്മെന്റില്‍ കുറച്ചു പേരെയുള്ളൂ. അതില്‍ തന്നെ മിക്കപേരും നല്ല ഉറക്കമാണ്. സമയം പുലര്‍ച്ചെ മൂന്നു മണി കഴിഞ്ഞിരിക്കുന്നു. രാവിലെ ഏഴു മണിക്കു മുന്നേ തന്റെ നാട്ടിലെത്തും. അവളൊരു ദീര്‍ഘിനിശ്വാസത്തോടെ സീറ്റിലേക്ക് ചാരിയിരുന്നു. കുറച്ചു സമയം കൂടി അങ്ങനെയിരുന്ന ശേഷമവള്‍ ബാത്ത്റൂമില്‍ പോയി ഫ്രെഷായി വന്നു .

        അപ്പോഴേയ്ക്കും ട്രെയിൻ ഏതോ സ്റ്റേഷനില്‍ നിര്‍ത്തി. പ്ലാറ്റ്ഫോമില്‍ കൊണ്ട് വന്ന ചായക്കാരനില്‍ നിന്നും ചെറുപ്പക്കാരന്‍ ഒരു ചായവാങ്ങി അത് ചുണ്ടോടടുപ്പിച്ചിട്ട് പെട്ടെന്നെന്തോ ഓര്‍ത്തതുപോലെ ഒരു ചായകൂടി വാങ്ങി അത് അഞ്ജുവിനു നേരെ നീട്ടി. അവളതു നിഷേധിച്ചെങ്കിലും അയാളുടെ നിര്‍ബന്ധം കൊണ്ടത് വാങ്ങേണ്ടി വന്നു. രുചികരമല്ലെങ്കിലും ചൂടുള്ള ചായ അന്നനാളം വഴി ഒഴുകിയിറങ്ങിയപ്പോള്‍ അവള്‍ക്കൊരുന്മേഷം തോന്നി.
                             "എന്താ പേര്?" അവളുടെ ചോദ്യം കേട്ട് ചെറുപ്പക്കാരന്‍ ചായകുടി നിര്‍ത്തിയിട്ട് മുഖമുയര്‍ത്തി . "ഞാന്‍ മഹേഷ്. ഒരു സ്വകാര്യ കമ്പനിയിൽ ജോലി നോക്കുന്നു" ഒച്ച കുറച്ചയാള്‍ പറഞ്ഞു. വഴിക്കാഴ്ചകളില്‍ നോക്കിയിരിക്കുന്ന ചെറുപ്പക്കാരനോട് എന്തുകൊണ്ടോ അഞ്ജുവിനൊരിഷ്ടം തോന്നിത്തുടങ്ങി. ട്രെയിന്‍ പിന്നെയും നീങ്ങാന്‍ തുടങ്ങി . "എന്റെ പേരറിയണ്ടേ" ആ  ചോദ്യം കേട്ട് പുസ്തകം വായിച്ചു കൊണ്ടിരുന്ന ചെറുപ്പക്കാരന്‍ തലയുയര്‍ത്തി അവളെയൊന്നു നോക്കി. എന്നിട്ടൊരു ചെറു പുഞ്ചിരിയോടെ പേരെന്താണെന്ന്‍ ചോദിച്ചു. "അഞ്ജു”. അവളുടെ മറുപടി ഒരു തുടക്കമായിരുന്നു. പിന്നെ ചിരപരിചിതരെപ്പോലെ സംസാരപ്പെരുമഴയായിരുന്നു. അവര്‍ ഒന്നും ഒളിക്കാതെ എല്ലാം സംസാരിച്ചു.മഹേഷ് ഒരു കേസിന്റെ ആവശ്യത്തിനായ് നാട്ടിലേയ്ക്ക് പോകയാണെന്നും അയാള്‍ വിവാഹിതനും ഒരു മകളുടെ അച്ഛനാണെന്നതും കേട്ടപ്പോള്‍ അഞ്ജുവിനാദ്യമൊരു വല്ലായ്ക അനുഭവപ്പെട്ടു. എന്നാല്‍ അയാളുടെ മുഴുവന്‍ കഥയും കേട്ടപ്പോള്‍ അവള്‍ക്ക് വലിയ സങ്കടമാണുണ്ടായത്.
           മഹേഷിന്റെ അടുത്ത ചങ്ങാതിയായിരുന്ന ഒരുവന്‍ ഒരു ആഘോഷപരിപാടിക്കിടെ പുറത്തുനിന്നുള്ള ഒന്നു രണ്ടുപേരുമായ് കശപിശയുണ്ടാക്കി. നല്ല രീതിയില്‍ അടി നടക്കവെ ഒപ്പമുണ്ടായിരുന്ന ആളൊരു കത്തിയെടുത്ത് കൂട്ടുകാരനെ കുത്താന്‍ ശ്രമിക്കുന്നതുകണ്ട് മഹേഷ് അയാളെ അടിച്ചു വീഴ്ത്തി. വീഴ്ചയില്‍ കത്തി അയാളുടെ വയറില്‍ തറഞ്ഞു കയറി ഗുരുതരമായ പരിക്ക് പറ്റി . അതിന്റെ പേരില്‍ കേസും ബഹളവുമൊക്കെയായ് കുറേയേറെ നാളുകള്‍. ഉണ്ടായിരുന്ന ജോലി നഷ്ടമായി . റിമാന്‍ഡ്‌ കാലഘട്ടം കഴിഞ്ഞ് കോടതിയില്‍ നിന്നും ജാമ്യം നേടി പുറത്തുവന്ന മഹേഷ് മറ്റൊരു ഞെട്ടിക്കുന്ന വിവരവുമറിഞ്ഞു. അഞ്ചു വര്‍ഷയത്തോളം പ്രണയിച്ചു വിവാഹം കഴിച്ച അയാളുടെ ഭാര്യ അത്ര സുഖകരമല്ലാത്ത ചില ബന്ധങ്ങളില്‍പ്പെട്ടിട്ടുണ്ട് എന്നതായിരുന്നു ആ വാര്‍ത്ത . ആദ്യമൊക്കെ വെറുതേയെന്ന്‍ ധരിച്ച് ആശ്വസിച്ച അയാളെ നിരാശപ്പെടുത്തിക്കൊണ്ട് ഒരുനാള്‍ തനിക്കൊരു നല്ല ജോലി കിട്ടിയെന്നും താന്‍ അതിനു പോകുന്നുവെന്നും പറഞ്ഞ് ഭാര്യ മകളേയുമെടുത്ത് വീടുവിട്ടിറങ്ങി. പിന്നീടവള്‍ ഏതോ വിദേശരാജ്യത്ത് പോയി എന്നാണ് അറിയാന്‍ കഴിഞ്ഞത്. സംഭവിക്കുന്നതെല്ലാം ഒരു നിസ്സംഗതയൊടെ മാത്രം നോക്കിക്കാണുകയായിരുന്നയാള്‍. കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ മഹേഷിനൊരു രു ജോലി ശരിയായി. അതയാളെ അല്പ്പം ആശ്വാസപ്പെടുത്തി. ഇടയ്ക്കിടയ്ക്ക് കേസിന്റെ കാര്യങ്ങള്‍ക്കായി ഒരാഴ്ചത്തെ അവധിയെടുത്ത് നാട്ടില്‍ വരും. അങ്ങിനെയൊരു വരവാണിതും.
   ഇക്കുറി എന്തായാലും വിധി ഉണ്ടാകും എന്നാണു കരുതുന്നത്. മഹേഷിന്റെ കഥ കേട്ടപ്പോള്‍ അഞ്ജുവിന് മനസ്സില്‍ എന്താണു തോന്നിയതെന്നറിഞ്ഞില്ല. അഞ്ജു തനിക്കിറങ്ങേണ്ട സ്റ്റേഷനടുത്തെത്താറായപ്പോള്‍ പെട്ടെന്ന്‍ തന്റെ ബാഗൊക്കെ എടുത്തുവച്ചു. രണ്ട് സ്റ്റേഷന്‍ കൂടി കഴിയുമ്പോള്‍ മഹേഷിനിറങ്ങാനുള്ള സ്റ്റേഷന്‍ എത്തും. ഇറങ്ങുന്നതിനു മുന്നേയവള്‍ അവന്റെ മൊബൈല്‍ നമ്പര്‍ വാങ്ങിയിരുന്നു. ഒപ്പമവള്‍ തന്റെ നമ്പര്‍ അവനു നല്കുകയും ചെയ്തു.
                                  അമ്മ തലയില്‍ തേച്ചുപിടിപ്പിച്ച കാച്ചെണ്ണയുടെ സുഗന്ധവും പേറി അവള്‍ കുളക്കടവില്‍ കുറേ നേരമിരുന്നു. മനസ്സില്‍ ഒരു തിരതള്ളല്‍. മഹേഷിന്റെ കേസ് ഇന്നായിരുന്നു വിധിപറയുന്നത്. എന്തായിക്കാണുമത് എന്നോര്‍ത്തവളാകെ വേവലാതി പൂണ്ടു. മൊബൈലില്‍ രണ്ടുമൂന്നാവര്‍ത്തി ശ്രമിച്ചെങ്കിലും സ്വിച്ചോഫ് എന്ന മറുപടിയാണു കിട്ടുന്നത്. കുളത്തിലെ തണുത്ത വെള്ളത്തില്‍ മുങ്ങിത്താഴവേ അവള്‍ക്കൊരു കുളിര്‍മ്മ തോന്നി മനസ്സിനും ശരീരത്തിനും. അമ്മയുണ്ടാക്കിത്തന്ന നല്ല ചൂടുചായയുമായി പാരിജാതച്ചുവട്ടിലിരിക്കവേ ഒരുവട്ടം കൂടി ശ്രമിക്കാമെന്നു കരുതിയവള്‍ മൊബൈലെടുത്ത് മഹേഷിന്റെ നമ്പര്‍ ഞെക്കി. ഫോണ്‍ റിംഗ് ചെയ്യുന്നതറിഞ്ഞപ്പോള്‍ അവളുടെ ഹൃദയമൊന്നു തുടിച്ചു. മറുതലക്കല്‍ നിന്നും കേസ് കോടതിയ്ക്ക് പുറത്തുവച്ച് തീര്‍പ്പായെന്നും കുറച്ച് കാശു കൊടുത്ത് അങ്ങിനെ ആ വല്യ പൊല്ലാപ്പില്‍ നിന്നും രക്ഷപെട്ടന്നുമുള്ള മഹേഷിന്റെ വാക്കുകള്‍ കേട്ടപ്പോള്‍ അവള്‍ ശരിക്കും സന്തോഷിച്ചു. പിന്നെ പലപ്പോഴും ഫോണിലൂടെ അവര്‍ സംസാരിച്ചു സമയം കളഞ്ഞു. ഒരാഴ്ച കഴിഞ്ഞ് മഹേഷ് ജോലിസ്ഥലത്തേയ്ക്ക് മടങ്ങി. നാട്ടിലെ അവധിക്കാലം കഴിഞ്ഞ് അഞ്ജു ചെന്നൈയിലേയ്ക്ക് മടങ്ങിയെത്തിയപ്പോള്‍ റയില്‍വേ സ്റ്റേഷനില്‍ സ്വീകരിക്കുവാന്‍ മഹേഷ് ഉണ്ടായിരുന്നു. 

        ഒരു ദിവസം കോഫീ ഷോപ്പിലിരുന്നു കോഫി നുണയവേ താന്‍ മറ്റൊരുവനുമായ് ജീവിതം തുടങ്ങിയെന്നും താനുമായുള്ള വിവാഹ ഉടമ്പടിക്കരാര്‍ റദ്ദ് ചെയ്തു നല്കണമെന്നും ആവശ്യപ്പെട്ടുള്ള തന്റെ ഭാര്യയുടെ കത്ത് മഹേഷ് അഞ്ജുവിനെ കാണിച്ചുകൊടുത്തു. "മഹേഷ് എന്തു ചെയ്യാന്‍ തീരുമാനിച്ചു" അയാളുടെ മുഖത്തു നോക്കിക്കൊണ്ട് അഞ്ജു ചോദിച്ചു. "എന്തു ചെയ്യാന്‍. അവളുടെ ആഗ്രഹം അതാണെങ്കില്‍ അങ്ങിനെ നടക്കട്ടെ. വിവാഹം എന്നതൊരു ഉടമ്പടിക്കരാര്‍ മാത്രമാണെന്ന്‍ ധരിച്ചുവച്ചിരിക്കുന്നവള്‍ ഒഴിവാകുന്നതു തന്നെയാണു നല്ലത്. ഞാന്‍ സമ്മതമാണെന്ന്‍ അറിയിക്കുവാന്‍ പോകുവാ. ഇനി പഴയതുപോലെ എന്റെ് സര്‍വ്വ സ്വാതന്ത്ര്യങ്ങളിലേക്കുമൊന്നിറങ്ങണം" കൈകള്‍ രണ്ടും വിടര്‍ത്തിക്കൊണ്ടയാള്‍ പറഞ്ഞതുകേട്ട് അഞ്ജുവിന്റെ മനസ്സിനുള്ളില്‍ ഒരു തിരയിളക്കം രൂപപ്പെട്ടു.

                                       ശുഭം

23 comments:

  1. Replies
    1. അഭിപ്രായത്തിന് നന്ദി ലിജു

      Delete
  2. രോഗി ഇച്ചിച്ഛതും വൈദ്യന്‍ കല്‍പിച്ചതും അല്ലെ..
    ലളിതമായ എഴുത്ത്.

    ReplyDelete
    Replies
    1. അഭിപ്രായത്തിന് നന്ദി റാംജി ചേട്ടാ

      Delete
  3. Replies
    1. അഭിപ്രായത്തിന് നന്ദി ഷാജു അത്തോണിക്കല്‍ ഭായ്

      Delete
  4. എന്നാല്‍പ്പിന്നെ അങ്ങനെ തന്നെയാവട്ടെ അല്ലേ?

    ReplyDelete
    Replies
    1. അങ്ങനെ തന്നെ അജിത്തേട്ടാ

      Delete
    2. അഭിപ്രായത്തിന് നന്ദി അജിത്തേട്ടാ

      Delete
  5. ദീർഘിപ്പിക്കാത്ത എഴുത്ത്. ദുഃഖകരമായ കാര്യങ്ങൾ കുത്തിനിറച്ചിട്ടുമില്ല.
    നന്നായിരിക്കുന്നു. ആശംസകൾ...

    ReplyDelete
    Replies
    1. അഭിപ്രായത്തിന് നന്ദി ഹരിനാഥ്‌ ഭായ്

      Delete
  6. രോഗി ഇശ്ചിച്ചതും....
    ആശംസകൾ.

    ReplyDelete
    Replies
    1. അഭിപ്രായത്തിന് നന്ദി പ്രേമേട്ടാ

      Delete
  7. അഭിപ്രായത്തിന് നന്ദി സി.പി ചേട്ടാ

    ReplyDelete
  8. അപ്രതീക്ഷിതമായി സംഭവിക്കുന്ന ചില കാര്യങ്ങള്‍/ജീവിതങ്ങള്‍.

    ആശംസകള്‍.

    ReplyDelete
  9. ഇവിടെ പറയ്യാതെ പറഞ്ഞ ഒരു പ്രണയത്തെ മനോഹരമായി പറഞ്ഞു

    ReplyDelete
  10. ലളിതമായ രചന,നന്നായിരിക്കുന്നു..

    ആശംസകള്‍

    ReplyDelete
    Replies
    1. നന്ദി സാജന്‍ ഭായ്

      Delete
  11. njan aadyamayittanu oru blog vaayikkunnath...aadyathe vaayana thanne manoharamaakkiya pravahinikk nanni....

    ReplyDelete
    Replies
    1. നന്ദി റിയാസ് ഭായ്

      Delete
  12. കൊള്ളാല്ലോ പ്രീതമ്മെ ..നല്ല ആശയം നന്നായി അവതരിപ്പിച്ചു .
    ഒരു സംശയം ഒരു പുരുഷന്റെ കദന കഥ കേൾക്കുമ്പോൾ അല്ലങ്കിൽ ഒരു പുരുഷനെ കാണുമ്പൊൾ മനസ്സിൽ തിരയിളക്കം ഉണ്ടാകുന്ന സ്ത്രീകൾ ഉണ്ടോ ആവോ ? കാണുമായിരിക്കും ..!!!! അഭിനന്ദനങ്ങൾ പ്രീത ... കൂടുതൽ നല്ല രചനകൾ പ്രതീക്ഷിക്കുന്നു

    ReplyDelete