Saturday, September 7, 2013

ചെയ്യാത്ത തെറ്റിന് .........

ഒരു അദ്ധ്യാപക ദിനം കൂടി കഴിഞ്ഞു പോയി . . സ്കൂളിനെ കുറിച്ച് ആലോചിക്കുമ്പോള്‍ ആദ്യം മനസ്സില്‍ വരുന്നത്  പണ്ട് ചെയ്യാത്ത തെറ്റിന് മാഷിന്റെ കൈയ്യില്‍ നിന്നും അടി കിട്ടിയതാണ് . മാഷിന്റെ കൈയ്യില്‍ നിന്നും മാത്രമല്ല  വീട്ടില്‍ നിന്നും പൊതിരെ തല്ലു കിട്ടി .

 ഞാന്‍ മൂന്നാം തരത്തില്‍ പഠിക്കുമ്പോള്‍ ആണ് സംഭവം  നടക്കുന്നത് . കൂടെ പഠിക്കുന്ന ഒരു കുട്ടിയുടെ കമ്മലിന്റെ ആണി കളഞ്ഞു പോയി . അത് ഞാന്‍ എടുത്തു എന്നും പറഞ്ഞായിരുന്നു ബഹളം . ഇപ്പോള്‍ അതൊക്കെ ആലോചിക്കുമ്പോള്‍ ചിരി വരുന്നു . അവളുടെ പേര് ഞാന്‍ മറന്നു പോയി. എന്നാല്‍ എന്നെ തല്ലിയ ആ മാഷിന്റെ പേര് ഞാന്‍ ഒരിക്കലും മറക്കില്ല .പക്ഷേ ഞാന്‍ ആ പേര് ഇപ്പോള്‍ ഇവിടെ പറയുന്നില്ല

 ഒരു ദിവസം വൈകുന്നേരം ആണ് സംഭവം. സ്കൂള്‍ വിട്ട സമയം . അവള്‍ എന്നോട് വന്നു പറഞ്ഞു . അവളുടെ കമ്മലിന്റെ ആണി ഊരിയിരിക്കുന്നു . ഒന്ന് ഇറുക്കി ഇട്ടു കൊടുക്കാന്‍ . എന്‍റെ കഷ്ട കാലത്തിനു ആണെന്ന് തോന്നുന്നു . ഞാന്‍ ആണി നന്നായി മുടുകി കൊടുത്തു . എന്നിട്ട് വീട്ടിലേയ്ക്ക് പോന്നൂ . പിറ്റേന്ന് രാവിലെ ആണ് അവള്‍ വലിയൊരു ബോംബുമായി കാസ്സിലേയ്ക്ക് വന്നത് . ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത അനുഭവം. അവളുടെ കമ്മലിന്റെ ആണി കാണാനില്ല. ആകെ പ്രശ്നം ആയി . അവള്‍ വീട്ടില്‍ പറഞ്ഞു ഞാനാണ് അതെടുത്തതെന്നു . പോരെ പുകില്  മാത്രമല്ല ആ മാഷ്‌ അവളുടെ  അച്ഛന്റെ ഏറ്റവും അടുത്ത കൂട്ടുകാരനും  . അന്ന് മാഷ്‌ എന്നെ ഓഫീസ് മുറിയിലേയ്ക്ക് വിളിപ്പിച്ചു . ഞാനല്ല അതെടുത്തതെന്നു കരഞ്ഞു പറഞ്ഞിട്ടും മാഷ്‌ വിശ്വസിച്ചില്ല . മാഷ്‌ കുറെ തല്ലി. മാഷിന്റെ തല്ലിനേക്കാള്‍ ഭയന്നതു എന്റെ വീട്ടില്‍  അച്ഛൻ അറിഞ്ഞാലുള്ള  അവസ്ഥ ഓര്‍ത്താണ് . കാരണം ചെറിയ തെറ്റിന് പോലും കഠിനമായി ശിക്ഷിക്കുന്ന ആളാണ്‌ അച്ഛൻ. അന്ന് മുഴുവന്‍ ഞാന്‍ ഓഫീസ് റൂമില്‍ കരഞ്ഞു കലങ്ങിയ കണ്ണുകളുമായി  നിന്നു. എല്ലാവരും എന്നെ ഒരു കുറ്റവാളിയെ പോലെ നോക്കി . അതൊന്നും കൊണ്ട് കഴിഞ്ഞില്ല . അന്ന് വൈകുന്നേരം മാഷ്‌ റോഡില്‍ വച്ചു കണ്ടപ്പോള്‍  അച്ഛനോട് ഈ വിവരം പറഞ്ഞു.. ഹോ ! അന്ന് വീട്ടില്‍  വന്ന അച്ഛൻ തന്ന ശിക്ഷ അതി കഠിനമായിരുന്നു .

 എന്നാല്‍ പിറ്റേന്നു  രാവിലെ അവള്‍ സ്കൂളില്‍ വന്നത് കമ്മലിന്റെ ആണിയുമായി ആയിരുന്നു . സംഭവിച്ചത് ഇങ്ങനെയായിരുന്നു . ഉറക്കത്തില്‍ ഉരുളുന്ന സ്വഭാവം ഉള്ള  അവള്‍ ഇടയ്ക്ക് എപ്പോഴോ കട്ടിനടിയിലേയ്ക്ക്  പോയി . ഒപ്പം ആണിയും അവിടെ ആയി പോയി .ഉറക്കം എണീറ്റ്‌ സ്കൂളില്‍ വരാന്‍ തുടങ്ങുന്നതിനിടയില്‍ ആണ്  കമ്മല്‍ വീട്ടുകാരും ശ്രദ്ധിക്കുന്നത് . അവര്‍ ബെഡ് ഷീറ്റിലൊക്കെ നോക്കിയെങ്കിലും കണ്ടില്ല. വീട്ടുകാരില്‍ നിന്നും തല്ലു കിട്ടാതിരിക്കാന്‍ വേണ്ടിയും  എന്റെ കഷ്ടകാലത്തിന്‍റെ സമയം ആയിരുന്നത് കൊണ്ടും  അവള്‍ പറഞ്ഞത് ഞാന്‍ എടുത്തു എന്ന് . എന്നാല്‍ അന്ന് വൈകുന്നേരം  അവളുടെ അമ്മ തൂത്ത് വാരുന്നതിനിടയില്‍ കട്ടിലിനടിയില്‍ നിന്നും ആ ആണി കിട്ടി .

 അവള്‍ക്ക് സന്തോഷം ആയി . മാഷ്‌  എന്നെ അന്ന് ഓഫീസ് റൂമില്‍ വിളിച്ചു കുറെ ആശ്വസിപ്പിച്ചു . എന്നാല്‍ ഞാന്‍ നേരിട്ട അപമാനത്തിനും , വീട്ടില്‍ നിന്നും കിട്ടിയ അടിക്കും  എന്ത് പകരം തരാന്‍ ആകും അവള്‍ക്കും, മാഷിനും . എന്തായാലും അന്നത്തോടെ ഞാന്‍ എല്ലാവരേയും സഹായിക്കുന്ന പരിപാടി നിര്‍ത്തി . പിന്നെ അവളോട്‌ ഞാന്‍ മിണ്ടിയിട്ടുമില്ല. നാലാം ക്ലാസ് കഴിഞ്ഞപ്പോള്‍ അവള്‍  പള്ളിക്കൂടം മാറി പോയി . ചെയ്യാത്ത തെറ്റിന് ആരും ശിക്ഷിക്കപ്പെടാതിരിക്കട്ടെ

18 comments:


 1. സാരമില്ല ഇതൊക്കെ ചേര്‍ന്നതാണ് ബാല്യകാലം

  ReplyDelete
  Replies
  1. ശരിയാണ് റോസാപ്പൂക്കള്‍ . എന്നാലും കിട്ടിയ അടി അവള്‍ക്ക് തിരിച്ചു കൊടുക്കാന്‍ പറ്റുമോ

   Delete
 2. ഇത്തരം തിക്താനുഭവങ്ങള്‍ ഓരോരുത്തര്‍ക്കും ഉണ്ടാകും...സഹായത്തിനു കിട്ടിയ പ്രതിഫലം!
  കമ്മല്‍ തിരിച്ചുകിട്ടിയില്ലെങ്കിലോ? ജീവിതകാലം മുഴുവന്‍ വേദന നിറഞ്ഞ ഓര്‍മ്മയായി.....
  ആശംസകള്‍

  ReplyDelete
  Replies
  1. അത് ശരിയാ സി.പി ചേട്ടാ. അത് മാത്രമല്ല . കമ്മല്‍ കിട്ടിയില്ലെങ്കില്‍ ഇന്ന് ഒരു പക്ഷേ ഞാന്‍ ജീവനോടെ ഉണ്ടാകുമായിരുന്നില്ല

   Delete
 3. ഇങ്ങനെ ചെയ്യാത്ത തെറ്റിന് കിട്ടുന്നത്തിനു മധുരം കൂടും മറക്കാതെ.

  ReplyDelete
  Replies
  1. അത് കൊള്ളാം അനീഷ്‌ . ഹ ഹ

   Delete
 4. നല്ല ഓർമ്മക്കുറിപ്പ്‌..
  ആശംസകൾ.
  അധ്യാപകദിനത്തിൽ എല്ലാ അധ്യാപകര്ക്കും ആശംസകൾ. അധ്യാപകർ (ഗുരുക്കന്മാർ) അഭിവന്ദ്യരാണ്. എന്നാൽ, ഇതിനപവാദമായി ചിലർ ഉണ്ട് എന്നതും വാസ്തവം. എനിക്കും അങ്ങിനെ ഒരു അധ്യാപകനിൽ നിന്ന് വിഷമിപ്പിക്കുന്ന ഒരു അനുഭവമുണ്ടായിരുന്നു. പൊതുവെ അദ്ദേഹത്തിന് കിറുക്കൻമാഷ്‌ എന്നാണു ചെല്ലപ്പേര്. ഏതായാലും അതെക്കുറിച്ച് പറയാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല. എന്നാൽ, ഒരു നല്ല അധ്യാപികയെക്കുറിച്ചുള്ള എന്റെ ഓർമ്മകൾ ഈ ലിങ്കിൽ വായിക്കാം.

  http://drpmalankot0.blogspot.com/2013/03/blog-post_6.html

  ReplyDelete
  Replies
  1. അഭിപ്രായത്തിനു നന്ദി പ്രേമേട്ടാ

   Delete
 5. വിവേകമില്ലാത്ത അദ്ധ്യാപകരും ഉണ്ട്
  അവര്‍ വേദനിപ്പിക്കുന്ന അനുഭവങ്ങള്‍ തരാറുമുണ്ട്

  ReplyDelete
  Replies
  1. ശരിയാ അജിത്ത് ചേട്ടാ.

   Delete
 6. ആ അധ്യാപകനാണ് തെറ്റുകാരന്‍.ആ പേരിനു അര്ഹതയില്ലാത്തയാള്‍

  ReplyDelete
  Replies
  1. എന്ത് ചെയ്യാം . അനുഭവിക്കുക തന്നെ

   Delete
 7. എനിയ്ക്കും ഉണ്ട് ഇതു പോലെ ചെയ്യാത്ത കാര്യത്തെ കുറിച്ചുള്ള ഒരനുഭവം.

  ക്ലാസിൽ മാഷ് എല്ലാവർക്കും ഹോം വർക്ക് കൊടുത്തിരുന്നു. ഹോം വർക്ക് ചെയ്തില്ലെങ്കിൽ നല്ല അടി കൊടുക്കുന്ന ആളായിരുന്നു അദ്ദേഹം.

  പക്ഷേ ഞാനാ ഹോം വർക്ക് ചെയ്തില്ലായിരുന്നു. അറിഞ്ഞിട്ട് വേണ്ടേ ചെയ്യാൻ?

  പിറ്റേ ദിവസം മാഷ് ക്ലാസിൽ വന്ന ഉടനെ ഞാനദ്ദേഹത്തോട് ചോദിച്ചു; "സാറേ, ചെയ്യാത്ത കുറ്റത്തിന് ശിക്ഷിക്കുന്നത് ശരിയാണോ" എന്ന്.

  അദ്ദേഹം അല്ല എന്ന് ഉത്തരം പറഞ്ഞു.

  ഉടനെ ഞാൻ പറഞ്ഞു, സാറേ, ഞാൻ ഹോം വർക്ക് ചെയ്തിട്ടില്ലാ എന്ന്.

  സാറിന് വാക്ക് പാലിക്കേണ്ടി വന്നു. ഹോം വർക്ക് ചെയ്യാത്ത കുറ്റത്തിന് അദ്ദേഹം എന്നെ ശിക്ഷിച്ചില്ല.

  ReplyDelete
  Replies
  1. ഹ ഹ കൊള്ളാം . അഭിപ്രായത്തിനു നന്ദി allroopan bhai

   Delete
 8. കുട്ടിക്കാലത്ത് മനസിനേൽക്കുന്ന മുറിവ് ഉണങ്ങാൻ പ്രയാസമാണ്.. എങ്കിലും എല്ലാം നല്ലതിനെന്ന് കരുതി ആ മാഷിനും കൂട്ടുകാരിക്കും മാപ്പ് കൊടുക്കുക.. എല്ലാ ആശംസകളും നേരുന്നു

  ReplyDelete
  Replies
  1. അതൊക്കെ അവിടെ കഴിഞ്ഞു . ഈ അടുത്ത് എന്തോ ഇത് ഓര്‍മ്മയില്‍ വന്നു . എഴുതി എന്ന് മാത്രം . നന്ദി അഭിപ്രായത്തിനു ബഷീര്‍ ഭായ്

   Delete
 9. ഗുണപാഠം ഉള്ള അനുഭവം
  ഏതായാലും ചെയ്യാത്ത കാര്യത്തിന് ശിക്ഷ കിട്ടിയ സ്ഥിതിക്ക് ഇനി ഒരു തെറ്റ് എപ്പോ വേണമെങ്കിലും ശിക്ഷ ഇല്ലാതെ ചെയ്യാൻ അർഹത ഉണ്ട്. അത് കൊണ്ട് ജീവിതത്തിൽ ശരി മാത്രം ചെയ്യാൻ അവസരം കിട്ടട്ടെ

  ReplyDelete
  Replies
  1. നല്ലത് മാത്രമേ ചെയ്യുന്നുള്ളൂ ബൈജു മണിയങ്കാള ഭായ്

   Delete