Monday, July 25, 2011

...ജീവിക്കാന്‍ കൊതിയോടെ...“ഹലോ....രാജേഷ്, നമസ്കാരം...സുഖമാണല്ലോ....ഞാന്‍ ഹാറൂണ്‍,കണ്ണൂരിന്നാ വിളിക്കണത്” രാജേഷ് : ഈ നമ്പറെങ്ങിനാ ലഭിച്ചേ...ആരാത് തന്നേ....?
ഞാന്‍ : കോട്ടയത്തെ , നിന്നെ പരിചയമുള്ള പാലിയേറ്റീവ് വളന്‍റിയറാ എനിക്കീ നമ്പര്‍ തന്നേ... എന്തൊക്കെയാ വിശേഷങ്ങള്‍...
രാജേഷ് : എന്നാ വിളിച്ചേ....കാര്യമെന്താണെന്ന്, പെട്ടെന്ന് പറയ്....
ഞാന്‍ : വല്ല,തിരക്കിലുമാണോ രാജേഷ്...ഞാനും നിന്നെപ്പോലെ കിടപ്പിലാ...നാലു വര്‍ഷമായി കിടപ്പിലായിട്ട്. (പുതുതായി പരിചയപ്പെടുന്നവരോട്,എന്‍റെ അവസ്ഥ സാധാരണ മറച്ചു വെക്കാറാണ് പതിവ്)
രാജേഷ് : അവിടെ ചുമ്മാ കിടന്നാ പോരായോ,എന്നാ വിളിച്ചേ.. പെട്ടെന്ന് പറഞ്ഞ് തീര്‍ക്ക്, ഞാനിത്തിരി തിരക്കിലാ, പണിയുണ്ട്....
രാജേഷിന്‍റെ മുന്നില്‍ ഉത്തരം മുട്ടിയ ഞാന്‍ ഒരു നിമിഷം അന്തം വിട്ടുപോയി...“രാജേഷിപ്പോള്‍ നല്ല മൂഡിലല്ലാന്നാ തോന്നണേ, നിങ്ങളൊരു കാര്യം ചെയ്...ഈ നമ്പര്‍ സേവ് ചെയ്യൂ. എപ്പോഴെങ്കിലും വിളിക്കണംന്ന് തോന്നുമ്പോ ഒരു മിസ്സിട്ടേക്ക്... ഇത് രാജേഷിനുള്ള ഒരു സ്പെഷല്‍ ഓഫറാണെന്ന് കരുതാം...” ഇത്രയും പറഞ്ഞ് ഞാന്‍ ഫോണ്‍ ഡിസ്ക്കണക്റ്റ് ചെയ്തു.
ഇതു ഹാറൂണ്‍ എന്ന ഞാനും,രാജേഷും തമ്മിലുള്ള ഒന്നാമത്തെ ടെലിഫോണ്‍ സംഭാഷണം.

രാജേഷിന് പ്രായം 38, വര്‍ഷങ്ങള്‍ക്ക് മുമ്പെ മസ്ക്കുലര്‍ ഡിസ്റ്റ്രോഫി എന്ന രൊഗത്തിന് വഴിപ്പെട്ട് ശരീരം ഭാഗീകമായി തളര്‍ന്നു തുടങ്ങി.... ഇപ്പോള്‍ പൂര്‍ണ്ണമായി തളര്‍ന്നുപോയി...! അമ്മ ചെറുപ്പത്തിലേ വിടപറഞ്ഞു.. പിന്നെ ആകെയുള്ളത് പ്രായമേറിയ അച്ചന്‍, അദ്ദേഹമാണ് രാജേഷിന്‍റെയെല്ലാമെല്ലാം... കൂടെ അനുജനും ഭാര്യയുമുണ്ട്... പിന്നെ തന്നെ ചുമക്കുന്ന കട്ടിലും ചുമരിലെ കൊച്ചു ജാലകവും, അതിലെ വെളിപ്പെടുന്ന കുറച്ചു പച്ചപ്പുകളും ചെറിയൊരു ആകാശക്കീറുമായാല്‍ രാജേഷിന്‍റെ ചരിത്രം പൂര്‍ണമായി....!! ഞങ്ങളുടെ ആദ്യസംഭാഷണത്തിനു ശേഷം നാലാന്നാള്‍ രാജേഷിന്‍റെ മിസ്സ്ഡ് കാള്‍...ഉടന്‍ തിരിച്ചു വിളിച്ചു... “സാര്‍, എന്നോട് ക്ഷമിക്കണം... അന്ന് വിളിച്ചപ്പൊ സാറിനോട് ഒരു മൂഡില്ലാതെയാ സംസാരിച്ചേ....”
ഞാന്‍ : ഹേയ് അതൊന്നും സാരമില്ലന്നേ, നമ്മളൊക്കെ മനുഷ്യരല്ലേ.... ഇതൊക്കെയാണല്ലൊ ജീവിതം. രാജേഷിനെന്താ അന്ന് തീരേ മൂഡില്ലാന്ന് പറയാന്‍ കാരണം..?
രാജേഷ് : സാറ് വിളിച്ച സമയം ഇവിടെ വീട്ടിലാരും ഇല്ലാരുന്ന്, ഒരുപാട് ദുഷിച്ച ചിന്തകള്‍ എന്‍റെ മനസ്സിന്‍റെ സന്തുലിതത്വം ചോര്‍ത്തിക്കളഞ്ഞു.... ഇങ്ങിനെ ഞാനെത്ര കാലം ജീവിക്കും... ഈ ജീവനങ്ങ് അവസാനിപ്പിച്ച് കളഞ്ഞേക്കാം എന്ന ഒരൊറ്റ ചിന്ത...ഒരു ഭാരമായി ഞാനെന്തിനു കാലം കഴിക്കണം...പക്ഷെ ആത്മഹത്യക്കുള്ള കഴിവു പോലുമില്ലല്ലൊ.... ഒരു തുണ്ട് ബ്ലേഡ് ലഭിച്ചെങ്കിലോന്ന് ആലോചിച്ച നേരം, അതും കയ്യെത്താവുന്ന അകലത്തിലുമല്ല...!! അന്നങ്ങിനെ വല്ല ദൌര്‍ബല്യവും സംഭവിച്ചുപോയെങ്കില്‍, ഇന്ന് ഞാനിങ്ങനെ നിങ്ങളുമായി സംസാരിക്കാന്‍ ബാക്കിയാവില്ലായിരുന്നു... ഇത് കേട്ട പാടെ സ്തബ്ദനായ ഞാന്‍ ചോദിച്ചു : രാജേഷിന് അത്തരം ചിന്തകള്‍ ഇനിയും തോന്നിയേക്കുമോ..? “ഹേയ്,ഒരിക്കലുമില്ല...എനിക്കിപ്പോള്‍ ഒരു ‘ചേട്ടായി’യെ കിട്ടീല്ലേ...” അന്ന് ഞങ്ങള്‍ അര മണിക്കൂറിലേറെ സംസാരിച്ചു.പിന്നീട് പലപ്പോഴും ഞങ്ങളുടെ മുതുകിനെ ഞെരിച്ചുകൊണ്ടിരുന്ന ഭാരങ്ങള്‍ ഫോണിലൂടെ ഇറക്കിവെച്ചു കൊണ്ടിരിക്കും.പലപ്പോഴും വേദനകളും പ്രയാസങ്ങളും പങ്ക് വെക്കും. അവനു സമാശ്വാസം കിട്ടുവോളം ഞാനവ കേട്ട് കൊണ്ടിരിക്കും...പയ്യെപ്പയ്യെ അവന്‍ ഉന്മേഷവാനായിത്തുടങ്ങി, ഇടക്ക് ഞാന്‍ അവനെ പ്രകോപിപ്പിക്കും...“ നോക്കൂ,രാജേഷ്..നിനക്കൊരു ഇണയെ വേണ്ടേ..! നിനക്കാവശ്യമായ സേവനം ചെയ്യാനും,നിന്നെ സ്നേഹിക്കാനും കഴിയുന്ന ഒരിണയെ....!!” അവന്‍ രോഷത്തോടെ മൊഴിയും...“ ഈ ഉണക്കകമ്പ് പോലായ എന്നെയൊക്കെ ആര്‍ തിരിഞ്ഞു നോക്കാനാ..” നാളുകള്‍ കഴിഞ്ഞൊരു ദിവസം രാജേഷ്,തെല്ല് അങ്കലാപ്പോടെ എന്നോട് : “ചേട്ടായ്, പഴയ പത്രതാളില്‍ കണ്ട വിവാഹപരസ്യത്തിലെ ഒരു നമ്പറില്... ചുമ്മാതങ്ങ് വിളിച്ചേ... അവിടുത്തൊര് ചേച്ചിയാ ഫോണെടുത്തേ... അവര് നല്ല താല്പര്യത്തോടെയാ സംസാരിച്ചത്...ഞാനെന്‍റെ കിടപ്പിലായ അവസ്ഥയൊക്കെ തുറന്ന് പറഞ്ഞു..... അവരെന്നെ പരിഹസിച്ചു ചിരിക്കാരുന്നെന്ന് തോന്നി..... ഇത്തിരിനേരം കഴിഞ്ഞപ്പൊ, ആ ചേച്ചീടെ അനുജത്തി ‘മിനി’യെന്നെ വിളിക്കുന്നു....!! ഇക്കാ മിനിയെന്നോട് പറയാ “ഞാന്‍ നിങ്ങളെ സ്വീകരിക്കാന്‍ തയാറാണ് .......!!!!!” കേട്ടപാടെ ഞാന്‍ രാജേഷിനെ പ്രോത്സാഹിപ്പിച്ചുകൊണ്ട് പറഞ്ഞു : “രാജേഷ്,ഈ സൌഭാഗ്യം ഇരു കരങ്ങളും നീട്ടി സ്വീകരിക്കാം... ഇത് ദൈവം നിനക്കായി കനിഞ്ഞരുളിയതാ.” പുലിവാല് തുടങ്ങുന്നത് പിന്നീടാണ്,അവളുടെ വീട്ടുകാര്‍ക്കൊട്ടും സമ്മതമില്ല.മിനിയാണെങ്കില്‍ നിര്‍ബന്ധം പിടിക്കുന്നു.... ഭൂമിയിലാരും ഇങ്ങിനെയൊരു ബന്ധം സമ്മതിക്ക പോയിട്ട്, ആലോചിക്ക പോലുമില്ല..!!

അങ്ങിനെ രാജേഷും മിനിയും ഫോണ്‍ബന്ധം തകൃതിയായി തുടരുന്നതിനിടയില്‍,ഒരു ദിവസം മിനിയതാ രാജേഷിന്‍റെ വീട്ടില്‍ തനിച്ച് ഹാജരാവുന്നു....!!! അത്രയും ബേജാറില്‍ രാജേഷെന്നെ ഇതിനു മുമ്പ് വിളിച്ചിട്ടേയില്ല....“ചേട്ടായ്, അവളിങ്ങ് പോന്നു.. ഇനിയെന്താ ചെയ്യാ, എനിക്കാകെ പേടിയാവുന്നു....!!! ഞാനൊക്കെ വെറും കളിയെന്നാ വിചാരിച്ചേ... ഇപ്പൊ കളി കാര്യായിരിക്കുന്നല്ലോ..” അവന്‍ സംഭവം വിവരിച്ചു... ഇതോടെ അവന്‍റെ വീട്ടിലും വീര്‍പ്പുമുട്ടലായി,ബലൂണ്‍ കണക്കെ വീര്‍ത്ത് ഇപ്പം പൊട്ടുമെന്നവസ്ഥ...ഒരുവേള ഞാനെന്‍റെ അമ്മയെ ഓര്‍ത്തു...അമ്മയുണ്ടായിരുന്നെങ്കില്‍ ഒന്നിനും വയ്യാതെ കിടക്കുന്ന എന്നെ സേവിക്കാനും, സ്നേഹിക്കാനുമായി വന്ന മിനിയെ പൂവിട്ട് പൂജിച്ചേനെ..! എനിക്ക് നാവിറങ്ങിയ പോലെ... ഫോണില്‍ വായാടിയായ മിനിയാണേല്‍ കടുത്ത മൌനവും.... എന്‍റെ തൊണ്ട വരളുന്നപോലെ,കടുത്തദാഹം... ഗത്യന്തരമില്ലാതെ ഒരു ഗ്ലാസ് വെള്ളം ചോദിക്കും മുമ്പെ മിനി വെള്ളവുമായി റെഡി..!!! ഇതിന് സാക്ഷിയം വഹിച്ച അച്ചന്‍ സന്തോഷം കൊണ്ടോ സന്താപം കൊണ്ടോ അശ്രുക്കള്‍ പൊഴിക്കണത് കണ്ടു... മിനിയുടെ സഹായത്താല്‍ വെള്ളം മുഴുക്കെ കുടിച്ചു..... എന്‍റെ മനവും തനുവും തണുത്തു... ഹാ.. എന്തൊരാശ്വാസം... ജീവിതത്തിലാദ്യമായല്ലേ ഇങ്ങിനൊരനുഭവം.. ഞാന്‍ മിനിയെ കണ്‍കുളിര്‍ക്കെയൊന്ന് നോക്കി....കുറച്ച് കഴിഞ്ഞ് അച്ചന്‍ അടുത്തേക്ക് വന്നു.. “ഇനിയെന്തായാലും ഇത്രേമൊക്കെ കാര്യങ്ങളെത്തിയ നിലക്ക് ഞാനായിട്ട് എതിര് നില്‍ക്കുന്നില്ല...ഉള്ളത്പോലെ നമുക്ക് ഒരു കുടുംബമായി കഴിയാം...” ഇതും പറഞ്ഞ് അച്ചന്‍ അടുക്കളയിലേക്ക് പോയി ക്ഷണനേരം കൊണ്ട് രണ്ട് കപ്പ് കാപ്പിയുമായി വന്നു...! “മോളെ ഇത് അവനെ കുടിപ്പിക്ക്....നീയും കുടിക്ക്.... ഇവിടെ വെച്ചുണ്ടാക്കാനുള്ളത് അച്ചനിപ്പൊ അങ്ങാടീന്ന് വാങ്ങിവന്നേക്കാം..” തനിച്ചായപ്പൊ ഞങ്ങള്‍ക്കൊന്നും സംസാരിക്കാനാവുന്നില്ല, മുഖത്തോട് മുഖം നോക്കിയിരിക്കെ മിനി തന്നെ മൌനം ഭഞ്ജിച്ചു,.. “ചേട്ടന്‍ പേടിച്ചു പോയോ...? “ഹേയ്, ഇല്ലന്നേ... അങ്ങിനൊന്നുമില്ലന്നെ... എന്നാലും മിനിയേ നീ എന്തിനാ ഇങ്ങിനെ ഒളിച്ചോടിപ്പോന്നേ.... കുറച്ചുകൂടി കാത്തിരിക്കാരുന്നില്ലേ..? ഒരാഴ്ചയോളം മിനി ആ വീട്ടില്‍ കഴിഞ്ഞു, വിവാഹം കഴിക്കാതെ തന്നെ..! ആ കൊച്ചുകുടുംബത്തിന് ഒരു താലിമാല സംഘടിപ്പിക്കല്‍ കഴിവിനപ്പുറമായിരുന്നല്ലോ...!! ആ പാവം അച്ചന്‍ ഒരാഴ്ചക്കകം ഓടിനടന്ന് അവസാനം തന്‍റെ മകന് വേണ്ടി അത് സംഘടിപ്പിക്കുക തന്നെ ചെയ്തു. കഴിഞ്ഞ മാര്‍ച്ച് 24 ന് വീട്ടിനടുത്ത ക്ഷേത്രത്തില്‍ വിവാഹം നടന്നു, രാജേഷിനേയും മിനിയേയും അച്ചന്‍ ഓട്ടോറിക്ഷയില്‍ കൊണ്ടുവന്നു... വരണമാല്യവുമായി പൂജാരി ഓട്ടോക്ക് സമീപമെത്തി, ഓട്ടോറിക്ഷയില്‍ വെച്ച് നടക്കുന്ന ആദ്യത്തെ കല്യാണമായിരിക്കമിത്..!!! അങ്ങിനെ രാജേഷ് 2010 മാര്ച്ച് 24 ന് ബുധനാഴ്ച മിനിയുടെ കഴുത്തില്‍ താലി ചാര്‍ത്തിയിരിക്കുന്നു.....
ഇത്രയും കുറിച്ചുകൊണ്ടിരിക്കുന്നതിനിടയിലതാ രാജേഷിന്‍റെ ഫോണ്‍ വിളി...... “മിനിയുടെ ചോറും കറീമൊക്കെ, നല്ല ടേസ്റ്റാ.. ഹെന്തൊരു രുചിയാണെന്നോ...ചേട്ടാ, എനിക്കവള്‍ മതിയാവോളം ചോറ് വായില്‍ വെച്ച് തരും ...” അതെ രാജേഷിന്‍റെ ശബ്ദത്തില്‍ നിന്നെനിക്കു മനസ്സിലാവുന്നു അവന്‍ അനുഭവിക്കുന്ന സന്തോഷവും സംതൃപ്തിയും എത്രയാണെന്ന്.....!!!!!!

കൂട്ടരേ........ കാര്യങ്ങള്‍ നല്ല നിലയില്‍ മുന്നോട്ട് പോവാന്‍ നമുക്ക് പ്രാര്‍ത്ഥിക്കാം... പക്ഷേ, ധീരമായ ഒരു തീരുമാനമെടുത്ത മിനിക്കും, രാജേഷിനും പല പ്രതിസന്ധികളും തരണം ചെയ്യേണ്ടതായുണ്ട്. പരമ ദരിദ്രരായ അവരുടെ ഒന്നാമത്തെ പ്രശ്നം സാമ്പത്തികം തന്നെയാണ്. ഈ കാര്യത്തില്‍ ചെറിയ സഹായം നല്‍കാന്‍ നമുക്കാവില്ലേ..? മിനിയോട് തയ്യല്‍ പഠനം പൂര്‍ത്തിയാക്കാന്‍ പറഞ്ഞിട്ടുണ്ട്. പ്രിയ ബ്ലോഗ് സുഹൃദ്സമൂഹമേ,..! ഈ നുറുങ്ങിനാല്‍ സാദ്ധ്യമാവുന്ന കൊച്ചു സഹായങ്ങള്‍ ചെയ്തു തുടങ്ങി അത് വളരെ ചെറിയ രീതിയില്‍ മാത്രം..... അണ്ണാറക്കണ്ണനും തന്നാലായത്... ബ്ലോഗുലകത്തിന്‍റെ സഹകരണം ആ “നവദമ്പദികള്‍ക്കായി” നിര്‍ലോഭം നല്‍കുമല്ലോ... പ്രതീക്ഷയോടെ

ഒരു നുറുങ്ങ്.

അക്കൌണ്ട് നമ്പര്‍ :

RAJESH.C,

SB A/C 13030100067968

FEDARAL BANK,

KIDANGOOR.

കോട്ടയം, ഫോണ്‍ നമ്പര്‍ .9744120828

6 comments:

 1. നല്ലത് ഇവരുമായി ബന്ധപ്പെടാന്‍ ശ്രമിക്കാം
  എഴുത്തുകാരിക്ക് ആശംസകള്‍  ...http://sreyas.in/agasthya-ramayanam-scanned-pdf

  ReplyDelete
 2. എന്റെ വളരെ അടുത്ത സ്ഥലമാണ്‌ ഈ കിടങ്ങൂര്‍ എത്രയും പെട്ടന്ന് ഞാന്‍ രാജേഷിനെ കാണാന്‍ ശ്രമിക്കുനുണ്ട്

  ReplyDelete
 3. ലക്‌ഷ്യം നന്ന് ... ആശംസകള്‍.. രാജേഷിന്റെ കോണ്ടാക്റ്റ് നമ്പര്‍ കൂടി ഉള്‍പ്പെടുത്താമായിരുന്നു ...

  ReplyDelete