Friday, November 28, 2014

കുമാരനാശാന്‍ ഭാഗം ഒന്ന്‍

ഞാന്‍ താമസിക്കുന്നിടത്ത് നിന്നും  രണ്ടു കിലോമീറ്റര്‍ അപ്പുറത്താണ് ആശാന്‍ സ്മാരകമെങ്കിലും  നടക്കുന്ന സമയത്ത് അവിടെ ഒരു തവണയെ പോയിട്ടുള്ളൂ  . പിന്നീട് പോകാന്‍ അവസരം കിട്ടിയത് 2012  ലായിരുന്നു .  ശരിയ്ക്കും  എനിയ്ക്കും സന്തോഷം തോന്നി . മുറ്റത്തെ മുല്ലയ്ക്ക് മണമില്ലെന്ന് പറയുന്നത് പോലെ തൊട്ടടുത്തുള്ള സ്ഥലം കാണാന്‍ ഇത്രയും താമസിച്ചല്ലോ എന്നോര്‍ത്ത് എനിയ്ക്ക് ലജ്ജ തോന്നി

 ആശാന്‍റെ ജനനവും , ബാല്യവും  :-

 1873  ഏപ്രില്‍  12  നു ചിറയിന്‍കീഴ്‌ താലൂക്കില്‍ പ്പെട്ട കായിക്കര  ഗ്രാമത്തിലെ തൊമ്മൻവിളാകം വീട്ടിലാണ്‌ ആശാൻ ജനിച്ചത്‌. അച്ഛൻ നാരായണൻ പെരുങ്ങാടി മലയാളത്തിലും തമിഴിലും നിപുണനായിരുന്നു.അദ്ദേഹം ഈഴവസമുദായത്തിലെ ഒരു മാന്യവ്യക്തിയായിരുന്നു. പ്രധാന തൊഴിൽ കച്ചവടമായിരുന്നുവെങ്കിലും അദ്ദേഹം നാട്ടുകാര്യങ്ങളിലും ശ്രദ്ധ പതിപ്പിക്കുകയും മലയാളത്തിൽ കീർത്തനങ്ങൾ രചിക്കുകയും അവ മനോഹരമായി ആലപിക്കുകയും ചെയ്യുമായിരുന്നു. അമ്മ കാളിയമ്മ തികഞ്ഞൊരു ഈശ്വരഭക്തയായ കുടുംബിനിയായിരുന്നു. പുരാണേതിഹാസങ്ങളിലൊക്കെ അവർക്ക് തികഞ്ഞ അവഗാഹമുണ്ടായിരുന്നു. ചെറുപ്പത്തിൽ വല്ലാത്ത കുസൃതിയായിരുന്നു കുമാരു. കുമാരുവിനെ അടക്കി നിർത്താൻ അമ്മയുടെ പൊടിക്കൈയായിരുന്നു പുരാണകഥ പറയൽ. അച്ഛൻ ആലപിക്കുന്ന കീർത്തനങ്ങൾ കേട്ട് കുമാരു ലയിച്ചിരിക്കുമായിരുന്നു. അച്ഛനെ പോലെ വലുതാകുമ്പോൾ താനും കവിതകൾ എഴുതുമെന്ന് കൊച്ചു കുമാരു പറയുമായിരുന്നു. ഒമ്പതു മക്കളുള്ള കുടുംബത്തിലെ രണ്ടാമത്തെ മകനായിരുന്നു കുമാരൻ. കുമാരുവിനു കഥകളിയിലും ശാസ്ത്രീയ സംഗീതത്തിലും ഉള്ള താല്പര്യം അച്ഛനിൽ നിന്നു ലഭിച്ചു. കുമാരുവിനു ബാല്യകാലത്ത്‌ പലവിധ അസുഖങ്ങൾ വന്ന് കിടപ്പിലാവുക പതിവായിരുന്നു. അങ്ങനെ ഇരിക്കെ കുമാരൻറെ പതിനെട്ടാമത്തെ വയസ്സിൽ അസുഖം ബാധിച്ച്‌ കിടപ്പിലായിരുന്ന അവസരത്തിൽ , കുമാരുവിന്റെ അച്ഛന്റെ ക്ഷണപ്രകാരം, ശ്രീനാരായണഗുരു വീട്ടിൽ വരുകയും കുമാരുവിനെ കൂട്ടികൊണ്ട് പോവുകയും ചെയ്തു. ഗോവിന്ദൻ ആശാൻറെ കീഴിൽ യോഗയും താന്ത്രികവും ആഭ്യസിച്ച് വക്കത്തുള്ള ഒരു മുരുകൻ ക്ഷേത്രത്തിൽ കഴിയുമ്പോൾ കുമാരുവിനു കവിത എഴുത്ത് ഒരു കമ്പം ആയി രൂപപ്പെട്ടിരുന്നു.












തോന്നയ്ക്കലിലെ ആശാന്‍റെ സ്മാരകം



കൗമാരം :-

അന്നത്തെ പതിവനുസരിച്ച് 7 വയസ്സായപ്പോൾ കുമാരുവിനെ കുട്ടിപ്പള്ളിക്കൂടത്തിൽ ചേർത്തു. പ്രഥമ ഗുരു തുണ്ടത്തിൽ പെരുമാളാശാനായിരുന്നു. സമർത്ഥനായ കുമാരു വേഗം തന്നെ എഴുത്തും കണക്കും പഠിച്ചു. എട്ടു വയസ്സായപ്പോൾ സംസ്കൃത പഠനം ആരംഭിച്ചു. ഇതിനിടയിൽ കുമാരുവിന്റെ അച്ഛന്റെയും മറ്റും പ്രയത്നത്താൽ അവിടെയൊരു പ്രൈമറി സ്കൂൾ സ്ഥാപിച്ചു പതിനൊന്നാമത്തെ വയസ്സിൽ ആ സ്കൂളിൽ രണ്ടാം തരത്തിൽ ചേർന്നു. പതിനാലാമത്തെ വയസ്സിൽ പ്രശസ്തമായ രീതിയിൽ തന്നെ സ്കൂൾ പരീക്ഷ പാസ്സായി.

കുറച്ചു കാലം പഠിച്ച സ്കൂളിൽ തന്നെ അദ്ധ്യാപകനായി ജോലി നോക്കി. സർക്കാർ നിയമപ്രകാരം അത്ര ചെറു പ്രായത്തിലുള്ളവരെ അദ്ധ്യാപകരായി നിയമിക്കാൻ വകുപ്പില്ലായിരുന്നതിനാൽ ആ ജോലി സ്ഥിരപ്പെട്ടു കിട്ടിയില്ല. അദ്ധ്യാപക ജോലി അവസാ‍നിപ്പിച്ച് ചില സ്നേഹിതന്മാരോടൊപ്പം കൂടി സ്വയം ഇംഗ്ലീഷ് പഠിക്കാൻ ആരംഭിച്ചു. കിട്ടുന്ന പുസ്തകങ്ങളെല്ലാം കുമാരു ആർത്തിയോടെ വായിച്ചു തീർക്കുമായിരുന്നു.









 യൗവ്വനം  :-


കുമാരുവിനെ കൂടുതൽ പഠിപ്പിക്കണമെന്ന് അച്ഛന് ആഗ്രഹമുണ്ടായിരുന്നെങ്കിലും വലിയ തുക കൊടുത്ത് പഠിപ്പിക്കാൻ അന്നത്തെ സാമ്പത്തിക ചുറ്റുപാട് അനുവദിച്ചിരുന്നില്ല. വെറുതേയിരുത്തേണ്ടെന്ന് കരുതി അച്ഛൻ മകന് കൊച്ചാര്യൻ വൈദ്യൻ എന്നൊരാളിന്റെ കടയിൽ കണക്കെഴുത്ത് ജോലി സംഘടിപ്പിച്ചു കൊടുത്തു. മുഷിഞ്ഞ ആ ജോലി ഉപേക്ഷിച്ച് കുമാരു വീട്ടിൽ നിന്നിറങ്ങി പോയി വല്യച്ഛന്റെ വിട്ടിൽ താമസിച്ചു. കണക്കെഴുത്തു ജോലിയിൽ ഏർപ്പെട്ടിരുന്ന നേരത്തു തന്നെ കുമാരു കവിതയെഴുതാൻ തുടങ്ങിയിരുന്നു. പരവൂരിലെ കേശവനാശാൻ പ്രസിദ്ധീകരിച്ചിരുന്ന “സുജനാനന്ദിനി” എന്ന മാസികയിൽ കുമാരന്റെ രചനകൾ കുമാരു, എൻ. കുമാരൻ, കായിക്കര എൻ. കുമാരൻ എന്നീ പേരുകളിലൊക്കെ പ്രസിദ്ധീകരിക്കപ്പെട്ടു തുടങ്ങി.
തന്റെ കണക്കെഴുത്തുകാരന്റെ ജ്ഞാനതൃഷ്ണ മനസ്സിലാക്കിയിരുന്ന കൊച്ചാര്യൻ വൈദ്യൻ അവനെ തുടർന്ന് പഠിപ്പിക്കണമെന്ന് കുമാരുവിന്റെ അച്ഛനോട് നിർബന്ധമായി പറഞ്ഞു. മണമ്പൂർ ഗോവിന്ദനാശാൻ എന്ന പ്രമുഖ പണ്ഡിതന്റെ “വിജ്ഞാനസന്ദായിനി” എന്ന പാഠശാലയിൽ കുമാരുവിനെ കൊണ്ട് ചേർത്തു. പാട്ടുകളും ശ്ലോകങ്ങളും എഴുതുന്ന കാര്യത്തിൽ അന്ന് കുമാരുവിനെ വെല്ലാൻ അവിടെയാരുമില്ലായിരുന്നു. അവിടെ പഠിച്ചിരുന്ന കാലത്ത് രചിച്ച കൃതികളാണ്‌ “വള്ളീ വിവാഹം”, “അമ്മാനപ്പാട്ട്“, “ഉഷാകല്യാണം“ എന്നിവ. “സുബ്രഹ്മണ്യ ശതകം സ്തോത്രം” എന്നൊരു കൃതിയും ഇക്കാലത്ത് കുമാരു രചിച്ചു. കുമാരുവിന്റെ അച്ചടിച്ച ആദ്യത്തെ കൃതി അതാണെന്ന് പറയപ്പെടുന്നു. അതിൽ കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ  തമ്പുരാന്‍റെ ഒരു പ്രശംസാപത്രവും ചേർത്തിരുന്നു.







ശ്രീനാരായണഗുരുവുമായുള്ള കണ്ടുമുട്ടല്‍ :-



ശ്രീനാരായണഗുരുവുമായി പരിചയപ്പെട്ടത്‌ ആശാന്‍റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു. ഒരിക്കൽ കുമാരൻ സുഖമില്ലാതെ കിടന്ന അവസരത്തിൽ അച്ഛൻ ശ്രീനാരായണഗുരുവിനെ അവരുടെ വീട്ടിൽ വിളിച്ചു കൊണ്ടുവന്നു. ആദ്യ കാഴ്ചയിൽ തന്നെ ആ മഹായോഗിയും കുമാരുവും പരസ്പരം വ്യാഖ്യാനിക്കാൻ കഴിയാത്തൊരു ആത്മീയബന്ധത്താൽ ആകൃഷ്ടരായി. കുമാരുവിന്റെ സ്തോത്രകവിതകൾ ഗുരുവിനെ അത്യധികം ആകർഷിച്ചു. ശൃംഗാരകവിതകളുടെ രചനകളിൽ ഇനി മുഴുകരുതെന്ന് ഗുരു കുമാരുവിനെ ഉപദേശിച്ചു. ജീവിതകാലം മുഴുവൻ നീണ്ടുനിന്നൊരു സുദൃഢമായ ബന്ധത്തിന്റെ തുടക്കമായിരുന്നു അത്.
ശ്രീനാരായണ ഗുരുവിന്റെ ആത്മീയ ചൈതന്യം കുമാരുവിനെ ക്രമേണ യോഗിയും വേദാന്തിയുമാക്കി. ഉദ്ദേശം ഇരുപത് വയസ്സ് പ്രായമായപ്പോൾ കുമാരു വക്കം സുബ്രഹ്മണ്യക്ഷേത്രത്തിൽ ചെന്ന് കൂടി അന്തേവാസിയായി മതഗ്രന്ഥ പാരായണത്തിലും, യോഗാസനത്തിലും ധ്യാനത്തിലും മുഴുകി. അക്കാലത്ത് അദ്ദേഹം ക്ഷേത്രപരിസരത്ത് ഒരു സംസ്കൃതപാഠശാല ആരംഭിച്ചു. സംസ്കൃതം പഠിപ്പിച്ചു തുടങ്ങിയതോടെ നാട്ടുകാർ അദ്ദേഹത്തെ “കുമാരനാശാൻ“ എന്ന് വിളിച്ചു തുടങ്ങി. അല്പകാലം അവിടെ കഴിഞ്ഞശേഷം കുമാരനാശാൻ നാടുവിട്ടു ഏകനായി കുറ്റാലത്തെത്തി. അവിടെ വച്ച് മലമ്പനി ബാധിച്ചു. ഈ യാത്രയുടെ അവസാനം അരുവിപ്പുറത്തായിരുന്നു. ഇക്കാലത്ത് ആശാൻ ആശ്രമവാസികൾക്ക് വേണ്ടി രചിച്ച കീർത്തനമാണ് “ശാങ്കരശതകം”.









തുടർന്ന് ഡോ.പല്പുവിന്റെ പരിശ്രമഫലമായി ആശാന് 1898ൽ കൽക്കത്തയിലെ സംസ്കൃത കോളേജിൽ പ്രവേശനം ലഭിച്ചു. 25 മുതൽ 27 വയസ്സുവരെ കൽക്കത്തയിൽ അദ്ദേഹം പഠിച്ചു. ന്യായശാസ്ത്രം, ദർശനം, വ്യാകരണം, കാവ്യം എന്നിവയും അതിനു പുറമേ ഇംഗ്ലീഷും അദ്ദേഹം ഇക്കാലത്ത് അഭ്യസിച്ചു. ഡോ. പല്പുവാണ്‌ ആശാന്റെ വിദ്യാഭ്യാസത്തിനു വേണ്ട സഹായങ്ങളെല്ലാം ചെയ്തത്‌.
കൽക്കത്തയിലെ ജീ‍വിതകാലം ഭൂരിഭാ‍ഗം പഠനത്തിനും ഗ്രന്ഥപാരായണത്തിനുമായി ആശാൻ ചെലവഴിച്ചു. മഹാകവി രവീന്ദ്രനാഥ ടാഗോറിന്റെയും മറ്റും കൃതികൾ പുതിയൊരു ഓജസ്സുപരത്തുന്ന ബംഗാളിസാഹിത്യത്തിന്റെ നവോത്ഥാനകാലഘട്ടത്തിലായിരുന്നു ആശാൻ കൽക്കത്തയിലെത്തിയത്. ഈ കാവ്യാന്തരീക്ഷവും പുതിയ ചിന്താഗതിയും ആശാനിലെ കവിയെ സ്വാധീനിച്ചിട്ടുണ്ടാകും.









 ഉപരിപഠനം :-




ശ്രീനാരായണഗുരുദേവൻ തന്നെ ശിഷ്യനെ ഉപരിപഠനത്തിനയക്കാൻ തീരുമാനിച്ചു. അതിനായി ബാംഗളൂരിൽ ജോലി നോക്കിയിരുന്ന ഡോ. പല്പുവിനെ ചുമതലപ്പെടുത്തി. ഇരുപത്തിനാലാമത്തെ വയസ്സിൽ ഉന്നത വിദ്യാഭ്യാസത്തിനായി ബാംഗ്ലൂർക്ക്‌ പോയി (ശ്രീ ചാമരാജേന്ദ്ര സംസ്കൃത കോളെജ് - ഈ വിദ്യാലയം ഇപ്പോഴും ബാംഗ്‌ളൂരിൽ ഉണ്ട്.) ന്യായശാസ്ത്രമായിരുന്നു ഐച്ഛിക വിഷയം. ശ്രീനാരായണഗുരുവുമൊന്നിച്ചാണ് ആശാൻ ബാംഗളുർ എത്തിയത്.
ഡോ. പല്പുവിന്റെ കുടുംബാന്തരീക്ഷവും ബാംഗ്ലൂരിലെ ജീവിതവും ആശാന്റെ പ്രതിഭയെ കൂടുതൽ പ്രോജ്ജ്വലമാക്കിത്തിർക്കുന്നതിൽ വലിയൊരു പങ്കുവഹിച്ചു. അക്കാലത്ത് ഡോ. പല്പു കുമാരനാശാനൊരു പേരു നല്കി - “ചിന്നസ്വാമി“. ന്യായവിദ്വാൻ എന്ന തർക്കശാസ്ത്രപരീക്ഷയിൽ ഉന്നതവിജയം കൈവരിച്ചു സ്കോളർഷിപ്പിനർഹനായി മൂന്നുവർഷത്തോളം അദ്ദേഹം ബാംഗ്ലൂരിൽ പഠിച്ചു.

(തുടരും)


കടപ്പാട് : വിക്കിപീഡിയ
ചിത്രങ്ങള്‍ക്ക് കടപ്പാട് :  എന്‍റെ സ്വന്തം ക്യാമറ

17 comments:

  1. 32 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കല്ലമ്പലത്ത് ജോലി ചെയ്തുകൊണ്ടിരുന്നപ്പോള്‍ ജില്ലയുടെ പലഭാഗത്തും ജോലിസംബന്ധമായി ചുറ്റിക്കറങ്ങിയിട്ടുണ്ട്. ഒരിക്കല്‍ തോന്നയ്ക്കല്‍ വഴി നടന്നപ്പോള്‍ ആശാന്‍ സ്മാരകത്തില്‍ പോയി. ആരും ഇല്ലാതെ വിജനമായിരുന്നു അവിടെ. കുറെനേരം ഞാന്‍ ആ മുറ്റത്തിരുന്നു.

    ReplyDelete
    Replies
    1. ഇപ്പോളവിടെ ഒരുപാട് മാറ്റം വന്നു അജിത്തേട്ടാ . ഇപ്പോള്‍ പാസ് വേണം അകത്തു പ്രവേശിക്കാന്‍ . പിന്നെ കാണാനും ആളുകളിപ്പോള്‍ വരാറുണ്ട് . നന്ദി

      Delete
  2. കുമാരനാശാന്‍റെ ചരിത്രം വിവരിക്കുന്ന ഈ ലേഖനം തികച്ചും ഉചിതമായി.

    ReplyDelete
    Replies
    1. സന്തോഷം വെട്ടത്താന്‍ ചേട്ടാ .

      Delete
  3. വളരെ അടുത്ത് ആയതോണ്ട് ഏറെക്കുറെ മുഴുവന്‍ വിവരങ്ങളും നേരിട്ട് അറിഞ്ഞ് എഴുതാന്‍ കഴിയും. തുടക്കം നാന്നായിട്ടുണ്ട്. തുടരട്ടെ.
    അടുത്ത ഭാഗം വായിക്കാന്‍ എത്താം.

    ReplyDelete
  4. മഹാന്മാരുടെ ചരിത്രം പുതുതലമുറയിലേയ്ക്ക്
    പ്രചരിപ്പിക്കുക എന്നത് മഹത്തരമായ ദൌത്യമാണ്!തുടരുക....
    എല്ലാവിധ ആശംസകളും നേരുന്നു

    ReplyDelete
  5. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. നല്ലോരു ചരിത്ര പഠനമായി ഈ പോസ്റ്റ്‌...നന്ദി

    ReplyDelete
    Replies
    1. നല്ലൊരു എന്ന് തിരുത്തി വായിക്കണേ..

      Delete
    2. നന്ദി മുബി സഹോദരി

      Delete
  6. കൊള്ളാം, നല്ലൊരു ബ്ലോഗ്, ആശാനെ കുറിച്ച് അറിയാത്ത കുറെ കാര്യങ്ങൾ അറിയാൻ ഒത്തു... ആശംസകൾ... തുടരുക....

    ReplyDelete
  7. :) പറയാൻ മറന്നു... നല്ല എഴുത്ത് കെട്ടോ

    ReplyDelete
    Replies
    1. നന്ദി വിക്കി പീഡിയയ്ക്ക്

      Delete
  8. ചരിത്രത്തിന്റെ വഴികളിലൂടെ...

    ReplyDelete
  9. അതെ സുധീര്‍ദാസ് ചേട്ടാ

    ReplyDelete