പാലക്കാട്ടെ ചിറ്റൂര്‍ പൊറയത്തു കുടുംബത്തില്‍ ഇ.കെ.കുഞ്ഞന്‍മേനോന്‍ -മീനാക്ഷിക്കുട്ടിയമ്മ ദമ്പതികളുടെ ഇളയസന്താനമായി 1934-ല്‍ പി.ലീല ജനിച്ചു. മാതാപിതാക്കളുടെ അഭിരുചിക്കനുസൃതമായി കുട്ടിക്കാലം മുതല്‍ സംഗീതപഠനമാരംഭിച്ചു. തൃപ്പൂണിത്തുറ മണിഭാഗവതരായിരുന്നു ലീലയുടെ ആദ്യ ഗുരു. പന്ത്രണ്ടാം വയസ്സില്‍ മദ്രാസില്‍ 'ആന്ധ്രാമഹിളാസഭ' യുടെ ആഭിമുഖ്യത്തില്‍ സംഗീതക്കച്ചേരി നടത്തിക്കൊണ്ട് പി.ലീല സംഗീതജീവിതത്തിന് അരങ്ങേറ്റം കുറിച്ചു. ഈ കച്ചേരിയിലൂടെ കിട്ടിയ പ്രശസ്തികൊണ്ട് കൊളംമ്പിയ റെക്കോര്‍ഡിംഗ് കമ്പനിയില്‍ അവര്‍ക്കു ജോലികിട്ടി. 1946-ല്‍ എച്ച്.ആര്.പത്മനാഭശാസ്ത്രിയുടെ സംഗീതത്തില്‍ 'കങ്കണം' എന്ന തമിഴ് ചിത്രത്തില്‍ ''ശ്രീവരലക്ഷ്മി ദിവ്യ....'' എന്ന ഗാനം ആലപിച്ചുകൊണ്ടാണ് ലീല സിനിമാ സംഗീതത്തിലേക്കു വരുന്നത്. രണ്ടാമത്തെ തമിഴ് ചിത്രമായ 'ബില്ഹണ' യിലെ ഗാനങ്ങളും മികച്ചതായിരുന്നു.
മലയാളത്തില്‍ 'നിര്‍മ്മല' എന്ന ചിത്രത്തിലൂടെയാണ് മലയാളസിനിമയിലേക്കുളള ലീലയുടെ അരങ്ങേറ്റം. ആ ചിത്രത്തില്‍ ജി.ശങ്കരക്കുറുപ്പ് രചിച്ച ''പാടുക പൂങ്കുയിലേ കാവുതോറും'' എന്നുതുടങ്ങുന്ന ഗാനം ഗോവിന്ദറാവുവിനോടൊപ്പം പാടിക്കൊണ്ട് ലീല ഒരു ജൈത്രയാത്രയ്ക്ക് തുടക്കം കുറിച്ചു. മലയാളത്തില്‍ പിന്നീട് നിരവധിമികച്ച ചലച്ചിത്രഗാനങ്ങള്‍ അവര്‍ പാടുകയുണ്ടായി. പി ലീല അവസാനമായി പാടിയത് 1998- ല്‍ കെ .ജെ .യേശുദാസിനൊപ്പം തിരകള്‍ക്കപ്പുറം എന്ന സിനിമയിലെ കരയുടെ മാറില്‍ തലോടി എന്ന ഗാനം ആയിരുന്നു
ചലച്ചിത്ര പിന്നണി ഗായികയായി വിജയം നേടിയ അവരുടെ ദാമ്പത്യ ജീവിതം പരാജയമായിരുന്നു. പതിനാലുമാസം മാത്രമേ ആ ബന്ധം നീണ്ടു നിന്നുള്ളൂ .അതിനുശേഷം വിവാഹബന്ധം വേര്‍പ്പെടുത്തിയ ലീല ചെന്നൈയില്‍ സഹോദരിയോടൊത്തു താമസിക്കുകയായിരുന്നു. ആകാശവാണിക്കു വേണ്ടിയും നിരവധി ഗാനങ്ങള്‍ ഇവര്‍ പാടിയിട്ടുണ്ട് . " കായലിനക്കരെ പോകാനെനിക്കൊരു കളി വള്ളമുണ്ടായിരുന്നു " ഇതു ലീലാമ്മ പാടിയ പ്രശസ്തമായൊരു നാടക ഗാനമാണ് .
ചലച്ചിത്രഗാനങ്ങള്‍ക്കൊപ്പം ലളിതഗാനത്തിലും ഭക്തിഗാനത്തിലും , നാടകഗാനത്തിലും പ്രശസ്തി നേടിയ ലീല മലയാളത്തിന്റെ പൂങ്കുയില്‍ എന്നറിയപ്പെടുന്നു. നാരായണീയം,ഹരിനാമകീര്‍ത്തനം,അയ്യപ്പസുപ്രഭാതം,ഗുരുവായൂര്‍ സുപ്രഭാതം, ശ്രീമൂകാംബികാ സുപ്രഭാതം തുടങ്ങിയവ ലീലയെ ഭക്തിഗാനരംഗത്ത് പ്രശസ്തയാക്കി.
മലയാളം,തമിഴ്, തെലുങ്ക്, കന്നഡ, ഗുജറാത്തി, ഹിന്ദി, മറാത്തി തുടങ്ങിയ ഭാഷകളില്‍ പാടിയ ലീല നിരവധി പുരസ്കാരങ്ങളും സ്വന്തമാക്കി. 1940-ല്‍ എര്‍ണാകുളത്തെ ഗേള്‍സ് ഹൈസ്ക്കൂളില്‍ നിന്നു കിട്ടിയ സ്വര്‍ണ്ണമെഡലാണ് ആദ്യ അംഗീകാരം. തുടര്‍ന്ന് ഗാനമണി, ഗാനകോകിലം, സംഗീതസരസ്വതി, കലാരത്നം,കലൈമാമണി, ഭക്തിഗാനതിലകം, ഗാനവര്‍ഷിണി, ഗാനസുധ, സംഗീതനാരായണി തുടങ്ങി അനവധി ബഹുമതികള്‍. 1969-ല്‍ കേരള സര്‍ക്കാരിന്റെ ആദ്യ ചലച്ചിത്രപുരസ്കാരവും 1999-ല്‍ കമുകറ അവാര്‍ഡും കിട്ടി.
കേരള സംഗീതനാടക അക്കാഡമി അവാര്‍ഡ്, ഫിലിം ഫാന്‍സ് അവാര്‍ഡ് തുടങ്ങി ബഹുമതികള്‍ നീളുന്നുപിന്നണിഗായികയ്ക്കുള്ള ആദ്യത്തെ കേരള സംസ്ഥാന അവാര്‍ഡ് 1969 -ല്‍ കടല്‍പ്പാലം എന്ന ചിത്രത്തിലെ “ഉജ്ജയിനിയിലെ ഗായിക “ എന്ന ഗാനത്തിനു ലഭിച്ചു. 2006 -ല്‍ പത്മഭൂഷണ്‍ ലഭിച്ചു. ജ്ഞാനപ്പാന പാടുവാനായി ലീലാമ്മയെ തിരഞ്ഞെടുത്തതില്‍ ഒത്തിരി സന്തോഷം ഉണ്ടായിരുന്നെന്ന് ഒരിക്കല്‍ അവര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞത് ഞാന്‍ ഓര്‍ക്കുന്നു .
സഹോദരിയുടെ കൂടെ താമസിച്ചു വന്നിരുന്ന ലീല കുളിമുറിയില്‍ കാല് വഴുതി വീണു തലക്കു പരിക്കേറ്റതിനെ തുടര്‍ന്ന് സെപ്റ്റംബര്‍ 20 - നു ആശ്രുപത്രിയിലാക്കി . ആസ്മ രോഗിയായ ഇവര്‍ക്ക് തലയില്‍ രക്തസ്രാവമുണ്ടായതിനെ തുടര്‍ന്ന് ശസ്ത്രക്രിയക്കു വിധേയമാക്കിയെങ്കിലും ന്യൂമോണിയ ബാധിച്ചതിനെ തുടര്‍ന്ന് പി ലീല 2005 ഒക്ടോബര്‍ 30 ഞായറാഴ്ച രാത്രി മരണമടഞ്ഞു. എന്തായാലും ആ ശബ്ദ വിസ്മയം നിലച്ചു പോയത് മലയാളികള്‍ക്കൊരിക്കലും നികത്താന്‍ പറ്റാത്ത നഷ്ടം തന്നെയാണ് .
good
ReplyDeletenanni pradeep
ReplyDeletepravaahiny kollaaaam
ReplyDeletenanni siju.
ReplyDelete