Sunday, January 27, 2019

സഹപാഠിയെ തേടിയൊരു യാത്ര ....


2019 ജനുവരി 24 വ്യാഴാഴ്ച  അന്നാണ് അവളുടെ നമ്പർ എനിയ്ക്ക് കിട്ടുന്നത്.  കുറെയേറെ അന്വേക്ഷണങ്ങൾക്കൊടുവിലാണ്  നമ്പർ സംഘടിപ്പിക്കാൻ കഴിഞ്ഞത്.  ദൈവത്തിനോടും അതിന് സഹായിച്ച രണ്ട് കൂട്ടുകാർ അനോജയോടും  ,പ്രിയയോടും  നന്ദി എത്ര പറഞ്ഞാലും  മതി വരില്ല .

ഫ്ലാഷ് ബാക്ക്
---------------------

  ബാങ്ക് മാനേജരുടേയും , ഹോമിയോ ഡോക്ടറുടേയും മകളായ രാജേശ്വരി 1993-ൽ ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് സ്കൂൾ മാറി പോകുന്നത്. അവളുടെ അച്ഛന് സ്ഥലം മാറ്റം ആയതിനാൽ അവൾക്കും , കുടുംബത്തിനും ഇവിടെ നിന്ന് പോകേണ്ടി വന്നു.
പഠിക്കുന്ന സമയത്ത് ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനായി വിടുന്ന സമയത്ത് ഞാനും അവൾക്കൊപ്പം അവളുടെ വീട്ടിൽ പോകുമായിരുന്നു. ദാരിദ്ര്യത്തിന്റെ കയ്പ് വേണ്ടുവോളം അനുഭവിച്ചിട്ടുള്ളതിനാൽ അവളുടെ വീട്ടിൽ നിന്ന് കിട്ടുന്ന ആഹാരം എനിയ്ക്ക് വലിയൊരു ആശ്വാസമായിരുന്നു. അവൾ സമ്മതിക്കില്ല എങ്കിലും അവിടെ ചെറിയ ചെറിയ ജോലികൾ ഞാൻ ചെയ്യുമായിരുന്നു. ബുക്സ് അടുക്കി വയ്ക്കലാണ് പ്രധാന ജോലി. ഇന്നതൊക്കെ ഓർക്കുമ്പോൾ സന്തോഷവും , അഭിമാനവുമാണ്.

             2019 ജനുവരി 25 സമയം രാവിലെ 7.50 . ചെറിയൊരു ആകാംക്ഷയോടെയാണ് ഞാൻ രാജേശ്വരിയെ വിളിച്ചത്.  26 വർഷങ്ങൾക്ക് ശേഷം വിളിക്കയാണ്. ഞാൻ ഓർത്തിരിക്കുന്നത് പോലെ അവൾ എന്നെ ഓർക്കുന്നുണ്ടാകുമോ.
              എന്തായാലും ഫോൺ റിംഗ് ചെയ്യുന്നുണ്ട്. അപ്പുറത്ത് ഫോണും എടുത്തു. രാജേശ്വരിയല്ലേ ഞാൻ ചോദിച്ചു. അതെ എന്ന മറുപടിയും കിട്ടി. ഹൃദയം പെരുമ്പറ കൊട്ടുന്നത് പോലെ ഇടിക്കയാണ്. ആരാണ് മറുപുറത്ത് നിന്നൊരു ചോദ്യം. ഞാൻ പ്രീതയാണ്. ഏഴാം ക്ലാസ് വരെ ഒപ്പം പഠിച്ചതാണ്. നമ്മൾ 5 പേരായിരുന്നു അന്ന് കൂട്ട് . കുറെയേറെ അടയാളങ്ങളും പറഞ്ഞു . തിരക്കായതിനാലാകും അവൾക്ക് പെട്ടെന്ന് എന്നെ ഓർമ്മ വന്നില്ല. പക്ഷേ എന്ത് കൊണ്ടോ ഒട്ടും നിരാശ തോന്നിയില്ല എന്ന് മാത്രമല്ല ശുഭാപ്തി വിശ്വാസവും ഉണ്ടായി. അവളുടെ തിരക്ക് മനസ്സിലാക്കി ഞാൻ ഫോൺ കട്ട് ചെയ്തു.
                     അന്നേ ദിവസം തന്നെ സമയം രാവിലെ 10. 23 അവൾ തിരികെ വിളിച്ചു പെട്ടെന്ന് ഓർക്കാത്തതിൽ ക്ഷമയും പറഞ്ഞു.   അവൾക്ക് തിരിച്ച് വിളിക്കാൻ തോന്നിയതിൽ എനിയ്ക്ക് സന്തോഷം തോന്നി . പിന്നെ വിശേഷങ്ങൾ പങ്കു വച്ചു. വർഷങ്ങൾക്ക് ശേഷം വാട്സ് ആപ്പിൽ  ഫോട്ടോകളിലൂടെ
പരസ്പരം കണ്ടു. ഉടനെ നേരിൽ കാണാൻ കഴിയുമെന്നാണ് പ്രതീക്ഷ