Wednesday, August 12, 2015

ജീവിതം


ഒരു സാധാരണ കുടുംബത്തിലായിരുന്നു ജനിച്ചത്‌. കഷ്ടപ്പാടുകൾ ശരിയ്ക്കും അറിഞ്ഞു തന്നെയാണു വളർന്നത്‌. 4 മക്കളായിരുന്നു. പക്ഷേ നിർഭാഗ്യകരം എന്നു പറയട്ടെ മറ്റേ രണ്ടു പേർക്കും ഈ ഭൂമി കാണാനുള്ള ഭാഗ്യമില്ലാതായി പോയി . പിന്നെ അവളും , ഞാനും മാത്രമായി മക്കളായി . നിസ്സാര തെറ്റുകൾക്ക്‌ പോലും കഠിനമായ ശിക്ഷയാണു അച്ഛൻ തന്നിരുന്നതു. ചോറും , മീനുമൊക്കെ തറയിൽ എടുത്തടിക്കുമായിരുന്നു അച്ഛൻ . തറയിൽ കിടക്കുന്ന ചോറിന്റെ മുകളിലുള്ള നല്ല ഭാഗം വാരി ആർത്തിയോടെ കഴിക്കുമായിരുന്നു.  എത്രയോ രാത്രികളിൽ അച്ഛന്റെ അടിയെ പേടിച്ച്‌ അടുത്തുള്ള അട്ടക്കുഴിയിൽ ഞങ്ങളേയും കൊണ്ട്‌ ഒളിച്ചിരുന്നിട്ടുണ്ട്‌. ഓണക്കാലം വരാൻ കാത്തിരിക്കുമായിരുന്നു. നല്ല ഭക്ഷണം കിട്ടുന്നതു അക്കാലത്താണു .
കൊയ്ത്ത്‌ കഴിഞ്ഞ പാടങ്ങളിൽ പോയി അവിടെ കിടക്കുന്ന നെൽമണികൾ പെറുക്കിയെടുത്ത്‌ കൊണ്ടു വന്നു ഉണക്കി ഉരലിലിട്ട്‌ കുത്തി കഞ്ഞി വച്ചും, അപ്പം ചുട്ടും കഴിച്ചിട്ടുണ്ട്‌. എത്തിരി അറിവായ ശേഷം വിചാരിച്ചിട്ടുണ്ട്‌ വനിതാ കമ്മീഷനിൽ പരാതി കൊടുത്താലോ എന്നു . പിന്നെ അതു വേണ്ടെന്നു വയ്ക്കും .
ഒട്ടും പ്രതീക്ഷിക്കാതെയാണു അസുഖം വന്നെന്നെ പിടി കൂടിയത്‌ . പുറമേ നിന്നും നോക്കുമ്പോൾ  ഒന്നിനും കുറവുള്ളതായി തോന്നില്ല. പോരെങ്കിൽ നാട്ടുകാരുടെ വക പറച്ചിലും എനിയ്ക്കു നെറ്റ്‌  വഴിയൊക്കെ ഒത്തിരി കാശൊക്കെ കിട്ടുന്നു എന്നു. ഒരു തവണ പത്ത്‌ രൂപ എടുത്ത്‌ അരി മേടിക്കാനില്ലാതെ വിശമിച്ച്‌ പോയിട്ടുണ്ട്‌ . ചികിൽസകൾ ഇപ്പോഴും നടക്കുന്നുണ്ട്‌ . ആയുർ വേദമാണു ഇപ്പോൾ ചെയ്യുന്നത്‌. കാശില്ലാതെ വിഷമിക്കുന്ന ഈ അവസരത്തിൽ ഒരു കൂട്ടുകാരന്റെ കൈയ്യിൽ നിന്നും കാശ്‌ കടം മേടിച്ചു . ആരോടും ചിലപ്പോളൊന്നും പറയാൻ കഴിയില്ല.  സ്വന്തം കാലിൽ നിൽക്കണമെന്നു കരുതിയാ മാലയൊക്കെ ഉണ്ടാക്കി തുടങ്ങിയത്‌ . എന്നിട്ട്‌ അവിടേയും രക്ഷയില്ല. മുന്നിൽ വലിയൊരു കടമുണ്ട്‌ . വീടു വയ്ക്കാനായി ഒരു ലക്ഷം രൂപ ലോൺ എടുത്തിട്ട്‌ 6 വർഷമായി . അതു ഇതു വരെ അടയ്ക്കാൻ കഴിഞ്ഞിട്ടില്ല. ഒന്നു രക്ഷപ്പെടാനായി എന്തു ചെയ്തിട്ടും രക്ഷപ്പെടുന്നില്ല. ചികിൽസ മുന്നോട്ട്‌ കൊണ്ടു പോകാനും , ലോൺ അടച്ച്‌ തീർക്കാനുമുള്ള വഴി ആലോചിക്കുമ്പോൾ ചിലപ്പോളെങ്കിലും ഞാൻ എന്തു ചെയ്യണമെന്നറിയാതെ നിൽക്കയാണു . എവിടെ നിന്നാണൊരു കൈ സഹായം കിട്ടുക. ആലോചിക്കുമ്പോൾ മുന്നിൽ വലിയൊരു ശൂന്യത

Saturday, July 18, 2015

ജനറല്‍ ആശുപത്രിയില്‍

മാര്‍ച്ച് 16 മുതല്‍ മേയ് 29 വരെ ജനറല്‍ ആശുപത്രിയില്‍ ആയിരുന്നു ഞാന്‍ . ഫിസിയോ തെറാപ്പി ചെയ്യുന്നതിന് വേണ്ടി പോയതാണ് . ഉടനെ എണീറ്റ് നടക്കാമെന്ന് കരുതിയല്ല. കാലുകളുടെ മസിലുകള്‍ ചുരുങ്ങി പോകാതിരിക്കുന്നതിനു വേണ്ടിയാണ് തെറാപ്പി ചെയ്യാന്‍ പോയത്  . എന്നെ നോക്കിയ ഡോക്ടര്‍ സിന്ദുജയും വളരെ നല്ലൊരു  ഡോക്ടറായിരുന്നു . അവിടത്തെ ചില സ്റ്റാഫുകള്‍ ഒഴിച്ചാല്‍ ബാക്കിയുള്ളവരൊക്കെ സ്നേഹമുള്ളവരാണ് .


എക്സ്റേ എടുക്കാനായി ചെന്നപ്പോള്‍ കൂടെ ആരും ഉണ്ടായിരുന്നില്ല. അവിടത്തെ ഒരു ചേട്ടന്‍ ആണ് കൊണ്ട് പോയത് . അമ്മ ആ സമയത്ത് സ്കാനിംഗ്  ചെയ്യുന്ന സ്ഥലത്ത് ഡേറ്റ് വാങ്ങാന്‍ പോയി . അവിടെ ചെന്നപ്പോള്‍ കൂടെ ആരുമില്ലാത്തതിനു  എക്സ്റേ എടുക്കുന്ന സ്ഥലത്തെ പെണ്ണ്  കുറെ വഴക്ക് പറഞ്ഞു . ഒന്ന് എക്സ്റേ എടുക്കാനുള്ള റ്റേബിളില്‍ എടുത്തിരുത്തുന്നതിനു വേണ്ടി സഹായിക്കാന്‍ പറഞ്ഞപ്പോള്‍ അവളുടെ ഒരു തരം വര്‍ത്തമാനം. ഇതൊന്നും അവരുടെ ജോലിയല്ല എന്ന്. പിന്നെ ആ ചേട്ടന്‍ ഒറ്റയ്ക്ക് താങ്ങിയെടുത്താണ് എന്നെ ആ റ്റേബിളില്‍ ആക്കിയത് .  ഇവളൊക്കെ മനുഷ്യര്‍ ആണോ. ആണുങ്ങള്‍ക്ക് ഉള്ള അത്ര മന: സാക്ഷി പോലും ചില പെണ്ണുങ്ങള്‍ക്ക്‌ കാണില്ല .


അത് കഴിഞ്ഞു  സ്കാനിംഗ് ചെയ്യാന്‍ പോയി .  അവിടെ എന്തൊരു തിരക്കാണ്. എന്നാല്‍ വീല്‍ ചെയറില്‍ ഇരിക്കുന്നവരെ പെട്ടെന്ന് സ്കാന്‍ ചെയ്തു പറഞ്ഞു വിടണ്ടേ . കാലു ഒടിഞ്ഞിട്ടു വന്ന  എത്രയോ പേര്‍ ഒന്നിരിക്കാന്‍ പോലും വയ്യാതെ  നില്‍ക്കുന്ന കാഴ്ചയും കണ്ടു






                                       ഫിസിയോ തെറാപ്പി ചെയ്യുന്ന സ്ഥലം .



 തെറാപ്പി ചെയ്യുന്ന സ്ഥലത്തും ഉണ്ടായി തിക്താനുഭവങ്ങള്‍ . അവിടെ തെറാപ്പി ചെയ്യുന്ന ടേബിളിലും എന്നെ എടുത്താണ് ഇരുത്തുന്നത്‌ .  അത് അവിടെ തെറാപ്പി  കോഴ്സ് ചെയ്യാന്‍ വന്ന രണ്ടു അനിയന്മാര്‍ ആണ്  എടുത്തു ഇരുത്തുന്നത്‌ . അപ്പോള്‍ അവിടെ നിന്ന ഒരുത്തി ചോദിക്കയാ ദിവസവും ഇങ്ങനെ എടുത്തു കയറ്റുകയും, ഇറക്കുകയും ചെയ്യുന്നതിന് കൂലിയുണ്ടോ എന്നോ. എനിയ്ക്ക് അപ്പോള്‍ നല്ല മറുപടി പറയാന്‍ നാക്ക് തരിച്ചു വന്നതാ. പിന്നെ ഞാന്‍ നിയന്ത്രിച്ചു . തെറാപ്പിയുടെ  മെയിന്‍ ആയിട്ടുള്ള കുറെ തെറാപ്പിസ്റ്റുകള്‍ ഉണ്ട് .  അവരൊക്കെ   തെറാപ്പി ചെയ്യുന്നത് ഞാന്‍ വളരെ കുറച്ചേ കണ്ടിട്ടുള്ളു .  ചെന്ന് ഒരാഴ്ച കഴിഞ്ഞപ്പോള്‍ തന്നെ മെയിന്‍ തെറാപ്പിസ്റ്റില്‍ ഒരാള്‍ ചോദിക്ക്കയാ എന്നാ പോകുന്നത് എന്ന് . ഇവിടെ സ്ഥിര താമസത്തിന് വന്നതല്ല ഞാന്‍ എന്ന് പറയാമെന്നു കരുതിയതാ. പിന്നെ വേണ്ടെന്നു വച്ചു .









  സര്‍ക്കാര്‍ ജോലിക്കാരുടെ പെരുമാറ്റം കണ്ടാല്‍ തോന്നും അതൊക്കെ അവരുടെ കുടുംബ സ്വത്ത്‌ ആണെന്ന് .


 ഒരു പാട് നല്ല കൂട്ടുകാരെ കിട്ടി ആശുപത്രിയില്‍ വച്ച് .  എനിയ്ക്ക് കാലിപ്പര്‍ വേണമെന്ന് പറഞ്ഞപ്പോള്‍ ഒരു സ്പോണ്‍സറെ കണ്ടു പിടിച്ചു  തന്ന കുറത്തിയാടന്‍ പ്രദീപ്‌ ചേട്ടനും ,  പിന്നെയാണ്  ആ സ്പോണ്‍സര്‍ രാരി ചേട്ടനാണ് എന്ന് ഞാന്‍ അറിയുന്നത് .  രണ്ടു ചേട്ടന്മാര്‍ക്കും നന്ദിയുണ്ട്  എന്നെ കാലിപ്പര്‍ ഇട്ടു തന്നു കുറച്ചു സമയമെങ്കിലും നില്‍ക്കുന്നതിനു വേണ്ടി സഹായിച്ച തെറാപ്പിസ്റ്റ്   കുട്ടികളായ  രാഹുല്‍, അനീഷ്‌ ,  അഫ്സല്‍ , റാണി , ആതിര , ക്യഷ്ണ പ്രേം, തുടങ്ങിയ തെറാപ്പിസ്റ്റുകളേയും ഞാന്‍ ഒരിക്കലും മറക്കില്ല .






 ക്യഷ്ണ പ്രേം  ഞാന്‍ ഹോസ്പിറ്റലില്‍ നിന്നും  ഡിസ്ചാര്‍ജ്ജ് ആയ ദിവസം ഒരു ക്യഷ്ണന്‍റെ പടവും , ഡയറി മില്‍ക്കിന്‍റെ മിഠായിയും  കൊണ്ട് തന്നു .


 ഇത് വിബിന്‍ . നെയ്യാറ്റിന്‍ കര സ്വദേശി  പനയില്‍ നിന്നും വീണതാണ് .  6 മാസത്തില്‍ കൂടുതല്‍ വിബിന്‍ അവിടെ കിടന്നു. അവന്റെ കൊച്ചച്ചന്‍  ആണ്  നോക്കാനായി ഇരുന്നത് .  ആ ചേട്ടന്‍ എല്ലാവര്‍ക്കും ഒരു സഹായി ആയിരുന്നു .  പിന്നീട് കൊച്ചച്ചന്‍ പോകയും , ആ ചേട്ടന്റെ മകന്‍ നോക്കാനിരിക്കയും ചെയ്തു . ഒരിക്കല്‍ അമ്മ അവിടെ തല ചുറ്റി വീണപ്പോള്‍ ഇവരൊക്കെയാണ് പെട്ടെന്ന് സഹായിക്കാന്‍ ഓടിയെത്തിയത്





 ഇത് അവിടത്തെ റാംമ്പ് . ഇതില്‍ കൂടിയാണ് ഞങ്ങളൊക്കെ തെറാപ്പി ചെയ്യാന്‍ പോകുന്നത് . ഇവിടെ വീല്‍ ചെയറില്‍ സഞ്ചരിയ്ക്കുന്ന രോഗികളെ  ഇറക്കാനും കയറ്റാനും  ഒരു  ജീവനക്കാര്‍ പോലുമില്ലാത്തതാണ്കഷ്ടം .  പുരുഷന്മാരുടെ വാര്‍ഡിലെ രോഗിഅളുടെ കൂട്ടുരിപ്പുകാര്‍ ആണ് പലപ്പോഴും ഈ റാമ്പില്‍  കൂടി കയറാനും, ഇറങ്ങാനും സഹായിക്കുന്നത് . കൂട്ടിരിക്കുന്ന ആണുങ്ങള്‍ സഹായിച്ചില്ലെങ്കില്‍ അവിടെ ഇരിക്കാനേ പറ്റൂ .  പിന്നെ ജനലുകളില്‍ഗ്ലാസ് ഇല്ലാത്തത് കാരണവും ,ഫാനുകള്‍ക്ക് വേണ്ടത്ര കാറ്റ് ഇല്ലാത്തത് കൊണ്ടും ശരിയ്ക്കും  ചൂടും അകമ്പടിയായി  കൊതുകിന്‍റെ  ശല്യവും ,


 ഡിസ്ചാര്‍ജ്ജ്  ആയ ദിവസം ആംബുലന്‍സില്‍ പോകുമ്പോള്‍ അതിനുള്ളില്‍ ഇരുന്നു എടുത്ത ചിത്രങ്ങള്‍



 അവിടെ നിന്നും പോയത് പാലിയം ഇന്ത്യയുടെ അരുമന ഹോസ്പിറ്റലിലേയ്ക്ക് ആയിരുന്നു . . ആ അനുഭവം  പിന്നീട് എഴുതാം

Thursday, April 2, 2015

മാത്യഹ്യദയം

ഏകാന്തത തളം കെട്ടി ഊഷര ഭൂമിയായോരവള്‍ തന്‍ മനതാരില്‍
ഒരു മലര്‍ വസന്തം വിരിയിച്ചു വന്നൊരാ കിളിപൈതലേ
നിന്നെ വാരി പുണരുവാന്‍, ആ മൂര്‍ദ്ധാവിലൊരുമ്മ വച്ചീടുവാന്‍
കൊതിക്കുന്നുണ്ടവള്‍ തന്നിലുള്ളിലെ മാതൃത്വമിപ്പോഴും


കേള്‍ക്കാമവള്‍ക്കിന്നതൊരു നേര്‍ത്ത ശബ്ദമായ്‌. ഒരു ഗദ്ഗദമായ്‌
ആകാശ ചെരുവിലിരുന്നോരാ താരകം മൊഴിയുന്ന വാക്കുകള്‍
‘നിലാവ് തോല്ക്കും നിന്‍ പുഞ്ചിരി കണ്ടസൂയാലുവായ്‌ ദേവന്‍
അല്ലെങ്കില്‍ നിന്നില്‍ നിന്നമ്മയെ കവര്‍ന്നെയടുത്തതെന്തിനീ വിധം


നിന്നെക്കുറിച്ചുള്ള വര്‍ണ്ണന കേള്‍ക്കുന്ന മാത്രയില്‍
പെയ്തിറങ്ങുന്നുണ്ടൊരു കുളിര്‍മഴപോല്‍ നീയവള്‍ തന്നുലുള്ളിലായ്‌

ഓമനേ, മാറോടടക്കി പിടിക്കുവാന്‍ തുടിക്കുന്നു നെഞ്ചകം
നിന്‍ കളിചിരി കാണുവാന്‍ വെമ്പുന്നു കണ്ണുകള്‍ 




നിനക്കേകുവാന്‍ കരുതിയിട്ടുണ്ടവള്‍ക്കുള്ളിലായ്

ഒരമ്മതന്‍ സ്നേഹ-വാല്‍സല്യങ്ങളൊക്കെയും

അവള്‍ തന്നരികില്‍ നിന്നെ കിടത്തിയൊന്നു താരാട്ടു പാടുവാന്‍,
താളം പിടിക്കുവാന്‍, നിശ്വാസങ്ങള്‍ വദനത്തിലേറ്റു വാങ്ങു
വാന്‍ വന്നണഞ്ഞീടുമൊരു സുദിനമെന്നുള്ളതവള്‍ തന്‍  കനവിലൊരായിരം
പ്രകാശ ഗോപുരങ്ങള്‍ തീര്‍ക്കുന്നുണ്ടിപ്പോഴും

Monday, March 16, 2015

പാലിയേറ്റീവ് കെയര്‍ ദിനം

ജനുവരി 15 പാലിയേറ്റീവ് കെയര്‍ ദിനമായിരുന്നു . അന്ന് പാലിയം ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ നടന്ന പരിപാടിയില്‍ ഞങ്ങളേയും കൊണ്ട്  പോയി . ശംഖുമുഖത്തിനടുത്തുള്ള ഡി .റ്റി ..പി ..സി  പാര്‍ക്കില്‍ വച്ചായിരുന്നു  പരിപാടികള്‍ നടന്നത് .  








ചക്ര കസേരയില്‍ കഴിയുന്ന ജ്യോതികുമാര്‍ സഹോദരനാണ്  നിലവിളക്ക് കൊളുത്തി പരിപാടിയ്ക്ക് തുടക്കം കുറിച്ചത് . തുടര്‍ന്ന്‍  പാര്‍വ്വതി  മാഡവും,  പാലിയം ഇന്ത്യയുടെ പിതാവായ  രാജഗോപാല്‍ സാറും , അമേരിക്കയിലെ അയോവാ യൂണിവേഴ്സിറ്റിയില്‍ നിന്ന് വന്ന ജോ മാഡവും, പാലിയം ഇന്ത്യയുടെ പ്രവര്‍ത്തകരിലൊരാളായ മനോജും   വിളക്കിലെ തിരികള്‍ കൊളുത്തി



പാര്‍വ്വതി മാഡം തിരി തെളിയിക്കുന്നു


ജോ മാഡം തിരി തെളിയിക്കുന്നു


പാലിയം ഇന്ത്യയുടെ പിതാവായ  രാജഗോപാല്‍ സാര്‍  തിരി തെളിയിക്കുന്നു



മനോജ്‌ തിരി തെളിയിക്കുന്നു



തുടര്‍ന്ന്‍ രോഗാവസ്ഥയില്‍ കഴിയുന്ന ഓരോരുത്തരും അവരുടെ അനുഭവങ്ങള്‍ പങ്കുവച്ചു  . പാടാന്‍ കഴിവുള്ളവര്‍  പാട്ടുകള്‍ പാടിയും, കവിതകള്‍ ചൊല്ലിയും   ശരിയ്ക്കും രസാവഹമായിരുന്നു പരിപാടികള്‍ . 




 അമ്മച്ചി പാട്ട് പാടുന്നു . രസമുള്ള പാട്ടുകളായിരുന്നു


  ഇത് ലിജ . മുട്ട് മാറ്റി വച്ചതോടെ ഇവള്‍ക്ക് ചക്ര കസേരയില്‍ നിന്നും മോചനം കിട്ടി .   നന്നായി  പാട്ട് പാടും . 


ബാബു . പാലിയം ഇന്ത്യയുടെ പ്രവര്‍ത്തകരില്‍ ഒരാള്‍ . ബാബുവിന്‍റെ ഒരു ഗാനവുമുണ്ടായിരുന്നു


                           അത് കഴിഞ്ഞ് ഉച്ചഭക്ഷണം  കഴിച്ച ശേഷം  രണ്ടു കലാലയങ്ങളില്‍ നിന്നും വന്ന വിദ്യാര്‍ത്ഥി- വിദ്യാര്‍ത്ഥിനികള്‍ അവതരിപ്പിച്ച  വിവിധ കലാ പരിപാടികളും , അനില്‍ പട്ടിമറ്റവും , ഗ്രൂപ്പും അവതരിപ്പിച്ച പാവക്കളിയുമുണ്ടായിരുന്നു . 












പിന്നെ ഞങ്ങളെയെല്ലാം ബീച്ചിലേയ്ക്ക് കൊണ്ട് പോയി .  കടലില്‍ ഇറക്കി . ആര്‍ത്തലച്ച് വരുന്ന തിരമാലകള്‍ കണ്ടപ്പോള്‍ ഞങ്ങളുടെയൊക്കെ മനം  കുളിര്‍ത്തു .  ഞങ്ങളുടെയൊക്കെ അവസ്ഥ അറിയാന്‍ കഴിഞ്ഞതിനാകാം  കടലമ്മയും വലിയ തിരമാലകള്‍ സ്യഷ്ടിച്ചതും  ആ തിരകള്‍ വന്ന്‍ ഞങ്ങളെയൊക്കെ പുല്കിയതും





മനസ്സുകള്‍ കുളിര്‍ന്ന്‍ അടുത്ത വര്‍ഷം കാണാമെന്ന  പ്രതീക്ഷയില്‍  ഞങ്ങളൊക്കെ അവിടുന്ന് യാത്രയായി