Showing posts with label എന്‍റെ സ്വന്തം കവിത. Show all posts
Showing posts with label എന്‍റെ സ്വന്തം കവിത. Show all posts

Sunday, May 1, 2016

കുഞ്ഞു കവിത

കമ്പ്യൂട്ടർ ചീത്തയായി പോയി . അത്‌ കൊണ്ട്‌ ബ്ലോഗ്‌ വായനയോ, ബ്ലോഗെഴുത്തോ നടക്കുന്നില്ല . ഒരു ചെറിയ അധികം പഴക്കമില്ലാത്ത ലാപ്ടോപ്പ്‌ അന്വേക്ഷിക്കുന്നുണ്ട്‌ . കൂട്ടുകാരുടെ അറിവിൽ ആരുടെയെങ്കിലും കൈവശമുണ്ടെങ്കിൽ അറീക്കണേ . ഇതിപ്പോൾ ഫോൺ വഴി വരമൊഴിയുടെ സഹായത്തോടെ എഴുതുന്നതാണ്‌ . തെറ്റുകളുണ്ടെങ്കിൽ ക്ഷമിക്കണം . ടൈപ്പ്‌ ചെയ്യാനുള്ള ബുദ്ധിമുട്ടുള്ളത്‌ കൊണ്ട്‌ ഒരു ചെറിയ കവിത ( കവിത എന്ന് പറയാമോ എന്നറിയില്ല ) ഫെബ്രുവരിയിൽ ഈ മഷിയിൽ പ്രണയ കവിത മത്സരം നടത്തിയപ്പോൾ കൊടുക്കാമെന്ന് കരുതി എഴുതി തുടങ്ങിയതാ . പിന്നെ  ഇത്‌ എന്തോ എഴുതി പൂർത്തിയാക്കാൻ പറ്റിയില്ല . എഴുതിയ വരികളിവിടെ കിടക്കട്ടെ. എന്തായാലും കഷ്ടപ്പെട്ടെഴുതിയതല്ലേ . കിടക്കട്ടെ ബ്ലോഗിൽ

ആദ്യാനുരാഗത്തിന്‍ മന്ദസ്മിതവുമായി
 എന്നിലേയ്ക്കൊഴുകി എത്തിയവളെ
 നിന്‍ മൃദു ഹാസത്തില്‍ ഞാനെന്നെ മറന്നു
 നിൻ അഴകുള്ള പുഞ്ചിരി കാണുവാൻ ഓമലെ
 ഞാനെന്നും കൊതിക്കുന്നു
അകന്നു നീ പോകല്ലേ 
ഈ പാൽ പുഞ്ചിരിയുമായി


Thursday, April 2, 2015

മാത്യഹ്യദയം

ഏകാന്തത തളം കെട്ടി ഊഷര ഭൂമിയായോരവള്‍ തന്‍ മനതാരില്‍
ഒരു മലര്‍ വസന്തം വിരിയിച്ചു വന്നൊരാ കിളിപൈതലേ
നിന്നെ വാരി പുണരുവാന്‍, ആ മൂര്‍ദ്ധാവിലൊരുമ്മ വച്ചീടുവാന്‍
കൊതിക്കുന്നുണ്ടവള്‍ തന്നിലുള്ളിലെ മാതൃത്വമിപ്പോഴും


കേള്‍ക്കാമവള്‍ക്കിന്നതൊരു നേര്‍ത്ത ശബ്ദമായ്‌. ഒരു ഗദ്ഗദമായ്‌
ആകാശ ചെരുവിലിരുന്നോരാ താരകം മൊഴിയുന്ന വാക്കുകള്‍
‘നിലാവ് തോല്ക്കും നിന്‍ പുഞ്ചിരി കണ്ടസൂയാലുവായ്‌ ദേവന്‍
അല്ലെങ്കില്‍ നിന്നില്‍ നിന്നമ്മയെ കവര്‍ന്നെയടുത്തതെന്തിനീ വിധം


നിന്നെക്കുറിച്ചുള്ള വര്‍ണ്ണന കേള്‍ക്കുന്ന മാത്രയില്‍
പെയ്തിറങ്ങുന്നുണ്ടൊരു കുളിര്‍മഴപോല്‍ നീയവള്‍ തന്നുലുള്ളിലായ്‌

ഓമനേ, മാറോടടക്കി പിടിക്കുവാന്‍ തുടിക്കുന്നു നെഞ്ചകം
നിന്‍ കളിചിരി കാണുവാന്‍ വെമ്പുന്നു കണ്ണുകള്‍ 




നിനക്കേകുവാന്‍ കരുതിയിട്ടുണ്ടവള്‍ക്കുള്ളിലായ്

ഒരമ്മതന്‍ സ്നേഹ-വാല്‍സല്യങ്ങളൊക്കെയും

അവള്‍ തന്നരികില്‍ നിന്നെ കിടത്തിയൊന്നു താരാട്ടു പാടുവാന്‍,
താളം പിടിക്കുവാന്‍, നിശ്വാസങ്ങള്‍ വദനത്തിലേറ്റു വാങ്ങു
വാന്‍ വന്നണഞ്ഞീടുമൊരു സുദിനമെന്നുള്ളതവള്‍ തന്‍  കനവിലൊരായിരം
പ്രകാശ ഗോപുരങ്ങള്‍ തീര്‍ക്കുന്നുണ്ടിപ്പോഴും

Wednesday, December 10, 2014

കാലചക്രം

വിധിയുടെ വന്യ വിനോദത്തില്‍ ജീവിതം
  എറിഞ്ഞുടക്കപ്പെട്ടവള്‍ ഞാന്‍ ..
നഷ്ട സ്വപ്‌നങ്ങളുടെ വിഴുപ്പും പേറി പിന്നെയും ജീവിതം  മുന്നോട്ടു നീങ്ങവേ



പിന്നിലേയ്ക്കൊന്നൊഴുകാനും 
നനുത്തയീമണ്ണില്‍ പാദങ്ങളുറപ്പിച്ചു  
 രണ്ടു ചാൺ നടക്കാനും മനസ്സകം വല്ലാതെ തുടികൊട്ടിപ്പോഴെനിയ്ക്ക്  

അന്നു നടന്ന പാതകൾ ഒരുവട്ടം കൂടെ താണ്ടുവാന്‍,
പാട വരമ്പിലെ ചെളിക്കുണ്ടില്‍ വെറുതെയൊന്നിറങ്ങുവാന്‍
പുഴയില്‍ തുടിക്കും പരല്‍മീനുകളെ
ഒറ്റതോര്‍ത്തിലൊന്നു കോരിയെടുക്കുവാന്‍,

വെള്ളയ്ക്കാ കൊണ്ടാ പുഴയിലെ
 തെളി വെള്ളത്തിലൊന്നു കൂടി തട്ടികളിക്കുവാന്‍,
 മാടിവിളിക്കും പുഴയിലെ ഓളങ്ങളില്‍
മുങ്ങാം കുഴിയിട്ടൊന്നു നീന്തി തുടിക്കുവാന്‍ ,

 പടിയിറങ്ങി പോയ പള്ളികൂട വരാന്തയുടെ പടിക്കെട്ടില്‍
നിന്നുമൊരു വട്ടം കൂടെ കുളം കര കളിക്കുവാന്‍ , 
ഒരുവട്ടം, ഒരു വട്ടം മാത്രമെന്‍റെയീ തഴമ്പിച്ചുറച്ച
മെത്തയില്‍ നിന്നെഴുന്നേറ്റീ പാദങ്ങള്‍ മണ്ണിലുറപ്പിച്ചൊന്നു നില്‍ക്കുവാനായെങ്കിലെന്നൊരു മോഹമുണ്ട്..


മരിക്കാതെ മനസ്സില്‍ മഴവില്ല് കെട്ടുന്നു..
അത് മാത്രം , അത് മാത്രം മതിയെനിക്കെന്‍റെ ശിഷ്ടവീഥികളില്‍ തളരാതെ ചിരിക്കുവാനെന്‍റെ കാലമേ....

Wednesday, July 3, 2013

മരണം








മരണത്തിന്റെ മണിയൊച്ച കേട്ടു ഞാന്‍
മരണമെന്ന വാക്കിനെ സ്നേഹിച്ചു തുടങ്ങി
രംഗ ബോധമില്ലാത്ത കോമാളി
കാത്തിരിക്കുന്നുണ്ടാവാം വേദിക്കു പിന്നില്‍.
ജീവിച്ചിരിക്കേ കപട സ്നേഹിതര്‍ ആടുന്ന
നാടകത്തില്‍ പാടെ
വിശ്വസിച്ചു പോകയാണ് മൂഢർ


ജീവനൊടുങ്ങുവതില്‍ പിന്നെ കാട്ടുന്നു
യഥാർത്ഥ മുഖമാ ക്രൂരർ

വാങ്ങിക്കൂട്ടിയ സ്നേഹത്തിനൊട്ടും വില നല്കാതെ
സ്വയമുയരാന്‍ മുതലെടുപ്പ് നടത്തുന്നു
കിട്ടിയ സ്നേഹത്തിനു പകരം നല്കാനാവാതെ

മിഴിച്ചു നില്‍ക്കേ മര്‍ത്യന്‍ കാട്ടി കൂട്ടുന്നു
ആത്മാവിനോട് പോലും നീതികേട്‌,


ഹേ !മരണമേ ഇതാണ് മണ്ണിലെ സ്നേഹം
വയ്യ കാണുവാന്‍, എനിയ്ക്കീ പൊയ് മുഖങ്ങള്‍
വന്നു നീ പുല്‍കുക എന്നേയും കൂടേ...
ഇനിയീ വേദിയില്‍ തുടങ്ങട്ടെ.
മൃത്യുവേ നിന്റെ താണ്ഡവം.....

Saturday, April 27, 2013

ജീവിത തോണി






കാലമാം സാഗരമിതില്‍ .
ജീവിത നൗക തുഴഞ്ഞു ഞാൻ
വിധിയോട് പൊരുതി മുന്നേറവേ,
തോറ്റു കൊടുക്കാന്

മനസ്സില്ലായെന്നു പറഞ്ഞതിന്
വീണ്ടും വിധിയെന്നെ തോൽപ്പിച്ചു.

മനസ്സ് മുറിക്കുന്ന മുദ്രകൾ
ചാർത്തി വിളിച്ചൂ ലോകം.
വഴി പിഴച്ചവളെന്നും, വേശ്യയെന്നും.


ജീവിത വീഥിയിൽ പാറി നടക്കവേ
പാതി തളർന്നു വീണു പോയവൾ,
ഒരു കൈത്താങ്ങിനായി
യാചിച്ചു പോയതാണ്
അതിനു വേണ്ടിയിവൾ ചെയ്ത തെറ്റ്..


ജീവിതം തന്നെയൊടുക്കീടുവാൻ,
തോന്നിയ നിമിഷങ്ങളില്‍,
മനസ്സ് മരവിപ്പിച്ച അപവാദങ്ങൾ തൻ ചുഴിയിൽ
പിന്നെയും നീറി പുകഞ്ഞുവെങ്കിലും.
തോൽക്കാൻ മനസ്സില്ലാതെ
ജീവിക്കുവാൻ കാട്ടിയ തന്റേടത്തിന്
അഹങ്കാരമെന്നു പേർ ചാർത്തി.


വാക്കാം കല്ലുകൾ കൊണ്ടെറിഞ്ഞു.
കരളു മുറിച്ചു രസിച്ചൂ പിന്നേയും
ക്രൂര മുഖങ്ങൾ ...

എങ്കിലും കണ്ടു ഞാനൊത്തിരി
കാരുണ്യത്തിൻ മുഖങ്ങൾ
മണ്ണിൽ മരിക്കാത്ത ദയയുടെ തണലുകൾ.


ക്രിസ്തുവിനെ ക്രൂശിച്ചൊരീ ലോകം
എന്നേയും ക്രൂശിലേറ്റവേ,
സങ്കടക്കടലിൽ ആണ്ടു ഞാൻ.
കപടത നിറഞ്ഞൊരീ ലോകത്തിൽ
കാപട്യമില്ലാത്ത മുഖങ്ങൾ തിരഞ്ഞു നടക്കവേ.

അർത്ഥ ശൂന്യമാം സഹതാപ -
ചുഴിയിൽ പുളഞ്ഞു ഞാൻ .
വിധിയോട് പൊരുതി തളർന്ന എൻ മനം,
വിധി തൻ ആനന്ദ നൃത്തവും കണ്ടു


വീണ്ടുമൊരിറ്റു ശക്തിയാര്‍ജ്ജിച്ചൊരെന്‍ മനം
പൊരുതുവാന്‍ തന്നെ ഉറച്ചീടവേ,
ജീവിത വിജയം പ്രതീക്ഷയായ്
മുന്നില്‍ കണ്ടു ഞാൻ ...
പതിയെ അലിയുന്നു ജീവിത സാഗരമിതിൽ .....


( ഞാന്‍ ആദ്മായി എഴുതിവിയാണ്‍ . എന്തെങ്കിലും പോരായ്കള്‍ ഉണ്ടെങ്കില്‍ ക്മിക്ണം . തിനെ രൂത്തില്‍ ആക്കി ന്ഷാലിയ്ക്കും ഈ അത്തില്‍ ന്ദി രേഖപ്പെടുത്തി കൊള്ളുന്നു )