Thursday, January 17, 2013

ഒരു ഓര്‍മ്മക്കുറിപ്പ്

ചിലരൊക്കെ നമ്മുട ജീവിതത്തില്‍ സ്വാധീനം ചെലുത്താറുണ്ട്. അതു മനസ്സിലാക്കുമ്പോഴേയ്ക്കും  ചിലപ്പോള്‍  വൈകി പോയിരിക്കും . അവന്‍ എനിയ്ക്ക്  അനിയന്‍ , സഹോദരന്‍ അതിനും അപ്പുറം എനിയ്ക്കു അവനോട് ഉണ്ടായിരുന്നത് വാത്സല്യം ആയിരുന്നു . എപ്പോഴാണ്‍ ഞാന്‍ അവനെ പരിചയപ്പെട്ടത് എന്നും അറിയില്ല. പക്ഷേ  ആ പരിചയം  അവന്‍റെ ബ്ലോഗുകളിലേയ്ക്കും നീണ്ടു. 
 അവനെ കാണണമെന്ന് എനിയ്ക്കു വലിയ ആഗ്രഹം ആയിരുന്നു.  എന്നാല്‍ എനിയ്ക്കു അതിനു കഴിഞ്ഞില്ല.
           കഴിഞ്ഞ വ്യഴാഴ്ച  എന്‍റെ ഒരു കൂട്ടുകാരി ഡല്‍ഹിയില്‍ നിന്നു വിളിച്ചു ആ ഞെട്ടിക്കുന്ന വാര്‍ത്ത പറഞ്ഞു . എനിയ്ക്ക് അതു വിശ്വസിക്കാന്‍ കഴിഞ്ഞില്ല. കാരണം അതിന്‍റെ തലേ ദിവസം കൂടി ഞാന്‍ അവനെ ഓണ്‍ ലൈനില്‍ കണ്ടതാണ്‍. . ഞാന്‍ അവളുടെ കോള്‍ കട്ട് ചെയ്തിട്ടു അവന്‍റെ ഫോണ്‍  നമ്പരിലേയ്ക്ക് വിളിച്ചു. കേട്ട വാര്‍ത്ത സത്യമാകരുതേ എന്ന പ്രാര്‍ത്ഥനയോടെ . പക്ഷേ കേട്ട വാര്‍ത്ത സത്യമായിരുന്നു.ഹൊ! ആ രംഗം ഇപ്പോഴും ഓര്‍ക്കാന്‍ വയ്യ.
 അവനു ഹ്യദയ സംബന്ധമായ അസുഖം ഉണ്ടായിരുന്നു. അത് ഒരിക്കല്‍ അവന്‍ എന്നോട് പറയുകയും ചെയ്തു . എന്നിട്ടു പറഞ്ഞു . ചേച്ചി ഇതു ആരോടും പറയരുത് . കാരണം എന്നെ ആരും സഹതാപത്തോടെ നോക്കുന്നത് ഇഷ്ടമല്ല എന്ന്. ഞാന്‍ ആരോടും പറയില്ല എന്നു വാക്കും കൊടുത്തു. ഞാന്‍ പുണ്യവാളന്‍ എന്ന ഷിനു ഈ ലോകത്തോട് വിട പറഞ്ഞിട്ട് ഇന്ന് ഒരാഴ്ച . ഇപ്പോഴും ആ ആഘാതം മാറിയിട്ടില്ല. എന്തൊരു ശക്തിയുള്ള എഴുത്ത് ആയിരുന്നു പുണ്യവാളന്‍റേത് .പുണ്യനെ കുറിച്ച് ഇനിയും പറയണമെന്നുണ്ടായിരുന്നു . വാക്കുകള്‍ കിട്ടുന്നില്ല.
 പുണ്യനു സമം പുണ്യന്‍ മാത്രം . 

Thursday, January 10, 2013

ആദരാഞ്ജലികള്‍








ഇന്നു രാവിലെ തന്നെ ഞെട്ടിക്കുന്ന ഒരു വാര്‍ത്തയാണ്‍ ഞാന്‍ കേട്ടത് . ഒരിക്കലും വിശ്വസിക്കാന്‍ കഴിയുന്നില്ല. നമ്മളൊക്കെ സ്നേഹത്തോടെ ഞാന്‍ പുണ്യവാളന്‍ എന്നു വിളിക്കുന്ന പുണ്യന്‍ നമ്മെ ഒക്കെ വിട്ടു പിരിഞ്ഞു എന്ന് . സഹിക്കാന്‍ കഴിയുന്നില്ല മോനെ. നീ ഇപ്പോഴും ഞങ്ങളുടെ കൂടെ ഉണ്ട് . നീ പോയി എന്നു വിശ്വസിക്കാന്‍ കഴിയുന്നില്ല. ഇതു സഹിക്കാവുന്നതിനും അപ്പുറത്ത് ആണ്‍ . നിനക്കു മരണമില്ല . അതു കൊണ്ട് നിനക്ക്  ആദരാഞ്ജലികള്‍ പറയാന്‍ കഴിയുന്നില്ല.  നീ എപ്പോഴും കൂടെ ഉണ്ട് എന്നു തന്നെ വിശ്വസിക്കാനാ എനിയ്ക്കു ഇഷ്ടം

Monday, December 31, 2012

ഒട്ടും പ്രതീക്ഷിക്കാതെ നടന്നത്

ഡിസംബര്‍ 3 ലോക വികലാംഗ ദിനം . അതിനോട് അനുബന്ധിച്ചുള്ള പരിപാടികള്‍ നടന്നത് ഡിസംബര്‍ 8 ശനിയാഴ്ച . അന്നേ ദിവസം രാവിലെ 8 .30 നു ഒരു ടാക്സിയില്‍ ഞാനും, അമ്മയും  തിരുവനന്തപുരത്തേയ്ക്ക് തിരിച്ചു .  വഴിയില്‍ വച്ചു ഒരു കൂട്ടുകാരനേയും കണ്ടു. കൂട്ടുകാരനോട് യാത്ര പറഞ്ഞ്  ചാക്ക വഴി നേരെ പരിപാടി നടക്കുന്ന അട്ടകുളങ്ങര സ്കൂളില്‍ എത്തി . 
                
 കോട്ടയ്ക്കകം . ഞാന്‍ ആദ്യമായാണ്‍ കോട്ടയ്ക്കകം കാണുന്നത്.

 









  എനിയ്ക്ക് ഭാഗ്യം ഇല്ലാതെ പോയി. ഞാന്‍ സ്കൂളിന്റെ ഗേറ്റില്‍ എത്തിയപ്പോഴേക്കും കേന്ദ്ര മന്ത്രി ശശി തരൂര്‍ സര്‍  ഉദ്ഘാടനം ചെയ്തു പോയിരുന്നു . പിന്നെ വികലാംഗ ക്ഷേമ സമതിയിലെ ചേട്ടന്‍ കളക്ടറെ പരിചയപ്പെടുത്തി തന്നു . അദ്ദേഹത്തോടൊപ്പം നിന്ന് ഫോട്ടോ എടുക്കാനും കഴിഞ്ഞു











 പിന്നീട് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റു രമണി . പി. നായര്‍ മാഡത്തിനോടൊപ്പം കുറച്ചു സമയം .


 











അത് കഴിഞ്ഞു ലിറ്റില്‍ ഫ്ളവര്‍ കോണ്‍വന്റിലെ കുട്ടികളുടെ കലാ പരിപാടികള്‍ കണ്ടു. 
ശരിക്കും ഈ കുട്ടികളുടെ ന്യത്തങ്ങള്‍ കണ്ടപ്പോള്‍ എനിയ്ക്കു സന്തോഷവും, അഭിമാനവും തോന്നി. കാരണം ഇവരും എന്നെ പോളെ നടക്കാന്‍ കഴിയാത്തവര്‍ ആയിരുന്നു. എന്നിട്ടും ഇവര്‍  ആ സ്റ്റേജില്‍  തറയില്‍ ഇരുന്നു കോണ്ട്  എത്ര ഭംഗിയായിട്ടാണ്‍ ന്യത്തം ചെയ്തത് . പിന്നെ ഒരു പാട്  ആള്‍ക്കാരെ പരിചയപ്പെടാന്‍ കഴിഞ്ഞു.  







 അതു കഴിഞ്ഞ് ഞാന്‍ അവിടെയിരിക്കുമ്പോള്‍ സംസാരിക്കാന്‍ കഴിയാത്ത കുറച്ചു കുട്ടികള്‍ വന്നു അവരുടെ ചിത്രങ്ങള്‍ എടുക്കാമോ എന്ന് ചോദിച്ചു. ഞാന്‍ സന്തോഷത്തോടെ അവരുടെ ചിത്രങ്ങള്‍ എടുത്തു. അപ്പോള്‍ അവര്‍ക്ക് ഉണ്ടായ സന്തോഷം .  അതൊന്നും മറക്കാന്‍ കഴിയില്ല 
                                 എന്റെ  എല്ലാ കൂട്ടുകാര്‍ക്കും എന്റെ  ഹ്യദയം നിറഞ്ഞ പുതുവത്സരാശംസകള്‍ 

Tuesday, December 11, 2012

മുഖചിത്രം

നമസ്ക്കാരം . എല്ലാവര്‍ക്കും സുഖമല്ലേ. ഇത്തിരി തിരക്കായി പോയി. ജീവിതത്തിന്‍റെ രണ്ടറ്റവും കൂട്ടി മുട്ടിക്കാനുള്ള ഓട്ടമാണ്‍. അതു കൊണ്ടാണ്‍  എഴുതാന്‍ താമസ്സിച്ചതു. എല്ലാവരും എന്നോട് ക്ഷമിക്കൂ.
                          ജീവിതത്തില്‍ പലപ്പോഴും സംഭവിക്കുന്നതു ഒട്ടും പ്രതീക്ഷിക്കാത്ത സംഭവങ്ങളാകും . അങ്ങനെ സംഭവിച്ചൊരു കാര്യമാണ്‍ ഞാന്‍ ഇവിടെ എഴുതുന്നതു. ഒക്ടോബര്‍ 8 നു ആയിരുന്നു ഈ വര്‍ഷത്തെ ലോക പാലിയേറ്റീവ് കെയര്‍ ദിനം . അന്നു ശംഖുമുഖം കടൽപ്പുറത്തൊക്കെ കൊണ്ടു പോയി. ശരിക്കും പുറത്തിറങ്ങാന്‍ കഴിയാത്ത എന്നെ പോലുള്ളവര്‍ക്കു അതൊരു അനുഭവം തന്നെയാണ്‍. 
                                                                  ഞങ്ങളുടെ പാലിയേറ്റീവ് കെയറിനു  ഒരു മാഗസിന്‍ ഉണ്ടു . സഹയാത്ര എന്നാണ്‍ മാഗസിന്‍റെ പേര്‍. പാലിയേറ്റീവ് കെയറിന്‍റെ പരിപാടികളെ കുറിച്ചുള്ള വിവരണവുമായി മാഗസിന്‍ ഇറങ്ങി .  വളരെ കൌതുകത്തോടെ മാഗസിന്‍ കൈയ്യില്‍ കിട്ടുന്നതും കാത്തിരുന്നു . അങ്ങനെ ആ കാത്തിരുന്ന ദിവസം വന്നെത്തി . പോസ്റ്റ് വുമണ്‍  മാഗസിന്‍ കൊണ്ടു തന്നു. ഞാന്‍ വളരെ ആകാംക്ഷയോടെ മാഗസിന് തുറന്നു. ആദ്യം ഒരു ഞെട്ടലും, പിന്നെ സന്തോഷവും തോന്നിയെനിയ്ക്കു . കാരണം എന്തെന്നല്ലേ ഇപ്പോള്‍ ചിന്തിക്കുന്നതു. ഞാന്‍ പറയാം . ആ മാഗസിന്‍റെ മുഖചിത്രം ഞാന്‍ ആയിരുന്നു 
എനിയ്ക്കു പറഞ്ഞറിയിക്കാനാവാത്ത സന്തോഷം തോന്നി.  . ഞാന്‍ നടക്കുന്ന സമയത്ത്  മനോരമ, മംഗളം തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍  ഓരോരുത്തരുടെ ചിത്രങ്ങള്‍ ഇതു പോലെ കവര്‍ ചിത്രമായി വരുമ്പോള്‍  അന്നു ഒത്തിരി ആഗ്രഹിച്ചിറ്റുണ്ട്. എന്‍റെ ചിത്രം കൂടി  ഇതു പോലെ മുഖചിത്രമായി വരണമെന്നു . അതിനുള്ള യോഗം  എനിയ്ക്കു ഉണ്ടായതു  എന്‍റെ ഈ അവസ്ഥയില്‍ ഇരിക്കുമ്പോള്‍  ആണ്‍. എന്‍റെ ഈ സന്തോഷം ഞാന്‍ എല്ലാവരുമായും പങ്കു വയ്ക്കുന്നു .
 സ്നേഹത്തോടെ പ്രവാഹിനി